Kerala
വനവിഭവം ശേഖരിക്കാന്‍ പോയ ലോഡിംഗ് തൊഴിലാളിയെ കാട്ടാന കുത്തിക്കൊന്നു
പത്തനംതിട്ട | ആദിവാസിയായ സുഹൃത്തിന്റെ ക്ഷണപ്രകാരം വനവിഭവം ശേഖരിക്കാന്‍ പോയ ലോഡിംഗ് തൊഴിലാളിയെ കാട്ടാന കുത്തിക്കൊന്നു. കൊക്കാത്തോട് നെല്ലിക്കാംപാറ വടക്കേ ചരുവില്‍ വി ജി ഷാജി (49)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കോട്ടമണ്‍പാറ കുറിച്ചി വനമേഖലയിലായിരുന്നു സംഭവം. കോട്ടമണ്‍പാറ ആദിവാസി കോളനിയിലെ രവിയുടെ ക്ഷണം സ്വീകരിച്ചാണ് പൊന്നാമ്ബൂ അടക്കമുള്ള വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഷാജിയും സുഹൃത്തുക്കളായ സുനില്‍, റെജി എന്നിവരും പോയത്.
കാട്ടില്‍ വിഭവം ശേഖരിക്കുന്നതിനിടെ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. മറ്റു മൂന്നുപേര്‍ക്കും ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞു. ഷാജിയെ ആന കുത്തിവീഴ്ത്തി. ഭയന്നോടിയ ശേഷിച്ച മൂന്നുപേരും മണിക്കൂറുകള്‍ക്ക് ശേഷമാണ് നാട്ടിലെത്തി വിവരം അറിയിച്ചത്.
മൃതദേഹം സംഭവസ്ഥലത്തു തന്നെ കിടക്കുകയാണ്. കനത്ത മഴയും പ്രതികൂലകാലാവസ്ഥയും കാരണം വനപാലകര്‍ സ്ഥലത്തേക്ക് പോകാന്‍ തയാറായിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ വനപാലകരും പൊലീസും അടങ്ങുന്ന സംഘം സംഭവസ്ഥലത്തേക്ക് പോകും. കടുവ അടക്കമുള്ള കാട്ടുമൃഗങ്ങള്‍ വിഹരിക്കുന്ന പ്രദേശമാണിത്. അതുകാരണം മൃതദേഹത്തിന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയുമുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഫോറസ്റ്റ് വാച്ചറായ രവിയെ ഇവിടെ വച്ചാണ് കടുവ കൊന്ന് ഭക്ഷിച്ചത്.