Connect with us

Articles

ബജറ്റിലെ ധൈഷണിക സ്വപ്‌നങ്ങള്‍

Published

|

Last Updated

‘അടിസ്ഥാന സൗകര്യങ്ങളോ അടിസ്ഥാന മര്യാദകളോ ഇന്നും നമ്മുടെ നാട്ടില്‍ ലഭിക്കുന്നില്ല. ഒരു മുംബൈ-പുണെ റോഡോ ഒരു ഡല്‍ഹി മെട്രോയോ വരുമ്പോള്‍ “ഹാ, എത്ര സുഖം” എന്ന് പറഞ്ഞ് നാം അത്ഭുതപ്പെടുന്നു. അങ്ങനെയുള്ള സുഖങ്ങള്‍ പൗരന്റെ മൗലികാവകാശങ്ങളായി മറ്റ് രാജ്യങ്ങളില്‍ നിലനില്‍ക്കുന്നു എന്ന് നാം അറിയുന്നില്ല. ഓഫീസുകളിലും ബേങ്കുകളിലും ടിക്കറ്റ് കൗണ്ടറുകളിലും ബസുകളില്‍ പോലും സാമാന്യ മര്യാദ ഇല്ലാത്ത പെരുമാറ്റങ്ങള്‍ നാം സഹിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തില്‍ ഐ ഐ എമ്മുകള്‍ ഒഴിച്ചാല്‍, എത്ര കോളജുകള്‍/ യൂനിവേഴ്‌സിറ്റികള്‍ ഉണ്ട് ലോക നിരയിലേക്ക് കടക്കുന്നത്? ഒരെണ്ണമില്ല. വെറുതെയാണോ അമേരിക്കന്‍ കോണ്‍സുലേറ്റുകളുടെ മുമ്പില്‍ വിസ യാചിച്ചു കൊണ്ട് നൂറുക്കണക്കിന് ഇന്ത്യക്കാര്‍ വെയിലത്ത് ക്യൂ നില്‍ക്കുന്നത്?”

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജിന്റെ ഈ വരികള്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ വായനാ ഉള്ളടക്കത്തില്‍ വന്നാലുമില്ലെങ്കിലും കാലങ്ങളായി കേരളം അഭിമുഖീകരിക്കുന്ന ഈ പ്രശ്‌നങ്ങളെ ഒരളവോളം ഗുണപരമായി സമീപിക്കുന്നു എന്നതാണ് 2021-22 വര്‍ഷത്തേക്ക് അദ്ദേഹം അവതരിപ്പിച്ച ബജറ്റിന്റെ മുഖ്യ ആകര്‍ഷണം. വിജ്ഞാനാധിഷ്ഠിത ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ എന്ന ധൈഷണിക സ്വപ്‌നത്തിലേക്ക് കേരളം സഞ്ചരിച്ചു തുടങ്ങുന്നു എന്നത് ചെറിയ കാര്യമല്ല. എജ്യുക്കേഷന്‍ ഇക്കോണമി + തൊഴില്‍ സൗഹൃദ ഭവനങ്ങള്‍ = ദാരിദ്ര്യ നിര്‍മാര്‍ജനം എന്ന ചേരുവ ഒരു നല്ല ആശയമായി, ധനകാര്യ വിദഗ്്ധരും ആസൂത്രണ രംഗത്തെ പ്രമുഖരും സമ്മതിക്കുമെന്ന് കരുതാം.

വിജ്ഞാനത്തെ സമ്പദ് വളര്‍ച്ചയുടെ അടിസ്ഥാനമായി കാണുമ്പോള്‍ പരിഗണിക്കേണ്ട ചിലത് പറഞ്ഞ് പോകണം. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ മുന്നേറ്റം ആശയതലത്തിലായിരുന്നോ എന്നതാണ് പ്രധാന പ്രശ്‌നം. കേരളത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികളെ അടര്‍ത്തിയെടുക്കുക എന്ന സങ്കുചിത താത്പര്യങ്ങളില്‍ ഒതുങ്ങിയോ ഉന്നത ലക്ഷ്യങ്ങള്‍ എന്ന ചോദ്യം ഭാവിയില്‍ നേരിടേണ്ടി വരും. സ്വകാര്യ വിദ്യാലയങ്ങളെയും അവിടങ്ങളില്‍ പഠിക്കുന്ന ലക്ഷക്കണക്കായ വിദ്യാര്‍ഥികളെയും നമ്മുടെ നാടിന്റെ ഭാഗമായിക്കണ്ട് വേണ്ടേ വിദ്യാഭ്യാസ മേഖലയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍? ഉന്നത വിദ്യാഭ്യാസ മേഖലയിലും ഈ തരം മാറ്റങ്ങള്‍ കൊണ്ട്, ഏത് വിധത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് നാം വിചാരിക്കേണ്ടത്? ഇത്തരം വിഷയങ്ങള്‍ ബജറ്റിന്റെ പരിധിയില്‍ വരുന്നതല്ലെങ്കിലും ആസൂത്രണത്തിന്റെ പരിധിയില്‍ അവ വരേണ്ടതുണ്ടല്ലോ.
സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുമ്പോള്‍ അതിന്റെ മാനദണ്ഡങ്ങള്‍ ഒരിക്കലും സ്മാര്‍ട്ട് ക്ലാസ് മുറികളോ ടൈല്‍സ് പതിച്ച ചുമരുകളോ മാത്രമാകരുത്, ലോകോത്തരമായ ആശയങ്ങളായിരിക്കണം. അല്ലാത്ത പക്ഷം രവീന്ദ്രന്‍ മന്ത്രി മാറി സൂപ്പി മന്ത്രി വന്നാല്‍ കമ്പ്യൂട്ടറും എല്‍ സി ഡിയും മൂലയിലേക്ക് മാറ്റി വെച്ച് പഴയ ഡി പി ഇ പി തവളച്ചാട്ടം തിരിച്ച് വന്നെന്ന് വരും. റോബോട്ടുകളും നിര്‍മിത ചിന്തകളുമെല്ലാം ആക്രി സോണിലേക്ക് മാറി നില്‍ക്കും. എല്ലാം പഴയപടിയാകും.

ഉയര്‍ന്ന ആശയങ്ങളെ ആര്‍ക്കും ഉപേക്ഷിക്കാനാകില്ല. നോളജ് ഇക്കോണമി പ്രയോഗിക്കുമ്പോള്‍ പരിഗണിക്കേണ്ട മുഖ്യ പ്രശ്‌നവും ഇതാണെന്ന് തോന്നുന്നു. നമ്മുടെ കോഴ്‌സുകള്‍, വിശിഷ്യാ ഗവേഷണ മേഖല എന്ത് മാത്രം സൃഷ്ട്യുന്‍മുഖമാണ്? ആളുകളുടെ ജീവിത നിലവാരത്തെ അത് എത്രകണ്ട് സ്വാധീനിക്കുന്നു? ലോക നിലവാരത്തോട് അത് എന്തുമാത്രം അകലം പാലിക്കുന്നു? ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കേണ്ടവ തന്നെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷത്തെ, നമ്മുടെ സര്‍വകലാശാലകളില്‍ നിന്ന് പുറത്തുവന്ന ഗവേഷണ ഫലങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും.
നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഈയിടെ ഉണ്ടായ മാറ്റങ്ങളെ ആദരപൂര്‍വം സ്മരിക്കുമ്പോഴും ആ മാറ്റങ്ങള്‍ ആശയപരമല്ല എന്ന് സമ്മതിക്കേണ്ടിവരും. പഠിച്ച അറിവും തൊഴിലും അറിഞ്ഞ ശാസ്ത്രവും അനുദിനമെന്നോണം കാലഹരണപ്പെടുന്നതാണ് ആഗോളതലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ കാതല്‍. അതുള്‍ക്കൊണ്ടുള്ള ആശയ രൂപവത്കരണവും പ്രയോഗവും നടക്കാതെ വന്നാല്‍, അമേരിക്കന്‍ കോണ്‍സുലേറ്റുകളുടെ മുമ്പില്‍ വിസ യാചിച്ച് നില്‍ക്കുന്ന വിദ്യാര്‍ഥികളുടെയും തൊഴിലന്വേഷകരുടെയും എണ്ണം കൂടുകയേ ഉള്ളൂ. ധിഷണാശാലികളെ ആകര്‍ഷിക്കാനാകാത്ത ഏത് കര്‍മപദ്ധതിയും തുലഞ്ഞ് പോകുകയേയുള്ളൂ. നോളജ് ഇക്കോണമി എന്ന ധൈഷണിക സ്വപ്‌നത്തിനും ഇത് ബാധകമാണ്.
ബജറ്റിലേക്ക് വരാം. പ്രതിപക്ഷ വിമര്‍ശങ്ങളെ സഹിഷ്ണുതയോടെ, ആവശ്യമായ വിശദീകരണങ്ങളോടെ അവഗണിക്കാം. പക്ഷേ, യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കുക തന്നെ വേണം. കടമാണ് വരുമാനമെന്നതാണ് നമ്മെ തുറിച്ച് നോക്കുന്ന വലിയ യാഥാര്‍ഥ്യം. കടമെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. അദ്ദേഹം ചില കണക്കുകള്‍ നിരത്തുന്നുണ്ട്. യു ഡി എഫ് ഭരണ കാലങ്ങളില്‍ കടം നല്ല തോതില്‍ വര്‍ധിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ആ കണക്കുകള്‍. അതുപക്ഷേ, പ്രതിപക്ഷത്തോട് മാത്രം പറയാവുന്ന വിശദീകരണമാണ്. ജനങ്ങളോട് അത് മതിയാകില്ല. ഓരോ അഞ്ച് വര്‍ഷവും ഏകദേശം ഇരട്ടിയായി വര്‍ധിക്കുന്ന ഈ ഋണ ഭീമനെ എവിടെക്കൊണ്ട് കെട്ടുമെന്നതിന്, ഏറെ അകലെയാണെങ്കിലും ഒരു ഉത്തരം വേണമല്ലോ. അതാര് നല്‍കും? “റവന്യൂ വരുമാനത്തെ ചെലവുകളിലേക്ക് നീക്കും, ബാക്കി കടമെടുക്കും” എന്ന മന്ത്രിയുടെ ലളിത യുക്തി ആപത്തിന്റെ സൂചന നല്‍കുന്നില്ലേ?

