Connect with us

Articles

ആരൊക്കെയാണ് അപകടകാരികൾ?

Published

|

Last Updated

ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി അബ്ദുന്നാസർ മഅ്ദനി അപകടകാരിയായ മനുഷ്യനാണ്, അദ്ദേഹം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന മഅ്ദനിയുടെ ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നടത്തിയ പരാമാർശമാണിത്. കുറ്റവാളി എന്ന് തെളിയിക്കപ്പെടുന്നത് വരെ ഓരോ പൗരനും നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന നിയമവ്യവസ്ഥ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അതേ രാജ്യത്തെ നീതിന്യായ സംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്ന വ്യക്തി, ഫാബ്രിക്കേറ്റഡ് കേസുകളിലുൾപ്പെടുത്തി വർഷങ്ങളോളം ജയിലറകളിൽ തളച്ചിടപ്പെട്ട, കുറ്റകൃത്യത്തിൽ പങ്കാളിയായിട്ടുണ്ടെന്ന് ഒരു കോടതിയിൽ പോലും തെളിയിക്കപ്പെടാത്ത വ്യക്തിയെക്കുറിച്ച് ഇത്തത്തിലുള്ള പരാമർശം നടത്തുന്നതിനേക്കാൾ അപഹാസ്യത മറ്റെന്താണുള്ളത്? ജനാധിപത്യ ഇന്ത്യയുടെ അവസാന പ്രതീക്ഷാ തുരുത്തായ സുപ്രീം കോടതിയും സംഘ്പരിവാർ അജൻഡകളുടെ കുഴലൂത്തുകാരായി പരിണമിക്കുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് സമീപ കാലത്തുള്ള നീതിന്യായ ഇടപെടലുകൾ. തങ്ങളുടെ ഇംഗിതങ്ങൾക്ക് അടിമപ്പെടുന്നവരെ ഭരണഘടനാ സ്ഥാപനങ്ങളിൽ പ്രതിഷ്ഠിച്ച്, തങ്ങൾക്കെതിരെ ഉയർന്ന് വരുന്ന എതിർസ്വരങ്ങളെ പൂർണമായും ഇല്ലാതാക്കാമെന്ന സംഘ്പരിവാർ അജൻഡയുടെ പ്രകടമായ രൂപമാണിത്.

മതേതര ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ നീതീനിഷേധത്തിന്റെയും അതിക്രമങ്ങളുടെയും പ്രകടരൂപമാണ് മഅ്ദനി. മഅ്ദനി എന്ന പേരിന് ഏറ്റവും അനുയോജ്യമായ അർഥം നീതിനിഷേധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്നതായിരിക്കും. കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പങ്കുണ്ടെന്നാരോപിച്ചായിരുന്നു 1998ൽ മഅ്ദനിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യം ലഭിക്കാതെ ഒരു വർഷത്തോളം കരുതൽ തടങ്കലിൽ വെക്കാവുന്ന രീതിയിൽ ദേശീയ സുരക്ഷാ നിയമപ്രകാരമായിരുന്നു കേസെടുത്തത്. കോയമ്പത്തൂർ സ്‌ഫോടനക്കേസ് എന്ന ലേബൽ തീർത്തും രാഷ്ട്രീയ നിർമിതമാണെന്ന വാദം അന്ന് തന്നെ പല കോണുകളിൽ നിന്നും ഉയർന്ന് വന്നിരുന്നു. സംഘ്പരിവാർ രാഷ്ട്രീയത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച മഅ്ദനി ആർ എസ് എസ് അടക്കമുള്ള സംഘടനകളുടെ ടാർജറ്റഡ് ഐക്കണുകളിലൊരാളായിരുന്നു. കേരള രാഷ്ട്രീയത്തിന് പരിചിതമല്ലാത്ത മുസ്‌ലിം- ദളിത് സമവാക്യം ഉയർത്തിക്കൊണ്ട് വന്നതും ഭരണകൂടങ്ങളുടെയും പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഇംഗിതങ്ങൾക്ക് വഴങ്ങാതിരുന്നതും കേരളത്തിലെ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കിടയിൽ അദ്ദേഹത്തെ അനഭിമതനാക്കിത്തീർത്തു. തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾക്ക് തടസ്സമാകുമെന്ന് ഭയപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഏകോപനം കൂടിയായിരുന്നു മഅ്ദനിയുടെ അറസ്റ്റ്. വിചാരണ കൂടാതെ നീണ്ട എട്ട് വർഷമാണ് തമിഴ്‌നാട് പോലീസ് അദ്ദേഹത്തെ ജയിലിലടച്ചത്. ഇക്കാലയളവിൽ ജാമ്യത്തിനായി നിരവധി തവണ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. നീണ്ട ഒമ്പതര വർഷങ്ങൾക്ക് ശേഷം അദ്ദേഹം നിരപരാധിയാണെന്ന് പ്രഖ്യാപനം വന്നു. തമിഴ്‌നാടിന്റെ നീതിന്യായ ചരിത്രത്തിൽ പ്രോസിക്യൂഷൻ ഇത്രയധികം കള്ളത്തെളിവുകളും സാക്ഷി മൊഴികളും ഉണ്ടാക്കിയ മറ്റൊരു കേസില്ലെന്ന് ചെന്നൈ ഹൈക്കോടതി ജഡ്ജ് തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുമുണ്ട്.

മഅ്ദനി മൂന്ന് വർഷങ്ങൾക്ക് ശേഷം 2010ലാണ് വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്നത്. െബംഗളൂരു സ്‌ഫോടനക്കേസിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കർണാടക പോലീസ് മഅ്ദനിയെ കസ്റ്റഡിയിലെടുത്തു. 2008ലെ ബെംഗളൂരു സ്‌ഫോടനക്കേസിന്റെ കുറ്റപത്രം സമർപ്പിക്കുമ്പോൾ രണ്ട് കുറ്റപത്രങ്ങളിലും പരാമർശിക്കപ്പെടാതിരുന്ന മഅ്ദനി മൂന്നാമത്തെ കുറ്റപത്രത്തിലാണ് ഇടം പിടിക്കുന്നത്. ഇത് തന്നെ കേസിന് പിന്നിലെ ഗൂഢാലോചനയിലേക്ക് സൂചന നൽകുന്നുണ്ട്. “ഞാൻ പോകുന്നത് തിരിച്ചുവരുമെന്ന പ്രതീക്ഷയിലല്ല, എന്നെ തിരിച്ച് വിടാനായിരുന്നുവെങ്കിൽ ഈ കുടുക്കുകളൊന്നും കൃത്യമായി ഒപ്പിക്കൂല” എന്ന അറസ്റ്റ് വേളയിലുള്ള അദ്ദേഹത്തിന്റെ വാക്കുകളെ ശരിവെക്കുന്നതായിരുന്നു കർണാടക പോലീസിന്റെ പിന്നീടുള്ള ഇടപെടലുകൾ.

