Connect with us

Articles

വീണ്ടുമൊരു ഇടതു തരംഗം

Published

|

Last Updated

1984ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ ഫലം സി പി എം നേതാവ് ഇ എം എസ് നമ്പൂതിരിപ്പാടിനെ ഏറെ വേദനിപ്പിച്ചു. കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥി എം ചാള്‍സിന്റെ വിജയമായിരുന്നില്ല ഇ എം എസിന്റെ മനഃപ്രയാസത്തിന് കാരണം. ഹിന്ദു മുന്നണി സ്ഥാനാര്‍ഥി പി കേരളവര്‍മരാജ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തെത്തിയതാണ് ഇ എം എസിന് പ്രശ്‌നമായത്. അതില്‍ തന്നെ തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ നിയോജക മണ്ഡലത്തില്‍ കേരളവര്‍മരാജ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു, ഇടതു മുന്നണി സ്ഥാനാര്‍ഥി എം നീലലോഹിതദാസന്‍ നാടാരെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട്.

പൂഞ്ഞാര്‍ കൊട്ടാരത്തില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ കേരളവര്‍മരാജാ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായിരുന്നു. മുഖ്യമന്ത്രി കെ കരുണാകരന്റെ നാടാര്‍ രാഷ്ട്രീയ തന്ത്രത്തിലൂടെ സ്ഥാനാര്‍ഥിയായ എം ചാള്‍സ് 2,39,791 വോട്ടും ഇടതു മുന്നണി സ്ഥാനാര്‍ഥി നീലലോഹിതദാസന്‍ നാടാര്‍ 1,86,353 വോട്ടും നേടി. 1,10,449 വോട്ടുകളുമായി കേരളവര്‍മ രാജ തിളക്കമുള്ള മൂന്നാം സ്ഥാനത്തുമെത്തി. ആകെ വോട്ടിന്റെ 19.80 ശതമാനം. ചാള്‍സിന് 43 ശതമാനവും നീലന് 33.41 ശതമാനവും വോട്ട് കിട്ടി. ഹിന്ദു മുന്നണിക്ക് 19.80 ശതമാനം വോട്ട് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എങ്ങനെ കിട്ടി എന്ന ചോദ്യമാണ് ഇ എം എസിനെ ആശങ്കപ്പെടുത്തിയത്.

2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. ഏറ്റവും വലിയ കക്ഷിയായി ഉയര്‍ന്ന സി പി എം, യു ഡി എഫ് പിന്തുണയോടെ ഭരിച്ചു. 35 അംഗങ്ങളുണ്ടായിരുന്ന ബി ജെ പി പ്രതിപക്ഷത്തിരുന്നു. യു ഡി എഫിന് കിട്ടിയത് 21 സീറ്റ്. ആര്‍ എസ് പിയുടെ രണ്ട്, മുസ്‌ലിം ലീഗിന്റെ രണ്ട്, സി എം പിയുടെ ഒന്ന് എന്നിവ ഉള്‍പ്പെടെ. തിരുവനന്തപുരം കോര്‍പറേഷനില്‍ ആകെയുള്ള 100 സീറ്റില്‍ കോണ്‍ഗ്രസിന് തനിച്ച് കിട്ടിയത് വെറും 15 സീറ്റ്.

