Connect with us

Articles

കോടതി വിധികളുടെ നഗ്നമായ ലംഘനം

Published

|

Last Updated

നിരവധി സുപ്രീം കോടതി/ ദേശീയ ഹരിത ട്രിബ്യൂണല്‍ വിധികളുടെ നഗ്നമായ ലംഘനമാണ് പരിസ്ഥിതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കരട് വിജ്ഞാപനം. ചില ഉദാഹരണങ്ങളിലൂടെ അത് വ്യക്തമാക്കാം.

1. കോമണ്‍ കോസ് കേസ് 2017
ഈ കേസില്‍ നിയമം ലംഘിച്ച് ഖനനം നടത്തിയവരില്‍ നിന്ന് അവരെടുത്ത ധാതുക്കളുടെ വില പൂര്‍ണമായും ഈടാക്കാന്‍ കോടതി വിധിച്ചു. ഇക്കാര്യം പുതിയ വിജ്ഞാപനം പരിഗണിക്കുന്നതേയില്ല.
2. ഗോവ ഫൗണ്ടേഷന്‍ കേസ് 2006
വന്യമൃഗ സങ്കേതങ്ങളുടെ പത്ത് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന എല്ലാ പദ്ധതികള്‍ക്കും വനം, വന്യജീവി ബോര്‍ഡിന്റെ അനുമതി വേണമെന്ന ഈ കേസിലെ വിധി ഇവിടെ പരിഗണിക്കുന്നതേയില്ല.
3. സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റ് കേസ്
കരുതല്‍ തത്വം എന്ന അടിസ്ഥാന തത്വത്തിന്റെ ലംഘനം അനുവദിക്കാന്‍ കഴിയില്ലെന്ന് 2017ലെ ഈ വിധിയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പറഞ്ഞിട്ടുണ്ട്. 20,000 ചതുരശ്ര മീറ്ററിന് മുകളില്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് പാരിസ്ഥിതികാഘാത പഠനവും പൊതു തെളിവെടുപ്പും ആവശ്യമാണ്. അതില്ലാതെ അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണ്. 2018 മാര്‍ച്ച് 23ലെ വിധിയില്‍ സുപ്രീം കോടതി ഇത് ശരിവെച്ചിട്ടുമുണ്ട്. ഇതും വിജ്ഞാപനം കണക്കിലെടുക്കുന്നില്ല.

ഇളവുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാം?
ഉദാഹരണത്തിന് അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഖനനങ്ങള്‍ക്കും ഒന്നര ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കും പഠനമില്ലാതെ അനുമതി എന്ന നിര്‍ദേശം തന്നെ എടുക്കുക. 1986ലെ നിയമം മൂന്നാം ഖണ്ഡിക അനുസരിച്ച് ഒരു പദ്ധതിക്ക് നല്‍കുന്ന അനുമതിയും ഒറ്റ വാക്കിലുള്ളതല്ല. ഒട്ടേറെ വ്യവസ്ഥകളോട് കൂടിയതാണത്. ഒരേ തരത്തിലുള്ള പദ്ധതി വ്യത്യസ്ത സ്ഥലങ്ങളില്‍ ആകുമ്പോള്‍ അതിന്റെ ആഘാതം വ്യത്യസ്തമായിരിക്കും. (നമ്മുടെ ശരീരത്തില്‍ ഒരേ ശക്തിയിലുള്ള അടികള്‍ രണ്ട് ഭാഗത്ത് കിട്ടുമ്പോള്‍, ഉദാഹരണത്തിന് കാലിലും മുഖത്തും, ഉണ്ടാകുന്ന ആഘാതം വ്യത്യസ്തമായിരിക്കുമല്ലോ.) ഓരോ സ്ഥലത്തിനും വ്യത്യസ്ത വ്യവസ്ഥകളോടെയാകും അംഗീകാരം നല്‍കുക.

[irp]

ഖനനം നടത്തുമ്പോള്‍ ഭൂമിയില്‍ തിരുത്താനാകാത്ത മാറ്റങ്ങള്‍ ഉണ്ടാകുന്നു. അതുപോലെ കെട്ടിടം നിര്‍മിക്കുമ്പോഴും പരിസ്ഥിതി മലിനമാകുന്നു, ശോഷിക്കുന്നു. മുന്‍ കാലങ്ങളില്‍ ഇവ നടത്തുന്നവരുടെ ലാഭം മാത്രം നോക്കിയാണ് പദ്ധതികള്‍ നടപ്പാക്കിയിരുന്നത്. സമീപവാസികള്‍ക്കോ മറ്റോ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഒരിക്കലും പരിഗണിക്കപ്പെടാറില്ല. അതുകൊണ്ടാണ് പലപ്പോഴും കോടതികള്‍ ഇടപെടുകയും അതിന് നിയന്ത്രണങ്ങള്‍ വേണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തത്. ഇത്തരം പദ്ധതികള്‍ തുടങ്ങുന്നതിനു മുമ്പ് അവയുണ്ടാക്കാകുന്ന പാരിസ്ഥിതികാഘാതങ്ങള്‍ പഠിച്ച് വിദഗ്ധ സമിതിക്കു മുന്നില്‍ വെക്കണം. ആവശ്യമെങ്കില്‍ സമിതി സ്ഥലം നേരില്‍ കണ്ട് ആവശ്യമായ നിയന്ത്രണങ്ങളോടെ അംഗീകാരം നല്‍കുന്നതാണ് നിലവിലുള്ള നിയമം. പാരിസ്ഥിതിക സന്തുലനം പരമാവധി നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യം. എന്നാല്‍ ഈ വിജ്ഞാപനം ഇവയുടെ മുന്‍കൂര്‍ പരിശോധനയും അനുമതിയും റദ്ദാക്കുന്നു. ഒരുവിധ നിയന്ത്രണങ്ങളുമില്ലാതെ ഖനനമോ നിര്‍മാണമോ നടത്താന്‍ കഴിയും. അപേക്ഷ ലഭിച്ചാല്‍ 15 ദിവസങ്ങള്‍ക്കകം അനുമതി നല്‍കണമെന്ന വ്യവസ്ഥകൂടി വരുന്നതോടെ ഒരുതരം പരിശോധനയും സാധ്യമല്ലാതെ വരുന്നു. വലിയ തോതിലുള്ള പാരിസ്ഥിതിക തകര്‍ച്ചയുടെ ഇക്കാലത്ത് കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളാണ് വേണ്ടത്.

[irp]

മുന്‍കൂര്‍
പാരിസ്ഥിതികാനുമതി

മുന്‍കൂര്‍ പാരിസ്ഥിതികാനുമതി എന്നത് തന്നെ മുന്‍കരുതല്‍ തത്വം എന്ന അടിസ്ഥാന പ്രമാണത്തിന്റെ ഭാഗമാണ്. പാരിസ്ഥിതിക നീതിയുടെ ആണിക്കല്ലാണിത്. ഒരു പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ അതിന്റെ പാരിസ്ഥിതികാഘാതം വിലയിരുത്തുക എളുപ്പമല്ല. അതുകൊണ്ട് തന്നെ പദ്ധതി ആരംഭിച്ച ശേഷമുള്ള അനുമതി എന്നത് തീര്‍ത്തും തെറ്റാണെന്ന് 2017ലെയും 2020ലെയും വിധികളിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആസൂത്രണ ഘട്ടത്തില്‍ തന്നെ പദ്ധതി മൂലം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ അറിയുകയും അവ ഒഴിവാക്കാനോ പരമാവധി കുറക്കാനോ വേണ്ട നടപടികള്‍ എടുക്കുകയുമാണ് കരുതല്‍ തത്വം. ഇത്തരം പല നാശങ്ങളും പരിഹരിക്കാന്‍ കഴിയാത്തവയാണ് എന്നതിനാലാണ് മുന്‍കൂര്‍ അനുമതി എന്ന തത്വം സുപ്രീം കോടതി നിരവധി കേസുകളില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. പദ്ധതി ആരംഭിച്ച ശേഷം അനുമതി എന്നത് ഒരിടത്തും പാരിസ്ഥിതിക നിയമത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല. പിന്നെയത് സാധൂകരിക്കുക എന്നത് ഈ തത്വങ്ങളുടെ ലംഘനമാണ്. ഇത് പൂര്‍ണമായും ലംഘിക്കപ്പെടുകയാണ് ഈ വിജ്ഞാപനത്തില്‍.
അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഖനനത്തിന് പാരിസ്ഥിതിക പഠനവും അനുമതിയും വേണ്ട എന്ന വിജ്ഞാപനത്തിലെ ഭേദഗതി, 27.02.2012ലെ സുപ്രീം കോടതിയുടെ ദീപക് കുമാര്‍ കേസിലെ വിധിയുടെ ലംഘനമാണ്. ഇതുസംബന്ധിച്ച് 15.01.2016ന് വനം പരിസ്ഥിതി വകുപ്പ് തന്നെ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. 2016ലെ സി എ ജി റിപ്പോര്‍ട്ട് (നമ്പര്‍ 39) പാരിസ്ഥിതിക നിയമങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. അതും ഈ വിജ്ഞാപനത്തില്‍ പരിഗണിച്ചിട്ടില്ല.

[irp]

ആഗസ്റ്റ് 11നകം ഇതുസംബന്ധിച്ച അഭിപ്രായങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നല്‍കണം എന്നായിരുന്നു നിര്‍ദേശം. അതും ഡല്‍ഹി ഹൈക്കോടതിയുടെ വിധിയുടെ ഫലമാണ്. പക്ഷേ, അതിനുമപ്പുറം രാജ്യത്താകെ ഈ നയത്തോടുള്ള പ്രതിഷേധം ഉയര്‍ന്നു വന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അവരുടെ നിലപാട് പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരാകും. അതുകൊണ്ട് തന്നെ ഈ ജനകീയ പോരാട്ടം ആഗസ്റ്റ് 11ന് തുടങ്ങിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest