Connect with us

Kasargod

ഫാഷൻ ഗോൾഡ്: നിക്ഷേപ തട്ടിപ്പിനിരയായത് 800 പേർ; എം എൽ എയുടെ രാജിക്ക് ലീഗിലും സമ്മർദം

Published

|

Last Updated

കാഞ്ഞങ്ങാട് | ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എം സി ഖമറുദ്ദീൻ എം എൽ എയുടെ രാജിക്ക് മുസ്‌ലിം ലീഗിൽ സമ്മർദം. ഖമറുദ്ദീൻ എം എൽ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സി പി എമ്മും ബി ജെ പിയും സമരപാതയിലാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഖമറുദ്ദീൻ രാജിവെക്കാതിരിക്കുന്നത് യു ഡി എഫിന് തിരിച്ചടിയാകുമെന്ന് ലീഗിലെ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് ഈ വിഭാഗം ലീഗ് നേതൃത്വത്തിന് മേൽ സമ്മർദം ശക്തിപ്പെടുത്തുകയാണ്. എന്നാൽ, ഖമറുദ്ദീൻ എം എൽ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിൽ ലീഗ് നേതൃത്വം ഉറച്ചുനിൽക്കുകയാണ്.

അതിനിടെ നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്. ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തിലെ ഇൻസ്പെക്ടർ ടി മധസൂദനൻനായരും സംഘവും ചന്തേര പോലീസ് സ്റ്റേഷനിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത് ആദ്യഘട്ടത്തിൽ ക്രൈംബ്രാഞ്ചിന് കൈമാറിയ 13 കേസുകളിൽ അഞ്ച് പരാതിക്കാരുടെ മൊഴി കഴിഞ്ഞ ദിവസം  രേഖപ്പെടുത്തിയിരുന്നു.

നിക്ഷേപ തുക തിരിച്ചുകിട്ടാതിരുന്നതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയ തളിപ്പറമ്പ് ചപ്പാരപ്പടവിലെ എ ശാഹിദ (മൂന്ന് ലക്ഷം), കാങ്കോലിലെ കെ സുബൈദ (അഞ്ച് ലക്ഷം), തൃക്കരിപ്പൂർ തങ്കയത്തെ ടി കെ അബ്ദുർറഹ്‌മാൻ (ഏഴ് ലക്ഷം), മുൻ അധ്യാപകരായ കാങ്കോൽ നോർത്തിലെ എം ടി പി അബ്ദുൽഖാദർ (എട്ട് ലക്ഷം), കാങ്കോലിലെ എം ടി പി ഇല്യാസ് (ആറ് ലക്ഷം) എന്നിവർ അന്വേഷണസംഘത്തിന് മൊഴി നൽകി.

മികച്ച ലാഭവിഹിതം വാഗ്ദാനം ചെയ്ത് എം സി  ഖമറുദ്ദീനും പൂക്കോയ തങ്ങളും നേരിട്ടാണ് പണം കൈപ്പറ്റിയതെന്ന് ഇവർ വെളിപ്പെടുത്തി. ഫാഷൻ ഗോൾഡ് അടച്ചുപൂട്ടുകയും നിക്ഷേപിച്ച തുക തിരികെ ലഭിക്കാതിരിക്കുകയും ചെയ്തതോടെ തങ്ങൾ ഖമറുദ്ദീനെയും പൂക്കോയ തങ്ങളെയും സമീപിച്ചെങ്കിലും പണം നൽകാതെ രണ്ട് പേരും ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന് തട്ടിപ്പിനിരയായവർ മൊഴി നൽകി.

ഇന്നലെ കാസർകോട് ഗസ്റ്റ്ഹൗസിൽ എത്തിയ അന്വേഷണസംഘം കാസർകോട്, ഉദുമ, പള്ളിക്കര എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ പരാതികൾ സ്വീകരിച്ചു.
മറ്റുള്ളവരിൽ നിന്ന് വരും ദിവസങ്ങളിൽ മൊഴിയെടുക്കും. ഫാഷൻ ഗോൾഡിലേക്ക് എണ്ണൂറോളം പേരിൽ നിന്ന് നിക്ഷേപമായി 150 കോടി രൂപ  കൈപ്പറ്റിയിട്ടുണ്ടെന്നും ഇത് തിരികെ നൽകിയില്ലെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

Latest