ഇത്തവണ കോണ്‍ഗ്രസ് പിന്നെയും താഴ്ന്നു. ആകെയുള്ള 100 സീറ്റില്‍ കിട്ടിയത് വെറും ഒമ്പത് സീറ്റ്. ആര്‍ എസ് പിക്ക് കിട്ടിയ ഒരു സീറ്റും കൂടി കൂട്ടിയാല്‍ യു ഡി എഫിന്റെ ശക്തി വെറും പത്ത്. 52 സീറ്റുമായി സി പി എം ഒറ്റക്ക് ഭരിക്കും. കഴിഞ്ഞ തവണത്തെ 35 സീറ്റ് ബി ജെ പിക്ക് ഇത്തവണ 34 ആയെന്ന് മാത്രം.
1984ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വെറും മൂന്നാം സ്ഥാനത്തെത്തുന്നത് കണ്ട് ഇ എം എസ് പരിഭ്രമിക്കുകയും പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും തുടക്കം കുറിക്കുകയും ചെയ്തുവെങ്കിലും തിരുവനന്തപുരത്തെ സ്വന്തം വീഴ്ച കണ്ടിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ അനങ്ങാതിരുന്നു. ആര്‍ക്കും ഒരു കുറ്റബോധവും തോന്നിയില്ല. ഈ നില മാറണമെന്നും കോണ്‍ഗ്രസിനെ വളര്‍ത്തണമെന്നും ആരും ആലോചിച്ചില്ല. കോര്‍പറേഷന്‍ തിരികെ പിടിക്കാന്‍ ഒരു പദ്ധതിയും പരിപാടിയും ഉണ്ടാക്കിയില്ല. ജയിച്ചാല്‍ മേയറാകുമെന്ന് പറയാന്‍ മാത്രം യോഗ്യതയുള്ള ഒരാളെ അവതരിപ്പിച്ചത് പോലുമില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ ആകെയുള്ള നൂറ് സീറ്റില്‍ വെറും ഒമ്പത് സീറ്റുമായി നാണം കെട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. കേരളത്തിലങ്ങോളമിങ്ങോളം ഇടതു തരംഗം ആഞ്ഞടിക്കുന്നതും ബി ജെ പി എങ്ങുമെത്താതെ നില്‍ക്കുന്നതും സംസ്ഥാനത്ത് ഉരുത്തിരിയുന്ന രാഷ്ട്രീയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പിണറായി സര്‍ക്കാര്‍ ഇക്കാലയളവില്‍ നേടിയ നേട്ടങ്ങളൊക്കെയും സ്വര്‍ണക്കടത്തിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണങ്ങളിലുമൊക്കെയായി മുങ്ങിപ്പോയിട്ടും ഇടതു മുന്നണി നേടിയ വന്‍ നേട്ടം തിളക്കമേറിയത് തന്നെ.
ഇടതുപക്ഷത്തിന്റെ നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ. കാരണം ഭരണത്തിന്റെ നേതൃത്വം അദ്ദേഹത്തിന്റെ കൈയിലാണ്. മുന്നണിയുടെ അനിഷേധ്യ നേതാവും പിണറായി തന്നെ. സി പി എമ്മിനകത്തും പിണറായിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത സ്ഥിതി. അതുകൊണ്ട് തന്നെ കേരളത്തില്‍ ഉയര്‍ന്ന രാഷ്ട്രീയ ആരോപണങ്ങളൊക്കെയും പിണറായിക്കെതിരെ തന്നെയായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണ പരമ്പരകളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ പിണറായി സര്‍ക്കാറിനെ തന്നെ ഉന്നം വെക്കുന്നതായിരുന്നു. ഇതൊക്കെയായിട്ടും പ്രതിപക്ഷത്തിന്, അതായത് യു ഡി എഫിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേധാവിത്വത്തെ വെല്ലുവിളിക്കാനായില്ല, ബി ജെ പിക്കും.

ഇനി പ്രതിപക്ഷം എന്ത് ചെയ്യുന്നുവെന്നത് തന്നെയാണ് കേരളം ഉറ്റുനോക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ കുറേ മാസങ്ങള്‍ കൊണ്ട് വളരെ മുമ്പിലെത്തിയിരുന്നു. സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ ദിനേനെയെന്നോണം പത്രസമ്മേളനങ്ങളുമായി രമേശ് ജനങ്ങളുടെ മുമ്പിലെത്തി. സ്പ്രിംഗ്ലര്‍ മുതല്‍ സ്വര്‍ണക്കടത്ത് വരെ നിരവധിയായ വിഷയങ്ങള്‍ മുന്നോട്ടുകൊണ്ടുവന്ന രമേശ് ചെന്നിത്തല പ്രതിപക്ഷത്തിന് പുതിയ ജീവന്‍ നല്‍കുകയും ചെയ്തു. നിപ്പാ, കൊവിഡ് എന്നീ രണ്ട് മഹാമാരികളെയും രണ്ട് പ്രളയ ദുരന്തങ്ങളെയും നേരിടാന്‍ നേതൃത്വം കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നേറ്റത്തിന് തടയിടാന്‍ രമേശിന് കഴിഞ്ഞുവെന്നത് വസ്തുതയാണ്. പക്ഷേ, ഈ നീക്കം എത്രകണ്ട് പ്രതിപക്ഷത്തെ തുണച്ചുവെന്നത് വലിയ ചോദ്യമാണ്. പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷ നേതാവിന്റെയും പ്രചാരണം ഈ രീതിയില്‍ തുടരണമോ, അതില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരണമോ എന്ന കാര്യം നേതൃത്വം ആലോചിക്കേണ്ടത് തന്നെയാണ്. നിര്‍ണായക ഘട്ടത്തില്‍ ജോസ് കെ മാണിയെ മുന്നണിയില്‍ നിന്ന് പറഞ്ഞുവിട്ടത് പോലെയുള്ള ആലോചനകളില്ലാത്ത നടപടികളെ കുറിച്ച് പുനര്‍ വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. യു ഡി എഫിലും കോണ്‍ഗ്രസിലും നേതൃമാറ്റത്തിന് വേണ്ടിയുള്ള ശബ്ദം ഉയരുമോ എന്നും കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Latest