Connect with us

National

അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കിടെ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടയില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. മോസ്‌കോയില്‍ ഷാംഗ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തിൻെറ ഭാഗമായായിരുന്നു വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യും തമ്മിലുള്ള കൂടിക്കാഴ്ച. രണ്ടര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ നിയന്ത്രണ രേഖയിലെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ വിഷയമായതായാണ് റിപ്പോര്‍ട്ടുകള്‍. ഉഭയകക്ഷി കാര്യങ്ങള്‍ സംബന്ധിച്ചും അന്താരാഷ്ട്ര ആശങ്കകള്‍ സംബന്ധിച്ചും ഇരുമന്ത്രിമാരും മികച്ച ചര്‍ച്ചയാണ് നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്ച പാങ്കോങ് ടിസോ നദീക്കരയില്‍ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പോസ്റ്റിന് നേരെ ആക്രമണം നടത്താന്‍ ശ്രമം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്. ജൂണ്‍ 14ന് ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് സേന നടത്തിയ അതിക്രമത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതിന് പിന്നാലെ ചൈനീസ് ആപ്പുകള്‍ക്ക് കൂട്ട നിരോധനം ഏര്‍പെടുത്തിയത് ഉള്‍പ്പെടെ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങിയിരുന്നു.

ഇന്ത്യ – ചെെന അതിർത്തിയിൽ ഇന്ത്യൻ സെെന്യം അതീവ ജാഗ്രത പുലർത്തുന്നുണ്ട്. മേഖലയില്‍ സൈനികശക്തി കൂട്ടിയ ഇന്ത്യ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി സുഖോയ്, മിഗ് വിമാനങ്ങളെ ഉള്‍പ്പെടുത്തി വ്യോമപ്രകടനം നടത്തിയിരുന്നു. എല്ലാ സൈനിക വിഭാഗങ്ങൾക്കും കനത്ത ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

---- facebook comment plugin here -----