Connect with us

Articles

ജീവിതാവസ്ഥകളുടെ നൈസർഗികാഖ്യാനങ്ങൾ

Published

|

Last Updated

ആധുനിക ചെറുകഥയുടെ ആചാര്യന്മാരിൽ പ്രമുഖനാണ് ഒ ഹെൻറി എന്ന പേരിൽ വിഖ്യാതനായ വില്യം സിഡ്‌നി പോർട്ടർ. പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ സാഹിത്യം ലോകത്തിനു സമ്മാനിച്ച അനശ്വര പ്രതിഭയാണദ്ദേഹം.

1862ൽ നോർത്ത് കരോളിനായിലെ ഗ്രീൻസ് ബറോയിൽ ഒരു സാധാരണ കുടുംബത്തിലാണ് വില്യം സിഡ്‌നി പോർട്ടർ ജനിച്ചത്. ഒരു ഭിഷഗ്വരനായിരുന്നു പിതാവ്. ചെറുപ്പം മുതൽപുസ്തകങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വില്യമിന്റെ ഔപചാരിക വിദ്യാഭ്യാസം പതിനഞ്ചാം വയസ്സിൽ അവസാനിക്കുകയാണുണ്ടായത്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ നട്ടംതിരിയുകയായിരുന്ന കുടുംബത്തെ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് അദ്ദേഹം പഠനമുപേക്ഷിച്ചത്. തുടർന്ന് ചെറുതും വലുതുമായ നിരവധി ജോലികളിൽ വില്യം വ്യാപൃതനായി. അപ്പോഴൊക്കെ മനസ്സിൽ കത്തിനിന്ന അക്ഷരങ്ങളോടുള്ള ആഭിമുഖ്യം അദ്ദേഹം കെടാതെ സൂക്ഷിക്കുകയായിരുന്നു. 1884 ൽ “ദി റോളിംഗ് സ്റ്റോൺ” എന്ന പേരിൽ ഒരു ഹാസ്യ മാസിക തുടങ്ങിയെങ്കിലും സാമ്പത്തിക തടസ്സങ്ങൾ മൂലം അത് മുന്നോട്ടുകൊണ്ടുപോകാനായില്ല. അതിനു ശേഷം അദ്ദേഹം ഹൂസ്റ്റൺ പോസ്റ്റ് പത്രത്തിൽ റിപ്പോർട്ടറായി ചേർന്നു.
തികച്ചും അപ്രതീക്ഷിതമായാണ് വില്യം സിഡ്‌നി പോർട്ടർ ചെറുകഥയുടെ ഭൂമികയിലേക്ക് പ്രവേശിച്ചത്. 1897ൽ ഓസ്റ്റിനിലെ നാഷനൽ ബേങ്കിൽ ജോലി ചെയ്യുമ്പോൾ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. സത്യത്തിൽ തികച്ചും സാങ്കേതികമായ ചില കുഴപ്പങ്ങളുടെ പേരിൽ ക്രൂശിക്കപ്പെടുകയായിരുന്നു അദ്ദേഹം. തടവറയിൽ കഴിഞ്ഞ കാലത്താണ് കഥയെഴുത്തിനെക്കുറിച്ചുള്ള ചിന്തകൾ അദ്ദേഹത്തിന്റെ മനസ്സിൽ സജീവമായത്. അനാഥയായ മകളെ സാമ്പത്തികമായി സഹായിക്കാനുള്ള ഉപാധിയായിട്ടാണ് കഥയെഴുത്തിനെ അദ്ദേഹം സ്വീകരിച്ചത്. അതിനെത്തുടർന്ന് ഒ ഹെൻറി എന്ന തൂലികാനാമം സ്വീകരിച്ച് അദ്ദേഹം കഥയെഴുത്ത് തുടങ്ങി.
1902ൽ ജയിൽമോചിതനായ ശേഷം ഒ ഹെൻറി ന്യൂയോർക്കിലേക്ക് പോയി. അവിടെവെച്ചാണ് അദ്ദേഹം കഥയെഴുത്തിന്റെ കൊടുമുടികൾ കീഴടക്കിയത്. തുടർന്ന് ആഴ്ചയിലൊന്ന് എന്ന കണക്കിൽ നിരന്തരം കഥകളെഴുതി. 1904ൽ ആദ്യ കഥാസമാഹാരമായ “കാബേജസ് ആൻഡ് കിംഗ്സ്” പുറത്തിറങ്ങി. ദി ഫോർ മില്യൺ (1906), ദി ട്രിംഡ് ലാംപ് (1907), ഹാർട്ട് ഓഫ് ദി വെസ്റ്റ് (1907) എന്നിവ ആ കാലഘട്ടത്തിലെ പ്രധാന കഥാസമാഹാരങ്ങളാണ്.
ഏകദേശം അറുനൂറിലധികം ചെറുകഥകളാണ് കൃതഹസ്തനായ ഈ കഥാകാരൻ വായനാലോകത്തിന് സമ്മാനിച്ചത്. പ്രതിപാദ്യ വിഷയത്തിൽ വ്യത്യസ്തത പുലർത്തുന്ന ആ കഥകളെല്ലാം ന്യൂയോർക്ക് നഗരത്തിലെ ചെറുകിട ഉദ്യോഗസ്ഥരും കച്ചവടക്കാരും തൊഴിലാളികളും കള്ളന്മാരും തൊഴിൽരഹിതരും പോലീസുകാരുമുൾപ്പെടുന്ന സാധാരണ ജനതയുടെ ദൈനംദിന ജീവസ്പന്ദനങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ്. കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളെ അതീവ നൈസർഗികതയോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സ്നേഹവും ത്യാഗവും ചതിയും അസൂയയും കുടിലതയും നിറഞ്ഞ മനുഷ്യാവസ്ഥയുടെ അമ്പരപ്പിക്കുന്ന മുഹൂർത്തങ്ങൾകൊണ്ട് സജീവമാണ് ഒ ഹെൻറിയുടെ കഥകളെല്ലാം.
ഒ ഹെൻറിയുടെ സ്വകാര്യ ജീവിതം പ്രശ്നകലുഷിതവും സംഘർഷഭരിതവുമായിരുന്നു. പക്ഷേ, മഷിയുണങ്ങാത്ത തൂലികയും സർഗശേഷി തുളുമ്പുന്ന മനസ്സുമായി അദ്ദേഹം അവയെ ധീരമായി നേരിട്ടു. 1910ൽ കരൾരോഗം മൂർച്ഛിച്ചു മരണത്തിനു കീഴടങ്ങുന്നതു വരെ കർമനിരതനായ എഴുത്തുകാരനായിരുന്നു അദ്ദേഹം.

