Connect with us

Articles

ഫ്രാൻസിൽ എന്താണ് സംഭവിക്കുന്നത്?

Published

|

Last Updated

ഫ്രാൻസിൽ നിന്ന് കേട്ട രണ്ട് പ്രതികരണങ്ങളിൽ നിന്ന് തുടങ്ങാം. ഒന്ന് ഒരു അധ്യാപികയുടേതാണ്. പേര് മാരി സോമറ്റ്. “ഞാൻ ഭയക്കില്ല. ഫ്രാൻസിന്റെ ദേശീയമൂല്യങ്ങൾ പഠിപ്പിച്ചുകൊണ്ടേയിരിക്കും. ആർക്കും അത് തടയാനാകില്ല” ക്ലാസ് മുറിയിൽ നബിനിന്ദാ കാർട്ടൂൺ പ്രദർശിപ്പിക്കുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത അധ്യാപകൻ സാമുവേൽ പാറ്റിക്ക് വേണ്ടി അവർ കണ്ണീർ വാർത്തു. അവർ ആവർത്തിച്ചു. “ഞാൻ പേടിക്കില്ല”. രണ്ടാമത്തെ പ്രതികരണം ഒരു സോഷ്യൽ ആക്ടിവിസ്റ്റിന്റേതാണ്- ഡൊമിനിക് സോപോ. വംശീയതക്കെതിരായ കൂട്ടായ്മയിലെ മുന്നണി പോരാളിയാണ് അദ്ദേഹം. “തീവ്രവാദത്തിനെതിരെ ശക്തമായ നടപടി അനിവാര്യമാണ്. എന്നാൽ സർക്കാർ ഇപ്പോൾ ചെയ്യുന്നത് അതല്ല. ഇവിടെ നടക്കുന്നത് ഒരു സമുദായത്തെ പൂർണമായി അന്യവത്കരിക്കുകയാണ്. കുടിയേറ്റ സമൂഹത്തെ ആട്ടിയോടിക്കാനുള്ള മണ്ണൊരുക്കലാണ്”. ഈ രാഷ്ട്രീയം ഫ്രാൻസ് എന്ന ആശയത്തിന് എതിരാണെന്ന് അദ്ദേഹം തുറന്നടിച്ചു.

ഈ രണ്ട് പ്രതികരണങ്ങൾ ഫ്രാൻസിന്റെ വർത്തമാന അവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഒരു ഭാഗത്ത് ഭയത്തിന്റെ സുനാമി ആഞ്ഞടിക്കുന്നു. നീസ് ചർച്ചിലെ കത്തിയാക്രമണം കൂടിയായപ്പോൾ അത് പതിൻമടങ്ങായിരിക്കുന്നു. ക്ലാസ് മുറിയിൽ ആ ക്ഷുദ്ര കാർട്ടൂൺ പ്രദർശിപ്പിക്കുന്നതാണ് ഫ്രാൻസിന്റെ ദേശീയമൂല്യമെന്ന് ചിലർ ധരിച്ചുവെച്ചിരിക്കുന്നു. ഈ സാഹചര്യം മുതലെടുത്ത് വംശീയ രാഷ്ട്രീയത്തിന്റെ രഥചക്രങ്ങൾ ബഹുസ്വരതയുടെ എല്ലാ സാധ്യതകളെയും തകർത്തെറിയുന്നു. തങ്ങൾക്ക് ഒരു പങ്കാളിത്തവുമില്ലാത്ത, ഏതോ നിഗൂഢ കേന്ദ്രങ്ങളിൽ രൂപപ്പെടുന്ന ഭീകരതക്കും പ്രകോപനങ്ങൾക്കും ഇരയായി സ്വാസ്ഥ്യം നഷ്ടപ്പെടുന്നവരായി ഫ്രാൻസിലെ മുസ്‌ലിംകൾ അധഃപതിക്കുന്നു. അങ്ങനെ ഫ്രാൻസ് ഒരു രാജ്യമല്ല, ലോകം തന്നെയായി മാറുന്നു.

ഫ്രഞ്ച് ജനസാമാന്യത്തെ ഭയത്തിന്റെയും സംശയത്തിന്റെയും മുസ്‌ലിം വിരുദ്ധതയുടെയും കുടിയേറ്റ വിരുദ്ധതയുടെയും കള്ളിക്കകത്ത് തളച്ചിടാൻ വീണു കിട്ടിയ അവസരമായി നബിനിന്ദാ കാർട്ടൂണും അതിന് പിറകേ നടന്ന ക്രൂരമായ നരഹത്യയും അവസരമാക്കുകയാണ് ഇമ്മാനുവേൽ മാക്രോൺ ഭരണകൂടം. ഫ്രാൻസിനെ കീഴ്‌പ്പെടുത്താൻ വരുന്ന അന്യ പ്രത്യയ ശാസ്ത്രമായി ഇസ്‌ലാമിനെ പ്രഖ്യാപിക്കുന്ന മാക്രോൺ മതവിദ്വേഷത്തിലധിഷ്ഠിതമായ ദേശീയത കത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് വർഷം കഴിഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഭരണപരാജയം മൂടിവെക്കാൻ മറ്റൊരു വഴിയുമില്ല മാക്രോണിന്റെ മുന്നിൽ.
ഈ നീക്കത്തെ വിമർശിച്ച് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ രംഗത്ത് വന്നപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എവിടെ നിന്നുവെന്ന് നോക്കിയാൽ മതി ഇതിന്റെ രാഷ്ട്രീയം മനസ്സിലാക്കാൻ. എല്ലാ നയതന്ത്ര മര്യാദയും ലംഘിച്ച് ഫ്രാൻസിനെ പിന്തുണക്കുകയും അറബ് രാജ്യങ്ങളെ വിമർശിക്കുകയുമാണ് മോദി ഭരണകൂടം ചെയ്തത്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മാക്രോൺ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് റാഡിക്കൽ ഇസ്‌ലാമിനോടാണ്, തീവ്രവാദത്തോടാണ്. സമാധാനകാംക്ഷികൾക്കെല്ലാം അണിചേരാവുന്ന ഒരു യുദ്ധമാണല്ലോ അത്. ഭീകരതയെ ആരാണ് ശരിവെക്കുക? നബിനിന്ദാ കാർട്ടൂൺ ക്ലാസ് മുറിയിൽ പ്രദർശിപ്പിച്ച് ചർച്ചക്കിട്ട അധ്യാപകന്റെ കഴുത്തറുക്കുന്നവരെ ആർക്കാണ് പിന്തുണക്കാനാകുക? ഷാർളി ഹെബ്‌ദോ മാഗസിനിൽ നബിനിന്ദാ കാർട്ടൂൺ വരച്ചയാളെ ഓഫീസ് ആക്രമിച്ച് വകവരുത്തിയവരെ ആർക്കാണ് ന്യായീകരിക്കാനാകുക? പാരീസിൽ പുതുവത്സരാഘോഷങ്ങൾക്കിടയിലേക്ക് ലോറി കയറ്റി മനുഷ്യരെ കൊന്നു തള്ളുന്നവരെ ഭയത്തോടെയല്ലാതെ കാണാനാകുമോ? ചർച്ചിൽ കയറി കത്തിയാക്രമണം നടത്തുന്നവരെ എങ്ങനെ വിശ്വസിക്കും? ഫ്രാൻസിലെ മുസ്‌ലിം സമൂഹത്തെ മുഴുവൻ അന്യവത്കരിക്കുന്നതിനായി ഫ്രഞ്ച് ഭരണകൂടം ഇപ്പോൾ കൈകൊള്ളുന്നതും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നതുമായി എല്ലാ വർഗീയ നടപടികളും ഈ ചോദ്യങ്ങൾ കൊണ്ട് ന്യായീകരിക്കപ്പെടുന്നുവെന്നതാണ് ദുഃഖകരം. നബിനിന്ദയും അതിനോടുള്ള പ്രതികരണവും ഒരേ കേന്ദ്രത്തിൽ സൃഷ്ടിപ്പെടുന്നതാണോയെന്ന് സംശയിക്കാവുന്ന നിലയിലാണ് ഫ്രാൻസിലെ സംഭവവികാസങ്ങൾ.

ഇസ്‌ലാമിക വിഘടനവാദമെന്ന പ്രയോഗം മാക്രോൺ നടത്തിക്കഴിഞ്ഞിരിക്കുന്നു. അത് ചെറുക്കാൻ കർശന വ്യവസ്ഥകളടങ്ങിയ ബിൽ അടുത്ത വർഷം ആദ്യം പാർലിമെന്റിലേക്ക് അയക്കുമത്രേ. ദേശീയ പാഠ്യപദ്ധതിയിൽ നിന്ന് വ്യതിചലിക്കുന്ന, അനധികൃത സ്‌കൂളുകളിൽ കുട്ടികളെ “പഠിപ്പിക്കുന്നത് കർശനമായി തടയും. മദ്‌റസകളുടെ പ്രവർത്തനം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും.” ഹോം സ്‌കൂൾ വിദ്യാഭ്യാസം കർശനമായി നിയന്ത്രിക്കാൻ നിയമത്തിൽ വ്യവസ്ഥ കൊണ്ടുവരും. “പള്ളികളുടെ പ്രവർത്തനം കൂടുതൽ നിരീക്ഷണത്തിന് വിധേയമാക്കും. ഇമാമുമാരുടെ നിയമനത്തിൽ സർക്കാർ ഇടപെടും. കഫ്റ്റീരിയകളോ നീന്തൽക്കുളങ്ങളോ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ നടത്തുന്നുണ്ടെങ്കിൽ അവ അടച്ചു പൂട്ടും. ഹലാൽ കടകളും കൗണ്ടറുകളും അനുവദിക്കില്ല. മാക്രോണിന്റെ ഒറ്റ വാചകത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. “ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ നിയമങ്ങൾക്ക് മേൽ സ്വന്തം നിയമങ്ങൾ പ്രതിഷ്ഠിക്കുന്നവർക്ക് ഇവിടെ സ്ഥാനമില്ല”.

1905ലെ ലെയ്‌സിറ്റ് (മതേതരത്വ) നിയമം ഉയർത്തിപ്പിടിച്ചാണ് ഈ വാദം മാക്രോൺ മുന്നോട്ട് വെക്കുന്നത്. രാഷ്ട്രത്തിന്റെ സർവ തീരുമാനങ്ങളിലും ചർച്ച് ഇടപെട്ട കാലത്തിന്റെ സൃഷ്ടിയാണ് ഈ നിയമം. മതാധിഷ്ഠിതമായി രൂപപ്പെട്ട രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അതേ മതം വിലങ്ങാകുമെന്ന് കണ്ടപ്പോൾ നടത്തിയ ക്രമീകരണമായിരുന്നു അത്. ഫ്രാൻസിലെ ഇസ്‌ലാമിക സമൂഹത്തെ ദേശീയ മൂല്യത്തിന് പുറത്ത് നിർത്താൻ ഈ നിയമം അനുമതി നൽകുന്നുണ്ടോ? മതേതരത്വം എങ്ങനെയാണ് ഇസ്‌ലാമിന് വിപരീത പദമാകുന്നത്?
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം പാശ്ചാത്യ ലോകത്ത് മാരകരൂപം കൈവരിച്ച ഇസ്‌ലാമോഫോബിയയുടെ അങ്ങേയറ്റം നികൃഷ്ടമായ പ്രകടനമാണ് തിരുനബിയെ അപഹസിക്കുന്ന ക്ഷുദ്ര കൃതികൾ. ഇന്നസൻസ് സിനിമയും ജില്ലൻഡ് പോസ്റ്റിലെയും ഷാർളി ഹെബ്‌ദോയിലെയും കാർട്ടൂണുമെല്ലാം ഈ ഗണത്തിൽ വരുന്നു. നിഷ്‌കളങ്കരായ വിശ്വാസികളെ വൈകാരികമായ പ്രതികരണത്തിലേക്ക് വലിച്ചിഴക്കുക തന്നെയാണ് ഇവയുടെ പ്രാഥമികമായ ലക്ഷ്യം.
വിശ്വാസിയുടെ ഹൃദയമാണ് തിരുനബി. അവരുടെ ജീവിതം നബിസ്‌നേഹത്താലാണ് പ്രകാശിതമാകുന്നത്.

വിശ്വാസിക്കറിയാം ക്ഷുദ്ര രചനകൾ കൊണ്ട് നബിതിരൂമേനിയുടെ സ്ഫടികസമാനമായ വ്യക്തിത്വത്തെ അപകീർത്തിപ്പെടുത്താനാകില്ലെന്ന്. എന്നിട്ടും നബിനിന്ദാ രചനകൾക്കെതിരെയുള്ള പ്രതിഷേധം തീവ്രവാദികൾ തട്ടിയെടുക്കുകയും അത് അക്രമാസക്തമാകുകയും ചെയ്യുമ്പോൾ കുറേ മനുഷ്യർ അതിൽ കുടുങ്ങിപ്പോകുന്നു. ഇത്തരം നബിനിന്ദാ രചനകളോട് തികച്ചും വ്യവനസ്ഥാപിതമായ പ്രതികരണങ്ങളാണ് സാധാരണഗതിയിൽ ഉയരാറുള്ളത്. എന്നാൽ ആ പ്രതികരണങ്ങളിൽ തൃപ്തരാകാത്ത നബിനിന്ദാ കേന്ദ്രങ്ങൾ അവ പുനഃപ്രസിദ്ധീകരിക്കും. അല്ലെങ്കിൽ ലോകം മുഴുവൻ വ്യാപിപ്പിക്കും. ഇങ്ങ് മലയാളത്തിലെ മാതൃഭൂമിയിൽ വരെ അതെത്തും. ചോദ്യപ്പേപ്പറിലെത്തും. അടുത്ത ഘട്ടം കൈവെട്ട് സംഘങ്ങളുടെയും ഭീകരാക്രമണക്കാരുടെയും രംഗപ്രവേശമാണ്. അതോടെ എല്ലാ സംവാദങ്ങളും അട്ടിമറിക്കപ്പെടും. ഓരോ മുസ്‌ലിമിന്റെയും ദേശക്കൂറ് ചോദ്യം ചെയ്യപ്പെടും. അവന്റെ തല താഴും. അവൻ നിരീക്ഷണങ്ങൾക്ക് നടുവിലാകും. അവന്റെ താടിയും തലപ്പാവും കാണിച്ച് ആരൊക്കെയോ വോട്ട് പിടിക്കും. അധികാരം പിടിക്കും. അതിവൈകാരികക്കാർ ഞങ്ങളിൽപ്പെട്ടവരല്ലെന്ന് എത്ര ആണയിട്ടാലും ആരും കേൾക്കില്ല.

ഷാർളി ഹെബ്‌ദോ മാഗസിൻ ആ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് 2015ൽ ആയിരുന്നുവല്ലോ. അന്ന് മാഗസിന്റെ ആസ്ഥാനം ആക്രമിച്ച് കൊന്നത് 15 പേരെയാണ്. ആ ആക്രമണത്തിന് പിറകേ പോപ്പ് നടത്തിയ പ്രതികരണമുണ്ട്. “ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്. അത് ആരെയും അധിക്ഷേപിക്കുന്നതായിരിക്കരുത്. അധിക്ഷേപം മറ്റുള്ളവർ സഹിച്ചെന്ന് വരില്ല.” ഇത് വിശദീകരിക്കാനായി അദ്ദേഹം ഒരു ഉദാഹരണം മുന്നോട്ട് വെക്കുകയും ചെയ്തു. തൊട്ടടുത്തുള്ള സുഹൃത്തിനെ ചൂണ്ടിക്കാട്ടി മാർപ്പാപ്പ തുടർന്നു: “ഇദ്ദേഹം എന്റെ ആത്മാർഥ സുഹൃത്താണ്. എന്നുവെച്ച് അദ്ദേഹം എന്റെ അമ്മയെ അവഹേളിക്കും വിധം സംസാരിച്ചാൽ അദ്ദേഹത്തിന്റെ മൂക്കിന് നോക്കി നല്ല ഇടി കൊടുക്കും ഞാൻ”. പോപ്പിന്റെ വാക്കുകളുടെ ഉദ്ദേശ്യശുദ്ധി കണക്കിലെടുക്കുമ്പോൾ തന്നെ അത് അക്രമാസക്ത പ്രതിഷേധത്തെ വകവെച്ച് കൊടുക്കുന്നുണ്ടെന്ന് വ്യക്തമാകും. അഞ്ച് വർഷത്തിനിപ്പുറം ആ കാർട്ടൂൺ ഫ്രാൻസിലെ ക്ലാസ് മുറിയിൽ പുനവതരിക്കുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത്? ആരാണ് കളിക്കുന്നത്? ആ കളിക്കൊത്ത് തുള്ളുന്ന വിഡ്ഢികൾ യഥാർഥത്തിൽ ആരാണ്? ഇന്ന് ലോകത്താകെ നടക്കുന്ന പ്രകടനങ്ങളും ഫ്രഞ്ച് ബഹിഷ്‌കരണാഹ്വാനങ്ങളും സത്യത്തിൽ മുസ്‌ലിം സമൂഹത്തെ ശാക്തീകരിക്കുന്നത് തന്നെയാണോ?

