Connect with us

International

ഇന്ത്യന്‍ വംശജ ഇനി അമേരിക്കയുടെ വൈസ് പ്രസിഡന്റ്

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായാണ് കമല ഹാരിസ് ചരിത്രമെഴുതിയത്. ജോ ബൈഡന്റെ വലം കൈയ ആയി മത്സരത്തിനിറങ്ങിയ അവര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക് പെന്‍സിനെയാണ് പരാജയപ്പെടുത്തിയത്. വെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മൂന്നാമത്തെ വനിത കൂടിയാണ് അവര്‍. ഇന്ത്യന്‍ വംശജയാണ് കമലയെന്നത് മറ്റൊരു പ്രത്യേകത.

തമിഴ്‌നാട് സ്വദേശിയാണ് കമലയുടെ മാതാവ്. പിതാവ് ജമൈക്കക്കാരന്‍. ആഫ്രോ അമേരിക്കന്‍ വംശജരുടെയും ഇന്ത്യന്‍ വേരുകളുള്ള അമേരിക്കക്കാരുടെയും പിന്തുണ ബൈഡന്‍ – കമല കൂട്ടുകെട്ടിന് തുണയായെന്ന് വിലയിരുത്തപ്പെടുന്നു. ട്രംപിന്റെ അധിക്ഷേപങ്ങളെ മറികടന്നാണ് അവര്‍ വിജയക്കൊടി പാറിച്ചത്.

കാലിഫോര്‍ണിയില്‍ നിന്നുള്ള സെനറ്ററാണ് കമല ഹാരിസ്. തുടക്കത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അവര്‍ രംഗത്ത് വന്നിരുന്നുവെങ്കിലും ജോ ബൈഡന് പിന്തുണ നല്‍കി പിന്‍മാറുകയായിരുന്നു.

കലിഫോര്‍ണിയയിലെ ഓക്ലന്‍ഡില്‍ 1964 ഒക്ടോബര്‍ 20നാണ് കമല ദേവി ഹാരിസ് ജനിച്ചത്. കമലയ്ക്ക് ഏഴുവയസ്സ് ഉള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്. 12 ാം വയസ്സില്‍ കാനഡയിലെ ക്യുബെക്കിലെ മോണ്‍ട്രിയലിലേക്ക് അമ്മയ്ക്കും സഹോദരി മായയ്ക്കും ഒപ്പം കമല മാറി. അവിടെ നിന്നാണ് രാഷ്ട്രീയത്തില്‍ മോഹമുദിക്കുന്നത്. പിന്നീട് യുഎസില്‍ തിരിച്ചെത്തി ഹോവഡ് സര്‍വകലാശാലയില്‍ നിന്നും കലിഫോര്‍ണിയ സര്‍വകലാശാലയുടെ ഹേസ്റ്റിങ്‌സ് കോളജ് ഓഫ് ലോയില്‍നിന്നും പഠനം പൂര്‍ത്തിയാക്കി. സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിഎ നേടിയതിനു പിന്നാലെ നിയമത്തില്‍ ബിരുദം എടുക്കുകയും ചെയ്തു.

1990 ല്‍ കലിഫോര്‍ണിയ സ്റ്റേറ്റ് ബാറില്‍ ചേര്‍ന്ന് തന്റെ കരിയറില്‍ കമല ശ്രദ്ധിച്ചുതുടങ്ങി. പിന്നാലെ അലമേഡ കൗണ്ടിയിലെ ഡപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയായി. 1998ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ ഓഫിസിലെ കരിയര്‍ ക്രിമിനല്‍ യൂണിറ്റിന്റെ മാനേജിങ് അറ്റോര്‍ണിയായി അവര്‍ ചുമതലയേറ്റെടുത്തു. 2000 ല്‍ അതേ ഓഫിസിന്റെ കമ്യൂണിറ്റി ആന്‍ഡ് നെയ്ബര്‍ഹുഡ് ഡിവിഷന്റെ മേധാവിയായി. 2010 ല്‍ കലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.

2016 നവംബറിലാണ് കലിഫോര്‍ണിയയില്‍നിന്ന് കമല സെനറ്റിലെത്തിയത്. സെനറ്റിന്റെ ഹോംലാന്‍ഡ് സെക്യൂരിറ്റി ആന്‍ഡ് ഗവണ്‍മെന്റല്‍ അഫയര്‍ കമ്മിറ്റി, സിലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സ്, കമ്മിറ്റി ഓണ്‍ ജുഡീഷ്യറി ആന്‍ഡ് കമ്മിറ്റി ഓണ്‍ ബജറ്റ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു.

2009 ലാണ് ആദ്യ പുസ്തകം “സ്മാര്‍ട് ഓണ്‍ ക്രൈം: എ കരിയര്‍ പ്രോസിക്യൂട്ടേഴ്‌സ് പ്ലാന്‍ ടു മെയ്ക്ക് അസ് സേഫര്‍” പ്രസിദ്ധീകരിക്കുന്നത്. ദ് ട്രൂത്സ് വി ഹോള്‍ഡ്: ആന്‍ അമേരിക്കന്‍ ജേണി, സൂപ്പര്‍ഹീറോസ് ആര്‍ എവരിവേര്‍ എന്നീ പുസ്തകങ്ങള്‍ 2019 ന്റെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെയാണ് കമല വിവാഹം ചെയ്തത്.

---- facebook comment plugin here -----

Latest