ജാമ്യപേക്ഷ സമർപ്പിച്ചപ്പോഴൊക്കെ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് ജാമ്യം തടയാനായിരുന്നു കർണാടക പോലീസ് മുതിർന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ശാരീരിക അവശതകളും പരിഗണിച്ച് 2014ൽ സുപ്രീം കോടതി താത്കാലിക ജാമ്യം അനുവദിച്ചു. ശേഷം കർശന ഉപാധികളോടെ ജാമ്യം സ്ഥിരപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി കർശന ഉപാധികളോടെ ബെംഗളൂരുവിലെ വാടക വീട്ടിൽ കഴിയുകയാണദ്ദേഹം. കുറ്റവാളിയെങ്കിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ നടപ്പാക്കാതെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന വ്യക്തിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് അതിക്രൂരമായ നീതിനിഷേധമാണ്. വൈകിക്കിട്ടുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെന്ന ലീഗൽ മാക്‌സിം പരിചിതമല്ലാത്തവരൊന്നുമല്ല രാജ്യത്തെ ന്യായാധിപന്മാർ. അതുകൊണ്ട്, സംഘ്പരിവാർ അജൻഡകൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ ഫാബ്രിക്കേറ്റഡ് കേസുകളിലുൾപ്പെടുത്തി നാട് കടത്തി ഇരുപത് വർഷത്തോളമായി വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ അപകടകാരിയെന്ന് വിശേഷിപ്പിക്കുന്നതിനെ അശ്ലീലമെന്നേ വിശേഷിപ്പിക്കാനാകൂ.
അദ്ദേഹത്തെ അപകടകാരിയായ മനുഷ്യനെന്ന് ചാപ്പ കുത്തുന്ന നീതിന്യായ സംവിധാനങ്ങൾ തന്നെ മറുവശത്ത് കൊടും ക്രിമിനലുകൾക്ക് രക്ഷപ്പെടാൻ നിയമത്തിന്റെ പഴുതുകൾ തേടുന്നുണ്ടെന്നോർക്കണം. ഇതുവരെ കുറ്റം തെളിയിക്കപ്പെടാത്ത മഅ്ദനി അപകടകാരിയും പ്രജ്ഞാ സിംഗ് ഠാക്കൂർ പോലുള്ള കൊടുംക്രിമിനലുകൾ കുലീനരുമാകുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയം സുവ്യക്തമാണ്. ഇരട്ടനീതിയും നിയമവും നടപ്പാക്കുന്നതിന്റെ പ്രകടമായ ചിത്രങ്ങളാണ് മോദിക്കാലത്ത് കണ്ടുകൊണ്ടിരിക്കുന്നത്. 2006- 2008 കാലയളവിൽ രാജ്യമൊട്ടാകെ അരങ്ങേറിയത് നിരവധി ഭീകരാക്രമണങ്ങളാണ്. മക്കാ മസ്ജിദ്, മലേഗാവ്, സംഝോധ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടത് 119 പേരാണ്. 68 പേർക്ക് ജീവഹാനി സംഭവിച്ച സംഝോധ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും പാക് പൗരന്മാരായിരുന്നു. അതുകൊണ്ട് തന്നെ ഈ സ്‌ഫോടനം അന്താരാഷ്ട്ര പ്രാധാന്യം കൈവരിക്കുകയും ചെയ്തു. പക്ഷേ, പ്രതികളെ കുറ്റവിമുക്തരാക്കിയും ശിക്ഷായിളവ് നൽകിയും രക്ഷിച്ചെടുക്കുകയായിരുന്നു രാജ്യത്തെ അന്വേഷണ ഏജൻസികൾ. സ്വാമി അസീമാനന്ദ നിരവധി കേസുകളിലെ മുഖ്യ പ്രതിയായിരുന്നു. ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുമ്പിൽ അസീമാനന്ദ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ശേഷം 2012ൽ കാരവൻ മാസിക ലേഖിക ലീന ഗീത രഘുനാഥ് അസീമാനന്ദയുമായി നടത്തിയ അഭിമുഖത്തിൽ കുറ്റം സമ്മതിക്കുകയും ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് അടക്കമുള്ള നേതാക്കൾക്ക് സ്‌ഫോടനങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഓഡിയോ ടേപ്പ് പുറത്തുവിടുകയുമുണ്ടായി. പക്ഷേ, അന്വേഷണ ഏജൻസികൾ ഈ കുറ്റസമ്മതം മുഖവിലക്കെടുത്തില്ലെന്ന് മാത്രമല്ല, തെളിവില്ല എന്ന ന്യായമുയർത്തി കുറ്റവിമുക്തനാക്കുകയായിരുന്നു. അജ്മീർ സ്‌ഫോടനക്കേസിന്റെ കാര്യവും സമാനമാണ്. കാവിഭീകരതയെന്ന് വിശേഷിപ്പിക്കപ്പെട്ട 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളും അന്വേഷണ ഏജൻസികളുടെ സഹായത്തോടെ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി കോടതിയിൽ പോലും ഹാജരാകാതെ, ഗാന്ധി ഘാതകനായ ഗോഡ്‌സേക്ക് സിന്ദാബാദ് വിളിച്ച് പ്രതീകാത്മകമായി ഗാന്ധിയെ വീണ്ടും വീണ്ടും കൊല്ലുന്നതാണ് രാജ്യം കണ്ടത്. ഇതിൽ അപകടമൊന്നും തോന്നാത്തവരാണ് മഅ്ദനിയെ അപകടകാരിയായി ചിത്രീകരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം തീവ്രവാദികൾക്കൊപ്പം യാത്ര ചെയ്യവേ അറസ്റ്റ് ചെയ്യപ്പെട്ട ജമ്മുകശ്മീർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദർ സിംഗിന് പോലും ജാമ്യം അനുവദിക്കപ്പെട്ടു. പാർലിമെന്റ് ആക്രമണക്കേസിൽ വധശിക്ഷക്ക് വിധേയനായ അഫ്‌സൽ ഗുരു 2013ൽ ഇദ്ദേഹത്തിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചിട്ട് യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് മാത്രമല്ല, രാഷ്ട്രപതിയുടെ പ്രത്യേക മെഡൽ നൽകി ആദരിക്കുകയാണ് ചെയ്തത്. പാർലിമെന്റ് ആക്രമണക്കേസിലെ പ്രതികൾക്ക് ഡൽഹിയിൽ വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ ദേവീന്ദർ സിംഗ് നിർബന്ധിച്ചുവെന്നായിരുന്നു അഫ്‌സൽ ഗുരു കത്തിൽ സൂചിപ്പിച്ചത്. ഇത്തരത്തിൽ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപണ വിധേയനായ, തീവ്രവാദികൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനിൽ കോടതി കാണാത്ത അപകടകരമായ കാര്യമെന്താണ് മഅ്ദനിയിലുള്ളത്?
അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയെ ശിക്ഷിക്കാനുള്ള നിയമവും രക്ഷപ്പെടുത്താനുള്ള പഴുതും രാജ്യത്തെ നിയമസംവിധാനങ്ങളിലുണ്ട്. തങ്ങൾക്ക് വേണ്ടപ്പെട്ടവർ പ്രതിസ്ഥാനത്തെത്തുമ്പോൾ ഇത്തരത്തിലുള്ള പഴുതുകൾ കൃത്യമായി അന്വേഷണ ഏജൻസികൾ ഉപയോഗിക്കുന്നുമുണ്ട്. ഡൽഹി കലാപക്കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവർക്കെതിരെ ബി ജെ പി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെപ്പറ്റി യാതൊരു പരാമർശവുമില്ല. അക്രമത്തിന് ആഹ്വാനം ചെയ്തവരെയും ഗൂഢാലോചനക്കാരെയും ഒഴിവാക്കി അക്രവുമായി ബന്ധമില്ലാത്ത ജാമിഅ മില്ലിയ്യ സർവകലാശാലയിലെ വിദ്യാർഥികളുടെയും ശഹീൻബാഗ് പ്രക്ഷോഭകരുടെയും വിവരങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. “മൂന്ന് ദിവസം നൽകുന്നു, ട്രംപ് ഉള്ളിടത്തോളം അടങ്ങിയിരിക്കും ശേഷം ഡൽഹി പോലീസ് പറഞ്ഞാലും കേൾക്കില്ല, ഗോലീ മാരോ” എന്നിങ്ങനെ പരസ്യമായി വിളിച്ച് പറഞ്ഞ കപിൽ മിശ്രയെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശിക്കാതിരുന്നത് യാദൃച്ഛികമല്ല. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ഡൽഹി ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിട്ട് പോലും അന്വേഷണ ഏജൻസികൾ കപിൽ മിശ്രയെ രക്ഷിച്ചു. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലാക്കപ്പെട്ട അർണബിന് ജാമ്യം നൽകാൻ സുപ്രീം കോടതി കാണിച്ച വ്യഗ്രത ഏത് പ്രിവിലേജിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. രാജ്യത്തെ നീതി വ്യവസ്ഥ ഭരിക്കുന്നവരുടെ ഹിതം നോക്കിയാണ്, നീതി അടിസ്ഥാനമാക്കിയുള്ളതല്ല എന്നതിന്റെ പ്രകടമായ തെളിവാണിവ.

സംഘ്പരിവാർവിരുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന മഅ്ദനി, സഞ്ജീവ് ഭട്ട്, വരവരറാവു തുടങ്ങിയവർ അപകടകാരികളും, ഹിന്ദുത്വ ഭീകരതയുടെ മുഖങ്ങളായ പ്രജ്ഞാ സിംഗ് ഠാക്കൂർ, അസീമാനന്ദ പോലുള്ളവർ കുലീനരുമായി വാഴ്ത്തപ്പെടുന്ന കെട്ട കാലത്ത്, ഞങ്ങൾ അപകടകാരികൾക്കൊപ്പമാണെന്നുള്ള പ്രഖ്യാപനമാണ് ഏറ്റവും മികച്ച പ്രതിരോധം.

Latest