Connect with us

Business

എന്‍ എസ് ക്യാഷ് പോയിന്റിന്റെ 70.83 ശതമാനം ഓഹരികള്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് സ്വന്തമാക്കി

Published

|

Last Updated

അബൂദബി | മലേഷ്യയിലെ എന്‍ എസ് ക്യാഷ് പോയിന്റിന്റെ 70.83 ശതമാനം ഓഹരികള്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് സ്വന്തമാക്കി. ഏഷ്യ പസഫിക് മേഖലയിലെ സുപ്രധാന ധനവിനിമയ സ്ഥാപനമാണ് എന്‍ എസ് ക്യാഷ് പോയിന്റ്. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് വലിയ നിക്ഷേപം നടത്തിയത്. ഏഷ്യ പസഫിക് മേഖലയിലെ ധന വിനിമയ രംഗത്തെ പ്രധാന ഹബ് ആണ് മലേഷ്യ. ജി സി സി, ഇന്ത്യന്‍ ഉപ ഭൂഖണ്ഡം, ഏഷ്യ പസഫിക് മേഖലയുള്‍പ്പെടുന്ന ഭാഗങ്ങളില്‍ സാമ്പത്തിക രംഗത്തെ പ്രധാന നിക്ഷേപകരെന്ന നിലക്ക് ലുലു ഹോള്‍ഡിങ്സിന്റെ പങ്കാളിത്തം കൂടുതല്‍ സാധ്യതകളാണ് തുറന്നിടുക.

എന്‍ എസ് ക്യാഷ് പോയിന്റിലെ നിക്ഷേപം ഉയര്‍ത്താനാവുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് എം ഡി. അദീബ് അഹമ്മദ് പറഞ്ഞു. ദക്ഷിണ പശ്ചിമ ഏഷ്യന്‍ മേഖലയിലെ പ്രധാന വിപണിയാണ് മലേഷ്യ. ഈ ഏറ്റെടുക്കലിലൂടെ മേഖലയിലെ സേവനം മികച്ച രീതിയിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കാണ് മലേഷ്യയില്‍ നിന്നും കൂടുതലും പണമയക്കല്‍ നടക്കുന്നത്. യു എസ് എ, ഫിലിപ്പൈന്‍സ്, സൗദി അറേബ്യ, യു കെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവിടേക്ക് കൂടുതലായും പണമെത്തുന്നത്. ഫിനാന്‍ഷ്യല്‍ രംഗത്തെ നിക്ഷേപകരെന്ന നിലക്ക് നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളുടെ ഇടപാടുകള്‍ കൂടുതല്‍ എളുപ്പവും സുതാര്യവുമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദീബ് അഹമ്മദ് പറഞ്ഞു.

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സുമായുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് എന്‍ എസ് ക്യാഷ് പോയിന്റ് സി ഇ ഒ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി