Connect with us

Kerala

വെൽഫെയർ കറ മാഞ്ഞില്ല;  ഒളി സൗഹൃദം പ്രഹരം കൂട്ടി

Published

|

Last Updated

കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമിയുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കറ മായാതെ യു ഡി എഫ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്്ലാമിയുമായി പരസ്യചങ്ങാത്തം സ്ഥാപിച്ച യു ഡി എഫ് ഇത്തവണ കുറ്റമേറ്റു പറഞ്ഞ് മടങ്ങിയെങ്കിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള സഖ്യശ്രമങ്ങൾ വീണ്ടും തിരിച്ചടിയായി. ജമാഅത്തെ ഇസ്‌ലാമി ബന്ധം മതേതര വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കിയതായാണ് നിരീക്ഷണം.

തിരഞ്ഞെടുപ്പുകളിൽ മുന്നണികൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കാറുള്ള ജമാഅത്തെ ഇസ്‌ലാമി ഇത്തവണ അണികൾക്ക് രഹസ്യമായിട്ടായിരുന്നു നിർദേശം നൽകിയിരുന്നത്. 19 മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തിയിരുന്നുവെങ്കിലും ബാക്കിയുള്ള 121 ഇടങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്നത് സംബന്ധിച്ച് അണികളെ രഹസ്യമായി ബോധവത്കരിക്കുമെന്നായിരുന്നു വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വ്യക്തമാക്കിയിരുന്നത്. ഇത് യു ഡി എഫിന് വേണ്ടിയായിരുന്നു.

യു ഡി എഫ് സഖ്യകക്ഷിയെ പോലെയായിരുന്നു ജമാഅത്തെ ഇസ്‌ലാമി മാധ്യമങ്ങളും പ്രവർത്തകരും തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിരുന്നത്. മുന്നണിക്ക് അജൻഡകൾ തയ്യാറാക്കിക്കൊടുക്കാൻ തന്നെ അവർ മുന്നിട്ടിറങ്ങി.
തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കോഴിക്കോട് ജില്ലയിലടക്കം ഒരു സഖ്യ കക്ഷിക്ക് സീറ്റ് വിഭജനം നടത്തി നൽകുന്നതു പോലെയായിരുന്നു ജമാഅത്തെ ഇസ്‌ലാമിക്ക് യു ഡി എഫ് നേതൃത്വം സീറ്റുകൾ നൽകിയിരുന്നത്. യു ഡി എഫിന്റെ ഈ മറയില്ലാത്ത കൂട്ടുകെട്ട് സംസ്ഥാനത്തുടനീളം കനത്ത തിരിച്ചടിക്ക് കാരണവുമായി.

ഇതോടെ, മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള കോൺഗ്രസ് നേതാക്കൾ ജമാഅത്ത് സഖ്യത്തിനെതിരെ ശക്തമായി രംഗത്തു വന്നു. എന്നാൽ, ജമാഅത്തെ ഇസ്്ലാമി ചങ്ങാത്തം തുടർന്നാൽ കോഴിക്കോട്, മലപ്പുറം ജില്ലയിലെ ചില സീറ്റുകളിൽ വിജയിച്ചു കയറാമെന്ന മുസ്‌ലിം ലീഗിന്റെ നിലപാടിന് മുന്നിൽ കോൺഗ്രസിന് രഹസ്യമായെങ്കിലും അടിയറവ് വെക്കേണ്ടി വന്നു.
എന്നാൽ, ജമാഅത്തെ ഇസ്‌ലാമിക്ക് സ്വാധീനമുള്ള മേഖലകളെന്ന് പരിഗണിക്കുന്ന തിരുവമ്പാടി, കുറ്റ്യാടി മണ്ഡലങ്ങളിലടക്കം
യു ഡി എഫ് സ്ഥാനാർഥികൾ കടപുഴകിയതിന്റെ പാപഭാരം ഈ സഖ്യത്തിനുള്ള തിരിച്ചടി കൂടിയാണ്.

Latest