Connect with us

Kozhikode

എന്‍ ഇ പി രാജ്യത്തിന്റെ വൈവിധ്യത്തെ ഉള്‍ക്കൊള്ളണം: മര്‍കസ് ദേശീയ സെമിനാര്‍

Published

|

Last Updated

കോഴിക്കോട് | ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയിലെ എല്ലാ സാമൂഹിക ഭാഷാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിധത്തിലും അന്താരാഷ്ട്ര നിലവാരത്തിലും വിപുലീകരിക്കണമെന്നു മര്‍കസ് സംഘടിപ്പിച്ച “എന്‍.ഇ.പി 2020 : വിദ്യാഭ്യാസ രംഗത്തു രൂപപ്പെടുത്തുന്ന മാറ്റങ്ങള്‍” എന്ന ശീര്‍ഷത്തിലുള്ള ദ്വിദിന ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ തയ്യാറാക്കപ്പെട്ട നയത്തിന് പരിമിതികളുണ്ട്. സംസ്‌കൃത ഭാഷയെ പരാമര്‍ശിച്ച പോളിസിയില്‍ ജനകീയമായ ഉര്‍ദുവിനെയോ ആഴമുള്ള പാരമ്പര്യമുള്ള ബംഗാളി ഭാഷയോ പരാമര്‍ശിക്കപ്പെട്ടില്ല. ജനാധിപത്യം ശക്തമായ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തു, ആവശ ജനവിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭാവിയെ കരുതലോടെ കാണുന്ന നയമാണ് ആവിഷ്‌കരിക്കേണ്ടത്. എന്നാല്‍, പുതിയ നയത്തില്‍ പല ഭാഗത്തും വിദ്യാഭ്യാസ രംഗത്തു സ്വകാര്യ മൂലധനത്തെ പ്രോത്സാഹിപ്പിക്കുയും, സര്‍ക്കാറിന്റെ വിവിധ സേവനങ്ങള്‍ പരിമിതപ്പെടുത്തുകയും ചെയ്യുമെന്നുമുള്ള സൂചനകള്‍ ഉണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളായ മതേതരത്വം, സോഷ്യലിസം പോലുള്ള പദങ്ങള്‍ പോലും പോളിസിയില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. നമ്മുടെ ജനാധിപത്യത്തെ പുഷ്ഠിപ്പെടുത്തുന്ന വിധത്തില്‍, ലോകത്തിനു മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു വിദ്യാഭ്യാസ പോളിസിയാണ് ഇന്ത്യ മുന്നോട്ടു വെക്കേണ്ടത്. അതിനാല്‍ തന്നെ, കൃത്യതയും ഇന്ത്യയുടെ സാംസ്‌കാരിക ബഹുത്വവും അടയാളപ്പെടുത്തുന്ന വിധത്തില്‍ ഈ നയം വിശാലമാക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

ജെ.എന്‍.യു സാക്കിര്‍ ഹുസ്സൈന്‍ സെന്റര്‍ ഫോര്‍ എജുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സുരേഷ് ബാബു ,എന്‍.സി.ഇ.ആര്‍.ടി മുന്‍ കരിക്കുലം തലവന്‍ പ്രൊഫ എം.എ ഖാദിര്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. യാസര്‍ അറഫാത്ത് , ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.പി മനോജ് , മര്‍കസ് ശരീഅ സിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ.ഉമറുല്‍ ഫാറൂഖ് എന്നിവര്‍ പ്രഭാഷണം നടത്തി. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖം അവതരിപ്പിച്ചു. മലയാളം യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ പ്രൊഫ ഉമര്‍ ഫാറൂഖ് മോഡറേറ്ററായി.

Latest