Connect with us

Malappuram

'തണലേകാം; തുണയാവാം' ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് ഇന്ന്

Published

|

Last Updated

മലപ്പുറം | തണലേകാം തുണയാവാം എന്ന ശീര്‍ഷകത്തില്‍ ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച നടക്കും. തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ ആളുകളുടെ സംരക്ഷണത്തിനായി മഞ്ചേരി ഇരുപത്തി രണ്ടാം മൈല്‍സില്‍ സ്ഥാപിക്കുന്ന സാന്ത്വന സദനത്തിന്റെ സമര്‍പ്പണ ഭാഗമായി നടത്തുന്നതാണ് ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ്. ഡിസംബര്‍ 20 നാണ് സമര്‍പ്പണം.

മൂന്ന് കോടിയോളം രൂപ ചിലവില്‍ വിവിധ സാന്ത്വന സംരംഭങ്ങളാണ് ഘട്ടം ഘട്ടമായി ഇവിടെ സംവിധാനിക്കുന്നത്. മെഡിക്കല്‍ കെയര്‍ സെന്റര്‍, ഡി അഡിക് ഷന്‍ സെന്റര്‍, കൗണ്‍സിലിംഗ് കേന്ദ്രം, ഹോം കെയര്‍ സര്‍വ്വീസ്, സാന്ത്വനം വളണ്ടിയര്‍ സേവനം, ആംബുലന്‍സ് സര്‍വ്വീസ്, ജനാസ സംസ്‌ക്കരണ കേന്ദ്രം തുടങ്ങിയവയാണ് പ്രഥമ ഘട്ടത്തില്‍ സംവിധാനിക്കുന്നത്. സന്ദേശ സമ്മേളനം നാളെ ഇന്‍ഡ്യന്‍ സമയം 4.30 ന് സയ്യിദ് ഹബീബ് കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിക്കും. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഐ.സി എഫ് ഗള്‍ഫ് കൗണ്‍സില്‍ പ്രസിഡന്റ്, ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം.അബൂബക്കര്‍ പടിക്കല്‍, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍ , സയ്യിദ് സ്വലാഹുദീന്‍ ബുഖാരി, ഇ.കെ.മുഹമ്മദ് കോയ സഖാഫി, പ്രസംഗിക്കും. കേരള നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി കെ.ടി.ജലില്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും.

സമാപന പ്രാര്‍ത്ഥനക്ക് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി കാര്‍മികത്വം വഹിക്കും. കെ.പി. ജമാല്‍ കരുളായി, അസൈനാര്‍ സഖാഫി, അബൂബക്കര്‍ അന്‍വരി ,ബശീര്‍ പറവന്നൂര്‍, എ.പി. ബശീര്‍ ചെല്ലക്കൊടി വി.പി.എം ഇസ്ഹാഖ് നേതൃത്വം നല്‍കും.

Latest