Connect with us

Kozhikode

പരിചയ സമ്പത്തിന്റെ കരുത്തിൽ വീണ്ടും ശശീന്ദ്രൻ

Published

|

Last Updated

കോഴിക്കോട് | പിണറായി മന്ത്രിസഭയിൽ രണ്ടാം ഊഴമാണ് എ കെ ശശീന്ദ്രന്. 1980 മുതൽ നിയമസഭാ സാമാജികനായ ശശീന്ദ്രൻ പുതിയ മന്ത്രിസഭയിൽ മന്ത്രി പദവിയിൽ പരിചയ സമ്പത്തുള്ള അപൂർവം പേരിൽ ഒരാളാണ്. ജനനം കൊണ്ട് കണ്ണൂർക്കാരനാണെങ്കിലും 2006 മുതൽ കോഴിക്കോട്ടാണ് ശശീന്ദ്രന്റെ പ്രവർത്തന മേഖല.
2006ൽ ബാലുശ്ശേരിയിൽ നിന്നും 2011 മുതൽ തുടർച്ചയായി എലത്തൂരിൽ നിന്നും നിയമസഭയിലെത്തുന്ന ശശീന്ദ്രൻ 1980ൽ കണ്ണൂർ പെരിങ്ങളത്ത് നിന്നും 1982ൽ എടക്കാട്ട് നിന്നും എം എൽ എയായിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രന് ഒരു സ്വകാര്യ ചാനൽ ഒരുക്കിയ ഹണിട്രാപ്പിൽ കുടുങ്ങി ഇടക്ക് രാജി വെച്ചൊഴിയേണ്ടി വന്നെങ്കിലും കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ചതോടെ 2018 ഫെബ്രുവരിയിൽ വീണ്ടും മന്ത്രി പദത്തിലെത്തി.

ഇത്തവണ എൻ സി പിയിൽ നിന്ന് മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള വിഭാഗം യു ഡി എഫിലേക്ക് ചേക്കെറിയപ്പോൾ ചാഞ്ചാട്ടമില്ലാതെ ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചുവെന്നത് എൽ ഡി എഫിൽ അദ്ദേഹത്തെ കൂടുതൽ സ്വീകാര്യനാക്കി. കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെ എസ് യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ജില്ലാ- സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ച ശശീന്ദ്രൻ കോൺഗ്രസ്(യു)വിലൂടെയാണ് ഇടതുപക്ഷ മുന്നണിയിലെത്തിയത്.

തുടർന്ന് എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികളും വഹിച്ചു. കോഫി ബോർഡ്, കേരള സാക്ഷരതാ സമിതിയുടെ ഗവേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അനിതാ കൃഷ്ണൻ. മകൻ: വരുൺ ശശീന്ദ്രൻ. മരുമകൾ: ഡോ. സോന.

Latest