മുസ്‌ലിമിനെ മറ്റേതോ രാജ്യത്ത് വേരുകളും കൂറുമുള്ള മനുഷ്യനായി കാണാനാണ് മാധ്യമങ്ങൾക്ക് ഇഷ്ടം. അഥവാ സ്വന്തം രാഷ്ട്രത്തിൽ അവനെ അന്യനാക്കുന്നു. അല്ലെങ്കിൽ രാഷ്ട്രരഹിതനാക്കുന്നു. ഈ പ്രചാരണത്തിന് എരിവ് പകരാനാണ് ഇടക്കിടക്ക് പ്രവാചക നിന്ദയുടെ ഇരുട്ട് പരത്തുന്നത്. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളെ വിവേകപൂർവം സമീപിക്കാൻ മുസ്‌ലിം സമൂഹത്തിന് സാധിക്കണം. നിന്ദയുടെ രാഷ്ട്രീയം തിരിച്ചറിയണം. പ്രവാചകൻ സമഗ്രമായ ജീവിതക്രമം മുന്നോട്ട് വെച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയെയും മറികടക്കാൻ വിശ്വാസിയെ അത് പ്രാപ്തമാക്കുന്നു. ആത്മവിശ്വാസം നഷ്ടപ്പെടുന്ന പ്രശ്‌നമേ വിശ്വാസിക്കുണ്ടാകുന്നില്ല. ഈ നിശ്ചയദാർഢ്യത്തിൽ നിന്ന് വ്യതിചലിച്ചത് കൊണ്ടാണ് സലഫിസം അടക്കമുള്ള സർവ വ്യതിയാനക്കാരും ഭീകരവാദത്തിന്റ പ്രയോക്താക്കളായിത്തീർന്നത്.

ന്യൂസിലാൻഡിലെ അന്നൂർ പള്ളിയിൽ കൂട്ടക്കുരുതി നടത്തിയ ബ്രണ്ടന്റ് ടാറന്റ്. നോർത്ത് കരോലിനയിലെ കറുത്ത വർഗക്കാരുടെ പള്ളിയിൽ വെടിവെപ്പ് നടത്തിയ ഡിലൻ റൂഫ്. നോർവേയിൽ കൂട്ടക്കുരുതി നടത്തിയ ആൻഡേഴ്‌സ് ബ്രീവിക്…. ഇവരെയാണ് പാശ്ചാത്യ ലോകം യഥാർഥത്തിൽ പേടിക്കേണ്ടത്. യൂറോപ്പിനെയും അമേരിക്കയെയും ചോരയിൽ മുക്കിക്കൊല്ലാൻ ആയുധങ്ങളൊരുക്കുന്ന വൈറ്റ്‌സൂപ്രമാസിസ്റ്റ് ഗ്രൂപ്പുകളിലെ അംഗങ്ങളാണ് ഇത്തരം യുവാക്കൾ. അവർ ഡിഫൻഡ് യൂറോപ്പ് എന്നെഴുതിയ ടീ ഷർട്ട് ധരിക്കും. നാസീ ചിഹ്നങ്ങൾ അണിയും. അവർ ആരുടെയും സ്‌പോൺസർഷിപ്പിലല്ല പ്രവർത്തിക്കുന്നത്. അവരുടെ ആരാധ്യ പുരുഷൻ ട്രംപാണ്. അവർക്ക് പല നാട്ടിൽ പല പേരാണ്. അവരെയാരും മതത്തിന്റെ മേൽവിലാസത്തിൽ കാണുന്നില്ല. അവർ വീഴ്ത്തുന്ന ചോരയിൽ നിന്ന് വോട്ടും അധികാരവും സിദ്ധിക്കുകയില്ല. മുസ്‌ലിംകളെ പേടിക്കണമെന്ന് ആണയിടുന്ന മാക്രോണുമാർ തീപ്പിടിച്ച ശിരസ്സുമായി അലയുന്ന ഈ അശ്വത്ഥാമാവുമാരെ എങ്ങനെയാണ് നേരിടുക.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest