Connect with us

Ongoing News

ജയിക്കുമെന്ന് തോന്നിപ്പിച്ച് കീഴടങ്ങി; ഡല്‍ഹിക്കു മുമ്പില്‍ രാജസ്ഥാന് 13 റണ്‍സ് തോല്‍വി

Published

|

Last Updated

ദുബൈ | ഐ പി എല്ലില്‍ വീണ്ടും പരാജയത്തിന്റെ കയ്പ്പ് രുചിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ 13 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഡല്‍ഹി മുന്നോട്ടുവച്ച 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാന്‍ 148 റണ്‍സില്‍ മുട്ടുമടക്കി. ജയത്തോടെ 12 പോയിന്റുമായി ഡല്‍ഹി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 41 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സ്, 22 നേടിയ ജോസ് ബട്‌ലര്‍ എന്നിവര്‍ രാജസ്ഥാന് വീറുറ്റ തുടക്കമാണ് നല്‍കിയത്. സഞ്ജുവും ഉത്തപ്പയും നായകന്‍ സ്മിത്ത് വെറും ഒരു റണ്ണിന് അടിയറവു പറഞ്ഞു. സഞ്ജു സാംസണും 18 പന്തില്‍ 25 റോബിന്‍ ഉത്തപ്പയും (27ല്‍ 32) പൊരുതിയത് രാജസ്ഥാന്‍ ജയിക്കുമെന്ന തോന്നലുളവാക്കി. എന്നാല്‍, തുടര്‍ച്ചയായി വിക്കറ്റുകള്‍ എറിഞ്ഞിട്ട് ഡല്‍ഹി അവരുടെ മോഹം കെടുത്തുകയായിരുന്നു.

നേരത്തെ, ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ മാരക ഫോമിലേക്കുയര്‍ന്നതോടെ ഡല്‍ഹിയെ 161 റണ്‍സിലൊതുക്കാന്‍ രാജസ്ഥാനായി. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി വിലപ്പെട്ട മൂന്ന് വിക്കറ്റുകളാണ് ആര്‍ച്ചര്‍ കൊയ്തത്. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പൃഥ്വി ഷായെ ബൗള്‍ഡാക്കി കൊണ്ടായിരുന്നു ആര്‍ച്ചറുടെ തുടക്കം. ശിഖര്‍ ധവാന്റെയും നായകന്‍ ശ്രേയസ് അയ്യറിന്റെയും കിടയറ്റ ബാറ്റിംഗാണ് ഡല്‍ഹിയെ കരകയറ്റിയത്.

ധവാന്‍ 33 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറുമുള്‍പ്പെടെ 57 റണ്‍സെടുത്തു. അയ്യര്‍ 53 റണ്‍സ് നേടി. രണ്ട് സിക്‌സും മൂന്ന് ഫോറും അയ്യരുടെ ബാറ്റില്‍ നിന്ന് പിറന്നു. ഇവരുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 57 പന്തില്‍ 85 റണ്‍സ് നേടി. മാര്‍ക്കസ് സ്റ്റോയിന്‍സ് (18), അലക്‌സ് കാരെ (14) എന്നിവര്‍ മാത്രമാണ് ഡല്‍ഹി ഇന്നിംഗ്‌സില്‍ രണ്ടക്കം കണ്ട മറ്റ് ബാറ്റ്‌സ്മാന്മാര്‍.

Latest