Connect with us

International

ഫലം വരും മുമ്പെ ഭരണ തീരുമാനം പ്രഖ്യാപിച്ച് ജോ ബൈഡന്‍; അനിശ്ചിതത്വം മാറാന്‍ മണിക്കൂറുകള്‍ മാത്രം

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്നിട്ട് നില്‍ക്കെ ഭരണതീരുമാനം പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. എതിരാളി ഡൊണാള്‍ഡ് ട്രംപിന്റെ തെറ്റായ തീരുമാനങ്ങള്‍ തിരുത്തുമെന്ന് പറഞ്ഞ ബൈഡന്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പാരീസ് ഉടമ്പടിയില്‍ തുടരുമെന്ന് വ്യക്തമാക്കി. ബൈഡന്‍ വിജയത്തിനരികെയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തെത്തിയ കണക്കുകള്‍ അനുസരിച്ച് 253 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് 213 വോട്ടുകളും ലഭിച്ചു.

538 അംഗ ഇലക്ടറല്‍ കോളേജിലെ 270 അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നയാളാണ് പ്രസിഡന്റ് ആവുക. നിര്‍ണായക സംസ്ഥാനങ്ങളായ വിസ്‌കോന്‍സിന്‍, മിഷിഗണ്‍ എന്നിവിടങ്ങളിലും ബൈഡന്‍ വിജയത്തിന്റെ വെന്നിക്കൊടി പറത്തിക്കഴിഞ്ഞു.

അതേ സമയം വിസ്‌കോന്‍സിനിലെ ബൈഡന്റെ വിജയത്തിനു പിന്നാലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ട്രംപ് ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതിന് പുറമെ മിഷിഗണിലെ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ക്യാമ്പ് പരാതിയും നല്‍കിയിട്ടുണ്ട്.

വോട്ടെണ്ണല്‍ തുടരുന്ന ജോര്‍ജിയ, നോര്‍ത്ത് കാരലിന, പെന്‍സില്‍വാനിയ എന്നീ സ്റ്റേറ്റുകളില്‍ ട്രംപാണ് മുന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിലേതെങ്കിലും ഒരു സ്റ്റേറ്റില്‍ ബൈഡന്‍ ജയിച്ചാല്‍ ട്രംപിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ട്. ബൈഡന് നേരിയ ഭൂരിപക്ഷമുണ്ടായിരുന്ന നെവാഡയില്‍ വോട്ടെണ്ണല്‍ വ്യാഴാഴ്ച വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചിരുന്നു. അതേ സമയം മണിക്കൂറുകള്‍ക്കകം ഔദ്യോഗിക ഫലപ്രഖ്യാനം വരുമെന്നാണ് അറിയുന്നത്

Latest