Connect with us

Religion

വൈജ്ഞാനിക ഗേഹം

Published

|

Last Updated

ഇസ്്ലാമിന്റെ പ്രമാണമായ ഹദീസ് നിവേദകരിൽ പ്രധാനിയും ഹദീസ് ലോകത്തെ രണ്ടാമത്തെ ആധികാരിക ഗ്രന്ഥമായ സ്വഹീഹ് മുസ്്ലിമിന്റെ രചയിതാവുമാണ് മുസ്്ലിം ബിൻ ഹജ്ജാജ് അൽ ഖുശൈരി (റ). അബൂ ഹുസൈൻ എന്നാണ് വിളിപ്പേര്. അറബികളിലെ അറിയപ്പെട്ട ബനൂ ഖുശൈർ ഖബീലയിലേക്ക് ചേർത്തിയാണ് ഖുശൈരി എന്ന് വിളിക്കപ്പെടുന്നത്.

ഇസ്്ലാമിക വൈജ്ഞാനിക മണ്ഡലമായി തീർന്ന വടക്ക് കിഴക്കൻ ഇറാനിൽ സ്ഥിതിചെയ്യുന്ന നൈസാബൂരിലാണ് ഹിജ്റ 206ൽ ഇമാം ജനിച്ചത്. വിഖ്യാത കർമശാസ്ത്ര പണ്ഡിതൻ ഇമാം ശാഫിഈ (റ) വഫാതായ ഹിജ്‌റ 204ലാണ് ഇമാം മുസ്‌ലിം (റ)ന്റെ ഉദയമെന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
പിതാവ് ഹജ്ജാജ് ബിൻ മുസ്്ലിം വളരെ ചെറുപ്പത്തിൽ മകനെ വിജ്ഞാന മേഖലയിൽ വളർത്തിയെടുക്കുന്നതിൽ വിജയിച്ചു. അക്കാലത്തെ വൈജ്ഞാനിക സദസ്സുകളിലും ചർച്ചകളിലും ഇളം പ്രായത്തിൽ തന്നെ മകന്റെ സാന്നിധ്യവും പിതാവ് ഉറപ്പുവരുത്തിയിരുന്നു.

ഹദീസ് പഠനത്തിന് താത്പര്യപ്പെടുകയും കുട്ടിക്കാലം മുഴുവനും ഹദീസ് പഠനത്തിന് വേണ്ടി മാറ്റിവെക്കുകയും ചെയ്തു. ഹദീസ് നിവേദകരിൽ അറിയപ്പെട്ട അബൂബക്കർ ബിൻ അബീ ശൈബയിൽ നിന്ന് 1154 ഹദീസുകളും ഇമാം അബൂ ഖുസൈമയിൽ നിന്ന് 1181 ഹദീസുകളും മുഹമ്മദ് ബിൻ മുസ്നിയിൽ നിന്ന് 722 ഹദീസുകളും മനഃപാഠമാക്കി. 14 വയസ്സ് പൂർത്തിയായപ്പോഴേക്കും നിരവധി പണ്ഡിതന്മാരിലൂടെ പതിനായിരം ഹദീസുകൾ മനഃപാഠമാക്കി. തുടർന്ന് ഹദീസ് ശാസ്ത്രത്തിൽ ഗവേഷണം ആരംഭിച്ചു.

പിതാവിന്റെ സമ്പത്ത് മുഴുവനും വൈജ്ഞാനിക മേഖലയിൽ ചെലവഴിക്കണമെന്ന തീരുമാനം തന്റെ മകൻ വൈജ്ഞാനിക യാത്രകളിലൂടെ സാക്ഷാത്കരിച്ചു. മാത്രമല്ല, പിതാവിന്റെ യൗവനത്തിന്റെ ഓരോ ചവിട്ടുപടികളും മകന്റെ വൈജ്ഞാനികപരമായ വിപ്ലവത്തിലേക്കുള്ളതായിരുന്നു. പിന്നീട് പതിറ്റാണ്ടുകൾ ദീർഘിച്ച പഠന പര്യടനങ്ങൾ നടത്തുകയും ലക്ഷക്കണക്കിന് ഹദീസുകൾ സ്വായത്തമാക്കുകയും ചെയ്തു. വിജ്ഞാന നഗരങ്ങളായ ഹിജാസ്, ഇറാഖ്, സിറിയ, ഈജിപ്ത് എന്നിവിടങ്ങളിൽ സഞ്ചരിച്ച് അവിടെയുള്ള പ്രഗത്ഭരായ പണ്ഡിതന്മാരെ അന്വേഷിച്ച് അവരിൽ നിന്ന് വിവിധ വിഷയങ്ങളിൽ ഹദീസുകൾ സ്വീകരിക്കുകയും ചെയ്തു. ഈ യാത്രയിൽ സ്വദേശമായ നൈസാബൂരിൽ നിന്ന് ഹദീസ് ലോകത്തെ പ്രസിദ്ധ പണ്ഡിതനായ ഇമാം ബുഖാരി(റ)നെ കണ്ടുമുട്ടുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. നിരവധി ഹദീസുകൾ പഠിക്കാനും ഹദീസുകളുടെ സനദുകൾ മനസ്സിലാക്കാനും ഈ ബന്ധം അദ്ദേഹത്തെ സഹായിച്ചു.
പല വിഷയങ്ങളിലും ഉസ്താദിനെ അനുധാവനം ചെയ്തു. സത്യസന്ധത, നീതിനിഷ്ഠ, സ്വഭാവശുദ്ധി എന്നീ വിശേഷണങ്ങൾക്ക് പുറമേ ഗവേഷണ തത്പരത, കുശാഗ്രബുദ്ധി, അന്വേഷണോന്മുഖത തുടങ്ങിയ സത്്വിശേഷങ്ങളെക്കൊണ്ടും നിറഞ്ഞവരായിരുന്നു അദ്ദേഹം. ഹദീസ് നിദാന ശാസ്ത്രത്തിൽ ഉസ്താദായ ഇമാം ബുഖാരിയിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാട് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഇമാം ബുഖാരിയുടെ പല കാര്യങ്ങളെയും സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്.

ഹദീസുകൾ സ്വീകരിക്കാൻ വേണ്ടി മുന്നിട്ട യാത്രയിൽ നിരവധി പണ്ഡിതന്മാരിൽ നിന്ന് ശിഷ്യത്വം സ്വീകരിച്ചു. ഹദീസ് നിവേദനം ചെയ്യുന്നതിനുവേണ്ടി നിരവധി ഹദീസ് പണ്ഡിതന്മാർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയുണ്ടായി.
സ്വഹീഹ് ബുഖാരി കഴിഞ്ഞാൽ ഹദീസ് രംഗത്ത് വിശ്വാസയോഗ്യമായതും ആധികാരികവും മുസ്്ലിം സമൂഹം മുഴുവൻ അംഗീകരിക്കുന്നതുമായ ഗ്രന്ഥമാണ് സ്വഹീഹ് മുസ്്ലിം മൂന്ന് ലക്ഷം ഹദീസുകളിൽ നിന്നും കടഞ്ഞെടുത്ത 4000 സ്വഹീഹായ ഹദീസുകൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തിയിട്ടൂള്ളൂ. ഇതിനാൽ ഗ്രന്ഥത്തിന് അൽ മുസ്നദുസ്സ്വഹീഹ് എന്ന് നാമകരണം ചെയ്തു. 29ാം വയസ്സിൽ നൈസാബൂരിൽ വെച്ചാണ് രചനയുടെ തുടക്കം. 15 വർഷം കൊണ്ട് അദ്ദേഹത്തിന്റെ ഈ അമൂല്യ ഗ്രന്ഥത്തിന് നാന്ദികുറിച്ചു. ഹദീസുകളെ ഉൾപ്പെടുത്തുന്നതിൽ ഇമാം ബുഖാരിയോട് യോജിച്ചെങ്കിലും ഹദീസിനെ ക്രോഡീകരിക്കുന്നതിൽ അദ്ദേഹം വ്യത്യസ്തത പ്രകടമാക്കി. ഹദീസുകളെ കർമശാസ്ത്രത്തിലെ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രന്ഥം രചിച്ചത്. മാത്രമല്ല, വിജ്ഞാനം നുകരുന്ന ഏതൊരാൾക്കും എളുപ്പത്തിൽ അന്വേഷണം നടത്താനും ഹദീസുകൾ കണ്ടുപിടിക്കാനുമുള്ള രൂപത്തിലാണ് ക്രോഡീകരിച്ചത്. ഓരോ വിഷയത്തിലും അനുബന്ധമായ ഹദീസുകളെ വിഷയാടിസ്ഥാനത്തിൽ (ബാബ്) ക്രോഡീകരിക്കുകയും ചെയ്തു. ഇമാം നവവി(റ)യുടെ അൽ മിൻഹാജ് ഫീ ശറഹി മുസ്്ലിമാണ് വിശദീകരണ ഗ്രന്ഥങ്ങളിൽ പ്രധാനം.
സ്വഹീഹ് മുസ്്ലിമിന് പുറമേ നിരവധി ഗ്രന്ഥങ്ങൾ മഹാൻ രചിച്ചിട്ടുണ്ട്. അൽ മുസ്നദുൽ കബീർ, കിതാബുൽ അഖ്റാൻ, കിതാബുൽ അഫ്റാദ്, കിതാബുൽ അസ്മാഅ് തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതാണ്. 55 വയസ്സ് വരെ ജീവിതം അടയാളപ്പെടുത്തി. ഹിജ്റ 261 റജബ് 25ന് ആ അറിവിന്റെ സൂര്യൻ അസ്തമിച്ചു.

അവലംബം
തഹ്ദീബുൽ അസ്മാഇ വൽലുആത്ത്
തദ്്രീബുൽ റാവി

Latest