ലളിതമായ ഭാഷയും ആഖ്യാനത്തിലെ നേർത്ത ഫലിതോക്തിയും കഥാന്ത്യത്തിലെ, വായനക്കാരെ അമ്പരപ്പിക്കുന്ന പരിണാമഗുപ്തിയും ഒ ഹെൻറിയുടെ കഥകളുടെ പ്രധാന സവിശേഷതകളാണ്. വായനയെ വിസ്മയകരമായ ഒരനുഭവമാക്കി തീർക്കുന്നു അദ്ദേഹത്തിന്റെ എല്ലാ കഥകളും. എല്ലാ വിഭാഗം വായനക്കാരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വിധം ആസ്വാദ്യകരമാണവ. ക്രിസ്മസ് സമ്മാനം (The Gift of the Magi), അവസാനത്തെ ഇല ( The Last Leaf) എന്നീ കഥകൾ ഉദാത്ത സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഗാഥകൾ തന്നെയാണ്.

ത്യാഗത്തോടൊത്തുചേരുമ്പോഴാണ് സ്നേഹം വിശുദ്ധവും ദൈവികവുമായിത്തീരുന്നതെന്ന് ഈ കഥകൾ ഉറക്കെ പ്രഖ്യാപിക്കുന്നു. “ക്രിസ്മസ് സമ്മാന”ത്തിലെ യുവദമ്പതികൾ അവരുടെ ഏറ്റവും വിലപ്പെട്ട വസ്തുക്കൾ ത്യജിച്ചുകൊണ്ടാണ് പരസ്പരം ക്രിസ്മസ് സമ്മാനങ്ങൾ കൈമാറുന്നത്. ആ ത്യാഗം അവരിൽ സൃഷ്ടിക്കുന്നത് നഷ്ടബോധമല്ല, പകരം അനിർവചനീയമായ ആനന്ദമാണ്. അവർ പരസ്പരം കൈമാറിയ സമ്മാനങ്ങൾ പക്ഷെ എളുപ്പം ഉപയോഗിക്കാവുന്നതായിരുന്നില്ല എന്നതാണ് സവിശേഷകരമായ വസ്തുത. ഒരു പക്ഷെ അവയെ അത്രമാത്രം അമൂല്യവും അപൂർവവുമാക്കിത്തീർക്കുന്നത് ഈയൊരു സവിശേഷത തന്നെയായിരിക്കാം. പട്ടിണിയിലും പരിവട്ടത്തിലും നട്ടംതിരിയുമ്പോഴും തങ്ങളുടെ ഏറ്റവും വലിയ ത്യാഗത്തിന്റെ വില കൊടുത്ത് അവർ വാങ്ങിയ ആ സമ്മാനങ്ങൾ തന്നെയാണ് ലോകത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ക്രിസ്മസ് സമ്മാനമെന്ന് ഒ ഹെൻറി ചൂണ്ടിക്കാണിക്കുന്നു.

“അവസാനത്തെ ഇല ” എന്ന കഥയിൽ കഥാകൃത്ത് വരച്ചിടുന്നത് ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മറ്റൊരു ഹൃദയസ്പർശിയായ ചിത്രമാണ്. ഏറെക്കാലം ആർക്കും വേണ്ടാത്തവനായി ജീവിച്ച നിസ്സാരനായ ഒരു മനുഷ്യൻ പൊടുന്നനെ ദൈവീകമായ ഒരൗന്നത്യത്തിലേക്കെത്തിച്ചേരുന്നത് ഒരു മനുഷ്യജീവൻ രക്ഷിച്ചുകൊണ്ടാണ്. അതിനു പക്ഷെ അയാൾക്ക് ബലിയർപ്പിക്കേണ്ടിവന്നത് സ്വന്തം ജീവൻ തന്നെയാണ്. ജീവിതത്തിന്റെ അർഥമില്ലായ്മയെ മരണത്തിലൂടെ മറികടന്ന ആ വൃദ്ധൻ സ്നേഹത്തിന്റെ മാറ്റുകൂടിയ ഒരു പ്രതീകമായി മാറുന്നത് ഇവിടെ കാണാം. ജീവിതത്തിന്റെ വിധിവൈപരീത്യവും ആകസ്മികതകളും തന്മയത്തത്തോടെ ചിത്രീകരിക്കുന്നു “ദേവാലയത്തിലെ സംഗീതം ” (The Cop and the Anthem) എന്ന കഥ. ജീവിതമെന്നാൽ ആകസ്മികതകൾ നിറഞ്ഞ ഒരു രംഗഭൂമിയാണെന്നാണ് ഒ ഹെൻറി ഇവിടെ സമർഥിക്കുന്നത്. ജീവിതം മനുഷ്യൻ നിശ്ചയിക്കുന്ന വഴിയെ പോകുന്ന സവാരിമൃഗമല്ലെന്നും അപ്രതീക്ഷിതവും വിചിത്രവുമായ ചലനവേഗങ്ങളാൽ അത് മനുഷ്യരെ നിരന്തരം വിഷണ്ണരും വിഡ്ഢികളുമാക്കുകയാണെന്നും ഈ കഥ നമ്മെ ബോധ്യപ്പെടുത്തുന്നു. വളരെ കുറഞ്ഞ വാക്കുകൾകൊണ്ട് മെനഞ്ഞെടുത്ത, വൈചിത്ര്യങ്ങളും നാടകീയതയും മുറ്റിനിൽക്കുന്ന “ഒരു വിചിത്ര കഥ”, സസ്പെൻസിന്റെ അവസാന വാചകം വരെ പൊട്ടാതെ നിൽക്കുന്ന പുറന്തോടിനുള്ളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന “വിലങ്ങ്” എന്നിവ അദ്ദേഹത്തിന്റെ മറ്റു പ്രധാന കഥകളാണ്. പ്രശസ്തമായ ഒ ഹെൻറി ട്വിസ്റ്റ് വ്യത്യസ്ത രീതികളിൽ ഈ കഥകളിലെല്ലാം ഉപയോഗിച്ചിരിക്കുന്നത് കാണാം.

ആധുനിക ചെറുകഥയുടെ വികാസപരിണാമങ്ങളിൽ ഒ ഹെൻറി വഹിച്ച പങ്ക് വളരെ വലുതാണ്. ചെറുകഥയെ സ്വതന്ത്രവും പൂർണവുമായ സാഹിത്യരൂപമാക്കി ഉയർത്തുന്നതിൽ അദ്ദേഹം മഹത്തായ സംഭാവനകൾ നൽകി. കഥയുടെ ആചാര്യന്മാരായ ചെഖോവിനും മോപ്പസാങ്ങിനുമൊപ്പമാണ് സഹൃദയലോകം ഈ കഥാകൃത്തിനേയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒ ഹെൻറിയില്ലായിരുന്നെങ്കിൽ നമ്മുടെ കഥാലോകം എത്ര ശുഷ്കവും ഊഷരവും വിരസവുമായേനെ!

Latest