Connect with us

Fact Check

#FACTCHECK: ഛത്തീസ്ഗഢില്‍ മുസ്ലിംകള്‍ക്ക് വാക്‌സിനേഷന്‍ പള്ളിയില്‍ വെച്ചോ?

Published

|

Last Updated

കൊവിഡ് വാക്‌സിനേഷന് വേണ്ടി ഛത്തീസ്ഗഢില്‍ മസ്ജിദിന് പുറത്ത് മുസ്ലിം സ്ത്രീകള്‍ വരി നില്‍ക്കുന്നുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢില്‍ മുസ്ലിംകള്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കുന്നുവെന്നാണ് പ്രചരിപ്പിക്കുന്നത്. ഇതിലെ സത്യാവസ്ഥയറിയാം:

പ്രചാരണം: ഛത്തീസ്ഗഢിലെ കൊര്‍ബയില്‍ മുസ്ലിംകള്‍ക്ക് മാത്രമായി മസ്ജിദില്‍ വാക്‌സിനേഷന്‍ കേന്ദ്രം തുറന്നിരിക്കുന്നു. അവര്‍ക്ക് സൗജന്യ റേഷനുമുണ്ട്. ഇത് വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണ്. ഈ വീഡിയോയില്‍ സ്ത്രീകള്‍ വരി നില്‍ക്കുന്നത് വാക്‌സിനെടുക്കാനാണ്.

വസ്തുത: പ്രചരിക്കുന്ന വീഡിയോയിലെ ഷോപ്പുകളിലെ ബോര്‍ഡിലുള്ളത് മുസാഫര്‍നഗര്‍ എന്നാണ്. ഡോ.ലാല്‍സ് പാത്ത്‌ലാബ്, ബേങ്ക് ഓഫ് ബറോഡ, ഗുരു ഗോബിന്ദ് സിംഗ് പബ്ലിക് സ്‌കൂള്‍ എന്നിവയുടെ ബോര്‍ഡുകള്‍ കാണാം. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ഗനഗറില്‍ ഗാന്ധി കോളനിയിലാണ് ഈ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

2020 ഏപ്രില്‍ 18ന് ട്വിറ്റര്‍ ബാബു എന്ന യുട്യൂബ് ചാനലില്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതേ വര്‍ഷം ഏപ്രില്‍ 20ന് ന്യൂസ്18 വീഡിയോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒന്നാം കൊവിഡ് തരംഗ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച 500 രൂപ പിന്‍വലിക്കാന്‍ വരി നില്‍ക്കുന്നവരാണ് ഈ സ്ത്രീകള്‍. ഈ 500 രൂപ പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തിരികെയെടുക്കുമെന്ന് അന്ന് വ്യാജ പ്രചാരണമുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങളുടെ വ്യാജ പ്രചാരണം.

Latest