Connect with us

Kerala

സ്വകാര്യ പുരയിടം കൈയേറി കുടില്‍ കെട്ടാനുള്ള ഭൂരഹിതരുടെ ശ്രമം പോലീസ് തടഞ്ഞു

Published

|

Last Updated

കോന്നി | കൂടല്‍ പുന്നമൂട്ടില്‍ സ്വകാര്യ പുരയിടം കൈയേറി കുടില്‍ കെട്ടാനുള്ള ഭൂരഹിതരുടെ ശ്രമം പോലീസ് തടഞ്ഞു. സ്വകാര്യ വ്യക്തിക്ക് വിറ്റ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതെന്നു തെറ്റിദ്ധരിച്ചാണ് കൈയേറ്റ ശ്രമമുണ്ടായത്. രാത്രിയിലായിരുന്നു സംഭവം.

പുന്നമൂട്ടില്‍ എ വി ടിയുടെ റബര്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 14  അംഗ സംഘം കൈയേറാന്‍ ശ്രമിച്ചത്. രാത്രിയില്‍ ഇവിടെ എത്തിയവര്‍ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം വെട്ടി തെളിച്ച് കുടില്‍ കെട്ടുകയും പാചകം ചെയ്യുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് കോന്നി തഹല്‍സീദാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി, കൂടല്‍ പോലീസ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തുകയും സമരക്കാരുമായി ചര്‍ച്ച നടത്തി കൈയേറ്റത്തിനെത്തിയവരെ തിരികെ അയക്കുകയും ചെയ്തു.

ഭൂമിയില്ലാതിരുന്ന ഈ ആളുകള്‍ക്ക് സര്‍ക്കാര്‍ കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ ഭൂമി അനുവദിച്ചിരുന്നതാണെന്നു പറയുന്നു. എന്നാല്‍, ഈ ഭൂമിവാസ യോഗ്യമല്ലെന്ന് ആരോപിച്ചാണ് ഇവര്‍ കൈയേറ്റത്തിനു ശ്രമിച്ചത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയും സര്‍ക്കാര്‍ ഭൂമിയും ചേര്‍ന്ന് കിടന്നിരുന്ന സ്ഥലത്ത് സര്‍ക്കാര്‍ സ്ഥാപിച്ച ബോര്‍ഡ് കണ്ട് തെറ്റിധരിച്ചാണ് കൈയേറ്റശ്രമമുണ്ടായതെന്നും പറയുന്നു. ഇവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിന് തിങ്കളാഴ്ച മൂന്നിന് കോന്നി താലൂക്ക് ഓഫിസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും.