Connect with us

Articles

കൊവിഡാനന്തരവും സമരങ്ങള്‍ വേണം

Published

|

Last Updated

ലോകത്തൊട്ടാകെ കൊവിഡ് 19 പടര്‍ന്നു പിടിച്ചപ്പോള്‍ ഇന്ത്യയിലതിന്റെ തുടക്കം മന്ദഗതിയിലായിരുന്നു. ഇറ്റലി, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് അതിന്റെ മരണനൃത്തം ആടിത്തകര്‍ക്കുന്ന സമയം ഇന്ത്യയുടെ തലസ്ഥാന നഗരിയിലടക്കം ജനാധിപത്യത്തിനും പൗരാവകാശത്തിനും വേണ്ടിയുള്ള ബഹുജന പ്രക്ഷോഭം അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുകയായിരുന്നു. ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു അത്. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കി, കഴിയാവുന്നിടത്തൊക്കെ അവരെ അപരവത്കരിച്ച്, അവരുടെ പൗരത്വം നിഷേധിച്ച് രാജ്യത്ത് നിന്ന് പുറന്തള്ളാനുള്ള ബി ജെ പി, ആര്‍ എസ് എസ് ഗൂഢ പദ്ധതിക്കെതിരെയായിരുന്നു ശഹീന്‍ബാഗുകളായി രൂപപ്പെട്ട ആ സമരങ്ങള്‍.

ലോകശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടും ജനാധിപത്യ രീതിയില്‍ ഗാന്ധിയന്‍ സമരമുറയെ ഓര്‍മിപ്പിച്ചു കൊണ്ടും ശഹീന്‍ബാഗിലെ സമരം ഇന്ത്യന്‍ ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് മുന്നേറിയത്. അപ്പോഴേക്കും കൊവിഡ് 19 എന്ന മഹാമാരി ഇന്ത്യയെയും വരിഞ്ഞു മുറുക്കിത്തുടങ്ങി. യൂറോപ്യന്‍, അമേരിക്കന്‍ ഭൂഖണ്ഡങ്ങളെ വിറപ്പിച്ചും വിറങ്ങലിപ്പിച്ചും മുന്നേറിയ കൊവിഡ് 19 ഇന്ത്യയിലും (പ്രത്യേകിച്ച് ഡല്‍ഹിയടക്കമുള്ള പ്രദേശങ്ങളില്‍) സംഹാരതാണ്ഡവമാടിയപ്പോള്‍ പൗരത്വ ഭേദഗതി നിയമവും അതിനെതിരെയുള്ള ശഹീന്‍ബാഗ് സമരവുമൊക്കെ തത്കാലം കളത്തിനു പുറത്തായി. വീണതു വിദ്യയാക്കി മോദിയും അമിത് ഷായുമടക്കമുള്ള ഹിന്ദുത്വ ഭരണാധികാരികളുടെ സ്വരത്തിലും ചില മാറ്റങ്ങളൊക്കെ വന്നുതുടങ്ങി. അങ്ങനെയാണ് 101 ദിവസം നീണ്ടുനിന്ന ശഹീന്‍ബാഗ് സമരം 2019 മാര്‍ച്ച് 24ന് പിന്‍വലിക്കേണ്ടി വന്നത്. പിന്നെ ചര്‍ച്ചയും ശ്രദ്ധയുമൊക്കെ കൊറോണ വൈറസിനെ ചെറുക്കുന്നതിനെ കുറിച്ചായി.
പക്ഷേ, പുള്ളിപ്പുലിയുടെ പുള്ളി ഒരിക്കലും മായ്ക്കാനാകില്ലെന്നത് പോലെ ഇന്ത്യയിലെ സവര്‍ണ ഹൈന്ദവതയിലൂന്നിയ ഫാസിസ്റ്റ് അജന്‍ഡകള്‍ സംഘ്പരിവാറിന് മാറ്റിവെക്കാനാകില്ലെന്ന് തെളിയിക്കുകയായിരുന്നു അവര്‍ പിന്നീടുള്ള ഓരോ ചുവടുവെപ്പിലും. ഡല്‍ഹി കൊവിഡിന്റെ കൂത്തരങ്ങായി മാറി മരണം വിതക്കുമ്പോള്‍ പോലും അതിനെ ഫലപ്രദമായി ചെറുക്കാന്‍ കഴിയാതിരുന്ന ഭരണാധികാരികള്‍ ആദ്യം ചെയ്തു തുടങ്ങിയത് പൗരത്വ നിയമത്തിനെതിരെ നഗരത്തിലെ കലാലയങ്ങളുടെ മതിലുകളിലും ചുവരുകളിലും പ്രത്യക്ഷപ്പെട്ടിരുന്ന ചുവരെഴുത്തുകളെ മായ്ച്ചുകളയുക എന്നതായിരുന്നു. കാരണം ആ സമരത്തിന്റെ ഉജ്ജ്വലമായ ഓര്‍മകളെ അവര്‍ ഭയപ്പെട്ടിരുന്നു എന്നര്‍ഥം. ഡല്‍ഹിയില്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരുടെ സംഗമമാണ് കൊവിഡ് വ്യാപനത്തിന് കാരണമായത് എന്നുവരെ ഭരണകൂടം തന്നെ പ്രചരിപ്പിച്ചു തുടങ്ങി. ഫാസിസത്തിന്റെ കുഴലൂത്തുകാരായി വലതുവത്കരിക്കപ്പെട്ട കോര്‍പറേറ്റ് മീഡിയകളും ആ ദുഷ്പ്രചാരണം ഏറ്റുപിടിക്കുകയായിരുന്നു. അതുകൊണ്ടൊക്കെ അവര്‍ മനസ്സില്‍ കണ്ടിരുന്നത്, കൊവിഡാനന്തരവും തങ്ങള്‍ തുടങ്ങിവെച്ച മുസ്‌ലിം, ദളിത് വേട്ടകളും പൗരത്വ നിയമ ഭേദഗതിയും മുന്നോട്ട് കൊണ്ടു പോകുക എന്നത് തന്നെയായിരുന്നു.

പക്ഷേ, കൊവിഡിനെതിരെ ഭരണകൂടത്തിന് കാര്യമായൊന്നും ചെയ്യാന്‍ കഴിയാതാകുകയും വടക്കേ ഇന്ത്യയിലാകമാനം തെരുവുകളില്‍ പാവപ്പെട്ടവര്‍ മരിച്ചുവീഴുന്നത് തുടരുകയും ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊറോണ ബാധിതര്‍ ഇന്ത്യക്കാരാകുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. ആയിടക്ക് കോടതിക്ക്‌പോലും ഒരു പ്രത്യേക സമുദായത്തെ കൊവിഡ് പരത്തുന്നവരായി ചിത്രീകരിക്കുന്നതിനെ തള്ളിപ്പറയേണ്ടിവന്നു.
താത്കാലികമായെങ്കിലും പൗരത്വത്തിന്റെ പേരിലുള്ള വേട്ടയാടലില്‍ നിന്ന് മോചിതരാകും എന്ന ഒരാശ്വാസം ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ വരാനുള്ള ചിത്രം കൂടുതല്‍ ഭീകരവും അപകടകരവും ആകും എന്നതിന്റെ പരസ്യ സൂചനകള്‍ ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ നല്‍കിത്തുടങ്ങിയത് വിസ്മരിച്ചുകൂടാ. സി എ എയും എന്‍ ആര്‍ സിയുമൊക്കെ മുമ്പ് പറഞ്ഞ പ്രകാരം തന്നെ നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അതിലേക്കുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അമിത് ഷായില്‍ നിന്ന് തന്നെ പ്രസ്താവന വന്നു.

ഒരു മഹാമാരിക്കും മഹാ നീചന്മാരുടെ മനസ്സുകള്‍ മാറ്റാനാകില്ലെന്ന് തന്നെയാണിത് അര്‍ഥശങ്കക്കിടയില്ലാതെ സൂചിപ്പിക്കുന്നത്. കാരണം ഏത് തരം ഫാസിസത്തിന്റെയും ചിന്തകള്‍ രൂപ്പപ്പെടുന്നത് ചില വികല വ്യക്തികളുടെ മനസ്സില്‍ നിന്നായാല്‍ പോലും പിന്നീട് അവരുടെ നിയന്ത്രണത്തിലും ആശയത്തിലും വര്‍ത്തിക്കുന്ന വെറുപ്പിലധിഷ്ഠിതമായ ചില വേട്ടക്കാരുണ്ടാകും. അവരുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന പാവകളായി ഭരണാധികാരികള്‍ മാറിക്കഴിഞ്ഞിരിക്കും. ഇന്ത്യയില്‍ ഫാസിസത്തിന്റെ പിന്നിലുള്ള ആ ചാലകശക്തി ആര്‍ എസ് എസാണ്. അവര്‍ ചാവി കൊടുത്താല്‍ ചലിക്കുന്ന പാവകള്‍ മാത്രമാണ് ഇവിടെ ഭരണം നിയന്ത്രിക്കുന്നത്.
ഇന്ത്യയില്‍ മാത്രമല്ല, ഫാസിസവും വംശീയതയും കോര്‍പറേറ്റനുകൂല നയങ്ങളും തലക്കുപിടിച്ച ഏത് ഭരണാധികാരികള്‍ക്കും മനുഷ്യത്വത്തിലധിഷ്ഠിതമായ ജനാധിപത്യത്തിലേക്ക് ചിന്തകളെ മാറ്റാനാകില്ലെന്നത് സത്യം. ഇന്ത്യയിലെ എല്ലാ തരം ദുഷ്‌ചെയ്തികള്‍ക്കും കൂട്ടുനിന്ന സാക്ഷാല്‍ ട്രംപും അതു തന്നെയല്ലേ ക്യാപിറ്റോള്‍ ആക്രമണത്തിലൂടെ ലോകത്തിന് നല്‍കുന്ന സന്ദേശം? പക്ഷേ, അമേരിക്കയിലെ ജനാധിപത്യ സംവിധാനത്തിന് നിലവില്‍ ഏകാധിപത്യത്തേക്കാള്‍ കരുത്ത് പ്രകടിപ്പിക്കാനാകും എന്നുള്ളത് കൊണ്ട് ട്രംപിന്റെ പരാജയം നമുക്കുറപ്പിക്കാം.

