Connect with us

Ongoing News

കന്നിയങ്കത്തിൽ തന്നെ പ്രൊഫ. ബിന്ദു

Published

|

Last Updated

തൃശൂർ | കന്നിയങ്കത്തിൽ ജയിച്ച് മന്ത്രിമാരാകുന്ന വനിതകളിൽ ഒരാളാണ് പ്രൊഫ. ആർ ബിന്ദു.
തൃശൂർ കോർപറേഷൻ മേയറായും കൗൺസിലറായും ഭരണ മികവ് തെളിയിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമായ ബിന്ദു ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നിന്നാണ് നിയമസഭയിലെത്തിയത്.
സി പി എം ജില്ലാ കമ്മിറ്റി അംഗമാണ്. തൃശൂർ കേരളവർമ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിൻസിപ്പൽ ഇൻ ചാർജുമായിരുന്നു.

എസ് എഫ് ഐയുടെ സംസ്ഥാന വിദ്യാർഥിനി സബ് കമ്മിറ്റി കൺവീനറായിരുന്ന ഇവർ കലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റംഗമായിരുന്നു. സർവകലാശാലാ സെനറ്റിലും അംഗമായി പ്രവർത്തിച്ചു.

ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്‌കൂൾ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ്, കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷ്, ഡൽഹി ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജ് അധ്യാപകരുടെ സംഘടനയായ എ കെ പി സി ടി എ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗമാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടുകൂടി ബിരുദാനന്തര ബിരുദം, എം ഫിൽ, പി എച്ച് ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്.
എൽ ഡി എഫ് കൺവീനർ എ വിജയരാഘവന്റെ ഭാര്യയാണ്. മകൻ വി ഹരികൃഷ്ണണൻ മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകനാണ്.

Latest