Connect with us

Science

ചന്ദ്രനില്‍ നിന്ന് കല്ലും മണ്ണും ശേഖരിച്ച് ചൈനയുടെ ചാംഗ് ഇ- 5 പേടകം; ഉടനെ ഭൂമിയിലേക്കയക്കും

Published

|

Last Updated

ബീജിംഗ് | ചൈന കഴിഞ്ഞ ദിവസം അയച്ച ചാംഗ് ഇ- 5 പേടകം ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നത് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇത് ഭൂമിയിലേക്ക് അയക്കും. ഇതോടെ നാല് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാകും ചന്ദ്രനിലെ വസ്തു ഭൂമിയിലെത്തുക.

ചന്ദ്രനില്‍ ഇതുവരെ പര്യവേക്ഷണം നടന്നിട്ടില്ലാത്ത ഭാഗത്ത് നിന്നാണ് പാറക്കഷണങ്ങളും മണ്ണും ഈ പേടകം ശേഖരിച്ചത്. ചന്ദ്രനിലെ ഓഷ്യാനസ് പ്രൊകില്ലാറം എന്ന പ്രദേശത്ത് നിന്നാണ് രണ്ട് കിലോഗ്രാം വരുന്ന സാമ്പിളുകള്‍ ശേഖരിച്ചത്. ലാവ നിറഞ്ഞ ഇടമാണിത്.

ചന്ദ്രന്റെ ഉത്ഭവം, രൂപപ്പെടല്‍, അഗ്നിപര്‍വ പ്രവര്‍ത്തനം തുടങ്ങിയവ സംബന്ധിച്ച് പഠിക്കാന്‍ ഈ സാമ്പിളുകള്‍ സഹായിക്കുമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ബഹിരാകാശ പദ്ധതികള്‍ക്ക് വന്‍തോതില്‍ പണമാണ് ചൈന വിനിയോഗിക്കുന്നത്. 2022ഓടെ ആളുകളോടെയുള്ള ബഹിരാകാശ കേന്ദ്രം തുറക്കാനും ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുമാണ് ചൈന ലക്ഷ്യമിടുന്നത്.

Latest