Connect with us

Covid19

പത്തനംതിട്ടയില്‍ 133 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനം

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ 133 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് 20ന് രോഗം സ്ഥിരീകരിച്ച ചെന്നീര്‍ക്കര സ്വദേശിയായ ടി പി വാസവന്‍ (79) ആണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്ന് ഉച്ചക്ക് മരിച്ചത്. രക്താതിസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 107 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. 14 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. പന്തളം കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്ന് ഇന്നും 20 പേര്‍ക്ക് രോഗം പകര്‍ന്നു. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും പന്തളത്ത് എസ് ബി ഐ ജീവനക്കാരനും രോഗം സ്ഥീരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ജില്ലയില്‍ ഇതുവരെ 3344 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2036 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇതുവരെ 17 പേര്‍ മരിച്ചു. കൂടാതെ കൊവിഡ് ബാധിതരായ മൂന്ന് പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 71 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2405 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 919 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 881 പേര്‍ ജില്ലയിലും 38 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. 902 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 132 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 11662 പേര്‍ നിരീക്ഷണത്തിലാണ്. 537 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുളള മരണനിരക്ക് 0.51 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനമാണ്.

Latest