സമ്പദ് മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും അതിന് ആക്കം കൂട്ടുന്ന തരത്തില്‍ കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ച ഉറപ്പ് വരുത്തുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നുമുള്ള ഡോ. ഐസക്കിന്റെ ജനുവരി 15ലെ പ്രസ്താവന ശരിവെക്കുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍. അവ അപ്പാടെ അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പോ തൊട്ടടുത്ത ഒരു വര്‍ഷമോ നടപ്പാക്കാനുള്ളതല്ലെന്നും ഹൃസ്വവും ദീര്‍ഘവുമായ കാലത്തേക്കുള്ള പദ്ധതികള്‍ ഏത് ബജറ്റിലുമുണ്ടാകാറുണ്ടെന്നും അറിയാത്തവരല്ല കേരളീയര്‍. കിഫ്ബിക്ക് ശേഷം വരുമാനത്തിന്റെ പുതിയ സ്രോതസ്സായി അവതരിപ്പിക്കുന്ന കെ ഡിസ്‌ക് (കേരളഡെവലപ്‌മെന്റ് ഇന്നൊവേഷന്‍സ് സ്ട്രാറ്റജി കൗണ്‍സില്‍) എന്ന ഇന്ദ്രജാലവും മന്ത്രി തോമസ് ഐസക്കിന്റേതാകുമ്പോള്‍ കേരളം വിശ്വസിക്കും. പക്ഷേ, തുറിച്ച് നോക്കുന്നത് ഈ കണക്കുകളാണ്. ഒന്ന്, സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311.37 കോടി രൂപ. രണ്ട്, ആഭ്യന്തര കടം 1,65,960.04 കോടി രൂപ. കത്തുന്ന ഈ സത്യത്തെ എങ്ങനെ നേരിടും? ഉത്തരം ഒന്നേയുള്ളൂ. വരുമാനം വര്‍ധിപ്പിക്കണം. ചോര്‍ച്ച അവസാനിപ്പിക്കണം.

കൊവിഡ് കാലത്തെ വളര്‍ച്ചാ മാന്ദ്യത്തെ താരതമ്യത്തിനെടുത്തു കൂടാ. പക്ഷേ, മുന്‍കാല കണക്കുകളും ആശാവഹമല്ല. നോട്ട് നിരോധം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ഉണ്ടാകാം. എല്ലാം പരിഗണിച്ചാലും അവശേഷിക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. വരുമാനത്തില്‍ നല്ലൊരു പങ്ക് പലിശയാണ്. വരുമാനത്തില്‍ നിന്ന് നല്ലൊരു പങ്ക് കടം വീട്ടാനല്ല, പലിശ അടക്കാനായി മാറ്റിവെക്കുന്നു. രണ്ടും കഴിച്ചുള്ളതാണ് യഥാര്‍ഥ റവന്യൂ. അതെത്ര വരും? മറ്റൊരു പ്രശ്‌നമിതാണ്. നികുതിയേതര വരുമാനങ്ങളുടെ തോതെത്ര? പൗരന്റെ വാങ്ങല്‍ ശേഷിയും തിരിച്ചടക്കല്‍ ശേഷിയും ക്ഷയിക്കുന്നതോടെ നികുതി വരുമാനവും പലിശ വരുമാനവും (?) നിലച്ച് പോകില്ലേ? എന്താണ് ബദല്‍?

ഇന്ത്യയില്‍ ബേങ്കുകളുടെ കിട്ടാക്കടം 2018ല്‍ 14 ലക്ഷം കോടിയാണ്. എന്തായിരിക്കും അനന്തര ഫലം? വായ്പ അനുവദിക്കുന്നതിലെ വൈമുഖ്യം. ഫലമോ? വ്യാവസായിക മാന്ദ്യം. ബേങ്കുകളെ രക്ഷിക്കുകയാണ് പ്രതിവിധി. കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്തു? 2,11,000 കോടി രൂപയുടെ മൂലധന പാക്കേജ് കൊണ്ട് ബേങ്കുകളുടെ മൂലധനശേഷി വര്‍ധിപ്പിച്ചു. പക്ഷേ, ഈ ബഹുകോടികള്‍ ഒന്നിച്ച് ഇന്ത്യയിലെ ദരിദ്ര ജനകോടികളുടെ ചുമലിലാണ് വന്ന് പതിക്കുന്നതെന്നോര്‍ക്കണം. കിട്ടാക്കടമായി ശേഷിക്കുന്ന ആ ബഹുകോടികള്‍ 14 ലക്ഷം കോടി വരുന്ന ഇന്ത്യന്‍ നിക്ഷേപകരുടെ വിയര്‍പ്പാണെന്നും ഓര്‍ത്തിരിക്കുക.
നമ്മുടെ സമ്പദ് വ്യവസ്ഥ ഇങ്ങനെ കെണിയില്‍ വീഴുന്നതെന്ത് കൊണ്ട്? അത് നല്ല അളവില്‍ മൂലധന രഹിതമാണ് എന്നതാണ് കാരണം. ഒരു പഴയ കണക്ക് പറയാം. ലോക ഫൈനാന്‍സ് മാര്‍ക്കറ്റില്‍ 600 ട്രില്യന്‍ ഡോളറിന്റെ ഇടപാടുകള്‍ നടക്കുമ്പോള്‍ ലോകത്തെ മൊത്തം ജി ഡി പി അറുപത് ട്രില്യന്‍ ഡോളര്‍ മാത്രമാണ്. അവശേഷിക്കുന്ന പണമോ? അത് മൂലധനരഹിതമായി വീര്‍ത്ത് വന്ന കുമിളകള്‍ മാത്രമാണ്.

കേരളത്തിന് മാത്രമായി ഈ കെണിയില്‍ നിന്ന് രക്ഷപ്പെടാനാകില്ല. പക്ഷേ, കേരളത്തിന്റെ തനത് വരുമാനങ്ങള്‍ വര്‍ധിക്കുന്നതോടെ അമിത നികുതി ഭാരങ്ങളില്‍ നിന്നും മൂലധന രഹിതമായ വ്യാജ വളര്‍ച്ചയില്‍ നിന്നും മോചിതമായ സമ്പദ് വ്യവസ്ഥയെ കെട്ടിപ്പടുക്കാന്‍ സാധ്യമാകും. രണ്ട് കാര്യങ്ങള്‍ എടുക്കാം. യു എ ഇയിലെ ദുബൈ സംസ്ഥാനത്തെ നോക്കുക. മരുഭൂമി. പാശ്ചാത്തല സൗകര്യങ്ങളൊന്നുമില്ല. വരുമാനത്തിന്റെ ആറ് ശതമാനം മാത്രമാണ് എണ്ണയുടെ തോതെന്നറിയുന്നു. ആഗോള രാജ്യങ്ങളുടെ ശ്രദ്ധാ ബിന്ദുവായ ദുബൈയുടെ വളര്‍ച്ചയുടെ രഹസ്യമെന്ത്? കുറ്റമറ്റ സാമ്പത്തികാസൂത്രണം. വിദേശ നിക്ഷേപങ്ങളെയും വിദേശികളെയും ആകര്‍ഷിക്കാനുള്ള ആര്‍ജിതശേഷി. കേരളം ഇതില്‍ നിന്ന് വ്യത്യസ്തമാണ് എന്നതാണ് രണ്ടാമത്തെ കാര്യം. ഇവിടെ മൂന്നരക്കോടി ജനങ്ങളുണ്ട്. സമൃദ്ധമായ മണ്ണുണ്ട്. കടലും കടലോരവും മലയും മലയോരവും പുഴയും തീരങ്ങളും കാടും കാടോരവും വയലും വയലോരവും, പുറമെ ഡാമുകള്‍, മണല്‍, പാറ കരിമണല്‍…. ഇതൊന്നുമില്ല ദുബൈയില്‍. ഉണ്ട്, മരുഭൂമിയും കടലും പുറമെ ആകാശവും. ആ കടലും ആകാശവും സമര്‍ഥമായി ഉപയോഗിച്ച് അവര്‍ മരുഭൂമിയിലേക്ക് ലോകത്ത് നിന്ന് കടല്‍ച്ചാലുകള്‍ തീര്‍ത്തു. ആകാശപ്പാതകള്‍ വെട്ടി. സമൃദ്ധിയുടെ ലോകം തുറന്നു. മനുഷ്യരെ മാത്രമല്ല, ദ്രവ്യങ്ങളെയും ചുമന്നാണ് ആ രാജപാതകള്‍ ദുബൈയിലേക്ക് സഞ്ചരിക്കുന്നത്. നമുക്ക് പ്രതീക്ഷകളുണ്ട്. നോളജ് ഇക്കോണമിയെക്കുറിച്ചും വ്യാവസായിക ഇടനാഴികളെ കുറിച്ചുമെല്ലാം പറയണമെങ്കില്‍ ഡോ. തോമസ് ഐസക് ഇതെല്ലാം മനസ്സില്‍ കണ്ടിരിക്കണം. അപ്പോള്‍ ഇത് കേവലം തിരഞ്ഞെടുപ്പ് ബജറ്റ് മാത്രമല്ല, നവകേരള സൃഷ്ടിപ്പിനായുള്ള സ്വപ്‌നങ്ങള്‍ വിവേകപൂര്‍വം കോര്‍ത്തൊരുക്കിയ പ്രതീക്ഷ പകരുന്ന കാഴ്ചപ്പാടാണ്. ആ കാഴ്ചപ്പാടുകളിലേക്ക് ഇത് കൂടി ചേര്‍ത്താലോ?

നമ്മുടെ ആസൂത്രണത്തിന്റെ തലം സംസ്ഥാന തലത്തില്‍ നിന്ന് ഗ്രാമപഞ്ചായത്ത് തലത്തിലേക്ക് മാറ്റിപ്പിടിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഓരോ ഗ്രാമപഞ്ചായത്തും കുറഞ്ഞത് പരസ്പരാശ്രിത സ്വയംപര്യാപ്തതയിലേക്കെങ്കിലും വളരണം. ഇതിന് ഗ്രാമപഞ്ചായത്ത് കേന്ദ്രീകൃതമായ സാമ്പത്തിക ആസൂത്രണം വേണം.
ഗുണപാഠം: ഇസ്‌ലാമിക ധന വ്യവസ്ഥയുടെ ആധാരശിലകള്‍ രണ്ടാണ്. ഒന്ന്, അല്ലാഹു കച്ചവടം അനുവദിച്ചിരിക്കുന്നു. പലിശ നിഷിദ്ധമാക്കിയിരിക്കുന്നു. (വി. ഖു: 2 :275)
രണ്ട്: പരസ്പര തൃപ്തിയോടെയല്ലാതെയുള്ള സമ്പാദ്യം അരുത്. (വി. ഖു: 4:29)

മാളിയേക്കല്‍ സുലൈമാന്‍ സഖാഫി

---- facebook comment plugin here -----

Latest