എന്നാല്‍, ഹൈന്ദവ ഫാസിസവും അപരമത വിദ്വേഷവും പിടിമുറുക്കിയ ഇന്ത്യന്‍ ഭരണകൂടത്തെ തളക്കാന്‍ തക്ക കരുത്ത് ഇന്ത്യയിലെ ബി ജെ പി, ആര്‍ എസ് എസ് ഇതര ശക്തികള്‍ക്കുണ്ടോ എന്നത് സംശയാസ്പദമാണ്. അത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ദൗര്‍ബല്യത്തെയാണ് സൂചിപ്പിക്കുന്നത്.

ഈയൊരവസ്ഥയില്‍ ഇനി കൊവിഡ് ശമിച്ചാലും ഇല്ലെങ്കിലും നമ്മുടെയൊക്കെ ജീവിതം നമ്മെ ഭരിക്കുന്നവരുടെ ഇംഗിതങ്ങള്‍ക്കൊത്ത് ചേര്‍ന്നുനിന്നുകൊണ്ട് തന്നെയാകും മുന്നോട്ട് പോവുക. അല്ലാതെ മറ്റു മാര്‍ഗമില്ലെന്നര്‍ഥം. അപ്പോള്‍ പൗരത്വ ഭേദഗതി നിയമവും അതിന്റെ പേരിലുള്ള മുസ്‌ലിം വേട്ടകളും അവര്‍ പുനരാരംഭിക്കും എന്നുറപ്പിക്കാവുന്നതേയുള്ളൂ. അതുതന്നെയാണ് 2019ല്‍ പാര്‍ലിമെന്റില്‍ പാസ്സാക്കിയെടുത്ത പൗരത്വ നിയമം നടപ്പാക്കിയേ തീരൂ എന്ന് മോദിയും അമിത് ഷായുമൊക്കെ ഇപ്പോള്‍ ആവര്‍ത്തിച്ചു പറയുന്നതിന്റെ പൊരുളും.
ഈ സാഹചര്യത്തില്‍ ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് മുമ്പിലും പഴയ സമരമുറകള്‍ കൂടുതല്‍ കരുത്തോടെയും ജനാധിപത്യ മൂല്യങ്ങളില്‍ ഊന്നിയും പുനരുജ്ജീവിപ്പിക്കുക എന്ന വഴി മാത്രമേയുള്ളൂ എന്നിടത്തേക്കാണ് കാര്യങ്ങള്‍ നടന്നടുക്കുന്നത്.
ആയിടക്ക് ഉരുത്തിരിഞ്ഞു വന്ന ഏക ആശ്വാസം പഞ്ചാബില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഇന്ത്യയിലെ മൊത്തം കര്‍ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞ കര്‍ഷകരുടെ മുന്നേറ്റ സമരങ്ങളാണ്. ആ സമരത്തോടു കൂടി ഐക്യപ്പെട്ടുകൊണ്ട് ഇന്ത്യയിലെ അപരവത്കരിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളും തങ്ങളുടെ സമരമുറകളെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പൊതുവികാരമാക്കി പരിവര്‍ത്തിപ്പിച്ചെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

കഴിഞ്ഞ ശഹീന്‍ബാഗ് സമരകാലത്ത് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്ക് കാവലായി നിന്നതും അന്നത്തെ സഹന സമരക്കാര്‍ക്ക് ഭക്ഷണം വിളമ്പാന്‍ പഞ്ചാബില്‍ നിന്ന് സിഖ് സംഘങ്ങള്‍ തയ്യാറായി വന്നതും വിസ്മരിച്ചുകൂടാത്തതാണ്. ആ തരത്തിലുള്ള ഒരു മുന്നേറ്റത്തിന് വേദിയൊരുങ്ങിയേ തീരൂ എന്ന ബോധത്തിലേക്ക് എത്തിപ്പെടാന്‍ സമയമായി എന്നാണ് പൗരത്വ നിയമത്തിന്റെ പേരില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നീക്കം നല്‍കുന്ന സൂചനകള്‍ തെളിയിക്കുന്നത്.

കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി