Connect with us

National

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വില്‍പന; കൊള്ളലാഭം തടയാന്‍ കേന്ദ്ര നടപടി

Published

|

Last Updated

ന്യൂഡല്‍ഹി | കോവിഡ് 19 മഹാമാരി മൂലം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ എംആര്‍പി യില്‍ സമീപകാലത്ത് നിരന്തരം വ്യതിയാനം ഉണ്ടാകുന്ന അസാധാരണമായ സാഹചര്യം കണക്കിലെടുത്ത്, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വില ഘട്ടംഘട്ടമായി നിയന്ത്രിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ശേഖരിച്ച വിവരമനുസരിച്ച്, വിതരണക്കാരന്റെ തലം വരെയുള്ള ലാഭം നിലവില്‍ 198% വരെയാണ്.

2013ലെ മരുന്ന് വില നിയന്ത്രണ ഉത്തരവിന്റെ പത്തൊമ്പതാം ഖണ്ഡികയില്‍ അസാധാരണ അധികാരം ഉപയോഗിച്ചുകൊണ്ട് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വിതരണക്കാരുടെ തലം വരെയുള്ള ലാഭം 70% ആക്കി നിയന്ത്രിച്ചു. വിജ്ഞാപനം ചെയ്ത വിപണന ലാഭത്തിന്റെ അടിസ്ഥാനത്തില്‍, പുതുക്കിയ എംആര്‍പി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ എന്‍പിപിഎ നിര്‍മ്മാതാക്കള്‍ക്കും ഇറക്കുമതിക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കി. പുതുക്കിയ എംആര്‍പി സംബന്ധിച്ച് എന്‍പിപിഎ ഒരാഴ്ചയ്ക്കുള്ളില്‍ പൊതു അറിയിപ്പ് നല്‍കും.

ഉല്പാദകര്‍ നല്‍കുന്ന വില ചില്ലറ വില്‍പ്പനക്കാര്‍, വ്യാപാരികള്‍, ആശുപത്രികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ അവരുടെ വ്യാപാര കേന്ദ്രം / സ്ഥാപനം സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് കാണാവുന്ന വിധത്തില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. ട്രേഡ് മാര്‍ജിന്‍ കുറച്ചതിനുശേഷം പുതുക്കിയ എംആര്‍പിയില്‍ ഓക്്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വില്‍ക്കാത്ത നിര്‍മ്മാതാക്കള്‍ / ഇറക്കുമതിക്കാര്‍, എന്നിവര്‍ അമിതമായി ഈടാക്കിയ തുക,15% പലിശയോടൊപ്പം ഒടുക്കേണ്ടതാണ്. കൂടാതെ, മരുന്ന് (വില നിയന്ത്രണ) ഉത്തരവ് 2013 ലെ വ്യവസ്ഥകള്‍ പ്രകാരവും അവശ്യ ചരക്ക് നിയമം, 1955 പ്രകാരവും 100% വരെ പിഴയും നല്‍കണമെന്ന് കേന്ദ്രം വ്യക്തമാക്കി.

കരിഞ്ചന്തയിലെ വില്പന തടയുന്നതിനായി, നിര്‍മ്മാതാവ്, വിതരണക്കാരന്‍, ചില്ലറ വ്യാപാരി എന്നിവര്‍ പരിഷ്‌കരിച്ച എംആര്‍പിയെക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് ഏതെങ്കിലും ഉപഭോക്താവിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വില്‍ക്കില്ലെന്ന് ഉറപ്പാക്കുന്നതിന് സ്റ്റേറ്റ് ഡ്രഗ് കണ്‍ട്രോളര്‍മാര്‍ (എസ്ഡിസി) ഈ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം. വിലയിരുത്തലിന് വിധേയമായി 2021 നവംബര്‍ 30 വരെ ഈ ഉത്തരവ് ബാധകമാണ്.

Latest