Connect with us

Kerala

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതിയ കവി

Published

|

Last Updated

കോഴിക്കോട്  | 1930കളില്‍ പുരോഗമനപരമായി ചിന്തിച്ച മറ്റേതൊരു നമ്പൂതിരി യുവാവിനെയും പോലെ, സാമുദായിക നവീകരണ പ്രസ്ഥാനങ്ങളിലൂടെയാണ് അക്കിത്തം പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. അന്ന് വി ടി ഭട്ടതിരിപ്പാടായിരുന്നു അക്കിത്തത്തിന്റെ ഗുരു. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ആ പ്രക്ഷോഭത്തില്‍, പഴകിയ ആചാരങ്ങളുടെ കെട്ട് പൊട്ടിച്ച് പുരോഗമനപ്രസ്ഥാനങ്ങളിലേക്ക് ഇറങ്ങി നടന്നു അദ്ദേഹമുള്‍പ്പടെയുള്ള തലമുറ. സംസ്‌കൃതവും വേദവുമല്ലാതെ, മലയാളവും ഇംഗ്ലീഷും പഠിച്ചു. 1946 മുതല്‍ മൂന്ന് വര്‍ഷം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായിരുന്നു അദ്ദേഹം. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായി.

ഇടശ്ശേരിയുടെ നേതൃത്വത്തില്‍ പൊന്നാനിയിലുരുവം കൊണ്ട ഒരു സാംസ്‌കാരികപരിസരം അക്കിത്തത്തിലെ കവിയെ വളര്‍ത്തി. മാനവികയിലൂന്നി വളര്‍ന്ന കൂട്ടായ്മയായിരുന്നു അത്. എം ഗോവിന്ദന്റെ മാനവികയിലൂന്നി നില്‍ക്കുന്ന ആശയങ്ങള്‍ അക്കിത്തത്തില്‍ വലിയ സ്വാധീനം ചെലുത്തി

കവിതയുടെ മര്‍മ്മം സ്‌നേഹവും ജീവാനുകമ്പയുമൊക്കെയാണല്ലോ. എന്നെ സംബന്ധിച്ചിടത്തോളം ഈ പശ്ചാത്തലത്തില്‍ നിന്നുണ്ടായ അഗ്‌നിയാകാം എന്നിലും സ്വാധീനം ചെലുത്തിയിട്ടുണ്ടാകുകയെന്ന് ഒരിക്കല്‍ കവി പറയുകയുണ്ടായി.

ഇരുപത്തിയാറാം വയസ്സിലാണ് കവി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എഴുതിയത്. ഹിംസാത്മകമായ സമരങ്ങളെ, ഇടതുപക്ഷമുന്നേറ്റം നടന്ന കാലഘട്ടത്തില്‍ എതിര്‍ത്തതോടെ, അക്കിത്തത്തെ ഇടതുപക്ഷവിരുദ്ധനായി മുദ്രകുത്തിയവരുണ്ടായി. കമ്മ്യൂണിസത്തിനെതിരായിരുന്നില്ല, ആ കവിത ഹിംസയ്ക്ക് എതിരായിരുന്നുവെന്ന് അക്കിത്തം പിന്നീട് പറഞ്ഞിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ട് ആകാശവാണിയില്‍ ജോലി ചെയ്തു അദ്ദേഹം. 1956-ല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായിട്ടായിരുന്നു തുടക്കം. പിന്നീട് 1975-ഓടെ തൃശ്ശൂര്‍ ആകാശവാണിയില്‍ എഡിറ്ററായി. 1985-ല്‍ വിരമിച്ചു. ഹിന്ദുവര്‍ഗീയതയെ താലോലിക്കുന്നതാണ് അക്കിത്തത്തിന്റെ പില്‍ക്കാലത്തെ നിലപാടുകള്‍ എന്ന വിമര്‍ശനം സക്കറിയ ഉള്‍പ്പടെയുള്ളവര്‍ ഉന്നയിച്ചിട്ടുണ്ട്.

“ജലകാമനയുടെ വേദാന്തം” എന്ന് ആര്‍ വിശ്വനാഥന്‍ അക്കിത്തത്തിന്റെ കവിതകളെ വിശേഷിപ്പിച്ചിട്ടുണ്ട്. ഒരു കണ്ണീര്‍ക്കണമില്ലാതെ കവിയുടെ കവിതകളവസാനിക്കുന്നില്ല. കണ്ണീരും ചിരിയും ഒരേ സത്യബോധത്തിന്റെ സ്‌നേഹാനുഭവമാണെന്ന് നമ്മളോട് പറഞ്ഞ്, ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസമെഴുതിവച്ച്, മടങ്ങുന്നു കവി.

---- facebook comment plugin here -----

Latest