Connect with us

Kerala

ലൈഫ് മിഷനില്‍ വീടിനായി സെപ്റ്റംബര്‍ 9 വരെ അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 9 വരെ നീട്ടി. അര്‍ഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടിനായി അപേക്ഷിക്കാന്‍ അവസരം നല്‍കിയത്. ആഗസ്റ്റ് 1 മുതല്‍ 27 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നല്‍കിയിരുന്ന സമയം.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംഘടിപ്പിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തിക്കുവാന്‍ സാധിക്കുന്നില്ലെന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബര്‍ 9 വരെ സമയം നീട്ടി നല്‍കാന്‍ തീരുമാനിച്ചത്. ആഗസ്റ്റ് 1 മുതല്‍ ഇതുവരെ 6,39,857 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 4,58,813 കുടുംബങ്ങളും ഭൂമിയും വീടുമില്ലാത്ത 1,81,044 കുടുംബങ്ങളും ഉള്‍പ്പെടും.

www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു സ്വന്തമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള ഹെല്‍പ് ഡെസ്‌ക് വഴിയോ മറ്റ് ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. കേരളത്തിന്റെ സമഗ്ര വികസനവും ദുരിതബാധിതര്‍ക്കുള്ള സത്വരക്ഷേമ നടപടികളും ഉള്‍പ്പെടുന്ന ബഹുമുഖപദ്ധതിയായ നവകേരള മിഷനിലെ പ്രധാന പദ്ധതിയാണ് ലൈഫ് മിഷന്‍. പിണാറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരത്തില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ മിഷനിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.

---- facebook comment plugin here -----

Latest