Articles
ഓണ്‍ലൈന്‍കാല മുഅല്ലിം ആകുലതകള്‍

ഓണ്‍ലൈന്‍ ക്ലാസിന്റെ ഗൗരവവും പ്രാധാന്യവും തിരിച്ചറിയാത്തവർ മദ്‌റസാ സംവിധാനത്തിന് പരുക്കേല്‍പ്പിക്കുന്നതോടൊപ്പം മുഅല്ലിം ജീവിതങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയിട്ടും പിരിച്ചുവിടപ്പെട്ട ഒരു ഉസ്താദിനോട് കമ്മിറ്റിയിലെ ചിലർ ന്യായം പറഞ്ഞത് “ഓണ്‍ലൈന്‍ ക്ലാസല്ലേ, ഇപ്പോള്‍ പണിയൊന്നുമില്ലല്ലോ” എന്നാണ്. പണിയില്ലെന്നല്ല അത് ഇരട്ടിച്ചുവെന്നതാണ് വസ്തുതയെന്ന് ബോധ്യപ്പെടുത്തിയപ്പോള്‍ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതമാകുകയും ചെയ്തു.
വിദ്യാഭ്യാസ ബോര്‍ഡുകള്‍ യൂട്യൂബ് ചാനല്‍ വഴി ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്ന കാലത്ത് ഉസ്താദുമാര്‍ വെറുതെ ശമ്പളം വാങ്ങുന്നുവെന്ന തെറ്റായ ധാരണ ഒറ്റപ്പെട്ടതല്ല. വേതനത്തെക്കുറിച്ച് യാതൊരു ഉറപ്പുമില്ലാതെയാണ് അനവധി പേര്‍ ഈ സംവിധാനത്തിന് ശക്തി പകരുന്നതെന്ന കാര്യം ആദ്യമോര്‍ക്കണം. സാമ്പത്തികമായി തന്നെ മുഅല്ലിമുകള്‍ക്ക് അധിക ബാധ്യതയാണ് ഓണ്‍ലൈന്‍ കാലം വരുത്തിവെക്കുന്നത്. മദ്‌റസാ ക്ലാസുകള്‍ക്ക് വേണ്ടി പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനും നിലവിലുള്ളതിനെ പുതുക്കാനും വേണ്ടി നിര്‍ബന്ധിക്കപ്പെട്ട നിരവധി മുഅല്ലിമുകളുണ്ട്. വലിയ ഡാറ്റാ പ്ലാനുകളില്ലാതെ കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോകില്ലെന്നതിനാല്‍ അതും അധികച്ചെലവാണ്.
ഇക്കാലത്ത് മദ്‌റസാ ഉസ്താദുമാര്‍ക്ക് എന്ത് പണിയാണുള്ളത് എന്നതിന്റെ ഉത്തരത്തിലേക്ക് വരാം. സാധാരണ രണ്ട് രണ്ടര മണിക്കൂറിനകം ക്ലാസെടുക്കാനും വായിപ്പിക്കാനും ഖുര്‍ആന്‍ പാരായണം തിരുത്തിക്കാനും വര്‍ക്ക് നോക്കാനുമൊക്കെ സാധിച്ചിരുന്നുവെങ്കില്‍ നിലവില്‍ ആ സമയമൊന്നും ഒന്നിനും തികയുന്നില്ല. ആദ്യം വിദ്യാഭ്യാസ ബോര്‍ഡ് പുറത്ത് വിടുന്ന ക്ലാസ് വീഡിയോ ശ്രദ്ധയോടെ കാണുകയും കേള്‍ക്കുകയും ചെയ്യണം. ഉത്തരവാദിത്വമുള്ള ക്ലാസുകളുടെ എണ്ണം അനുസരിച്ച് അതിന്റെ സമയം കൂടും. പിന്നീട് ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കുട്ടികളുടെ സാന്നിധ്യം ഉറപ്പിക്കണം. ക്ലാസ് ലിങ്ക് ഷെയര്‍ ചെയ്യണം. ഹാജര്‍ രേഖപ്പെടുത്തണം. ഡയറി നോക്കണം. ക്ലാസില്‍ കൊടുത്ത വര്‍ക്കുകള്‍ ചെയ്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. അനിവാര്യമാണെങ്കില്‍ മറ്റു വര്‍ക്കുകള്‍ നിര്‍ദേശിക്കുകയും വേണം. ഖുര്‍ആന്‍ പാരായണമോ വായനയോ ആണെങ്കില്‍ ഓരോരുത്തര്‍ക്കും തെറ്റ് തിരുത്തി ക്കൊടുക്കേണ്ടി വരികയും ചെയ്യും.
രക്ഷിതാക്കളുടെ പരാതി ഒഴിവാകണമെങ്കില്‍ ഏത് സമയവും ഓണ്‍ലൈനാകേണ്ടി വരുന്ന അവസ്ഥയുമുണ്ട്. ഓരോ കുട്ടിയും നല്‍കുന്ന പ്രതികരണത്തിനും വര്‍ക്കെഴുത്തിനും അപ്പപ്പോള്‍ അഭിനന്ദനം നല്‍കിയില്ലെങ്കില്‍ പരിഭവങ്ങളും ആക്ഷേപങ്ങളും ഉയരും. ശരിയിടാന്‍ വിട്ടു പോയാലോ സ്റ്റാറിന്റെ എണ്ണം ഒന്ന് കുറഞ്ഞു പോയാലോ വിവേചന മുറവിളിയുയര്‍ത്തുന്ന ചിലരുമുണ്ട്. രണ്ടാം ക്ലാസിലെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവ് വാട്‌സ്ആപ്പിലൂടെ “മോറല്‍ ക്ലാസെ”ടുത്ത് കൊടുത്തതിന്റെ ദുരനുഭവമുണ്ടായി ഒരുസ്താദിന്. വിഷയം നിസ്സാരം, ആരോപണമോ അതിരു കടന്നത്. ക്ലാസ് ലിങ്ക് ഷെയര്‍ ചെയ്യാന്‍ മദ്‌റസാ സ്റ്റാഫ് കൗണ്‍സില്‍ നിശ്ചയിച്ച സമയത്തിനും മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ കുട്ടി അന്നത്തെ വര്‍ക്ക് ചെയ്ത് ഗ്രൂപ്പിലിട്ടിരുന്നു. ഉസ്താദ് സാധാരണ സമയത്ത് ക്ലാസ് ലിങ്ക് ഗ്രൂപ്പിലിട്ടു. വിദ്യാര്‍ഥികള്‍ ക്ലാസ് കേട്ട് ഹാജര്‍ പറഞ്ഞു. അതിനു ശേഷം ഗ്രൂപ്പില്‍ വന്ന വര്‍ക്കെഴുത്തുകള്‍ക്ക് ഉസ്താദ് ശരിയും സ്റ്റാറുമൊക്കെ നല്‍കി. കഥാപുരുഷന്റെ മകളുടേതായി നേരത്തേ വന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരുന്നു. സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് മാന്യമായ ഒരന്വേഷണവും നടത്താതെയാണ് വാട്‌സ്ആപ്പില്‍ വന്നുള്ള ആക്ഷേപച്ചൊരിച്ചില്‍. ഭാര്യയാണ് വര്‍ക്ക് ചെയ്തതെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചുവല്ലേ, ഇതെന്ത് ധാര്‍മികതയാണ് ഉസ്താദേ? എന്റെ മോള്‍ എത്ര കഷ്ടപ്പെട്ട് കണ്ടുപിടിച്ചതാണ്… ഇങ്ങനെയൊക്കെയായിരുന്നു ഏകപക്ഷീയ ആക്രമണങ്ങള്‍. കരഞ്ഞു കലങ്ങിയ കണ്ണുമായാണ് അന്ന് മോളുറങ്ങിയത് പോലും. ഉസ്താദ് കാണാത്തത് കൊണ്ടായിരിക്കാം ശരിയിടാന്‍ മറന്ന് പോയതെന്ന സമാശ്വാസം നല്‍കാനോ, അപ്പോള്‍ തന്നെ മുഅല്ലിമിനെ വിളിച്ച് കാര്യം തിരക്കാനോ ഉള്ള പക്വതയെന്താണ് ഇത്തരം രക്ഷിതാക്കള്‍ക്കില്ലാതെ പോകുന്നത്?
അമ്പതോളം കുട്ടികളുടെ വര്‍ക്കുകള്‍ നോക്കിത്തീര്‍ന്ന് രാത്രി ഏറെ വൈകിയുറങ്ങിയ ഉസ്താദിന് ഉച്ചമയക്കത്തിന്നിടയിലാണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ രക്ഷിതാവ് വിളിക്കുന്നത്. “എന്താ ഉസ്താദേ എന്റെ മോന്റെ വര്‍ക്ക് നിങ്ങള്‍ നോക്കാത്തത്? ഒരു മണിക്കൂര്‍ കഴിഞ്ഞു അയച്ചിട്ട്. ആദ്യം അയച്ചത് എന്റെ മോനാണെന്ന് ഗ്രൂപ്പില്‍ പറയാന്‍ മറക്കണ്ട. ശരിയും സ്റ്റാറും കുറഞ്ഞ് പോകുകയും വേണ്ട”. ഓണ്‍ലൈന്‍കാല പരാതിയുടെ മറ്റൊരു വേര്‍ഷനായിരുന്നു അത്. പരിഭവ വിളികളില്‍ ചിന്താകുലനായി ഇരിക്കുമ്പോഴാണ് സ്വദര്‍ ഉസ്താദിന്റെ കോള്‍ വന്നത്. ആശ്വാസ വചനങ്ങള്‍ പ്രതീക്ഷിച്ചാണ് അറ്റന്‍ഡ് ചെയ്തതെങ്കിലും അസുഖകരമായ അനുഭവമായിരുന്നു അതും. “രണ്ട് കാര്യം പറയാനാ ഉസ്താദേ വിളിച്ചത്. ഒന്നാമത്തെ കാര്യം, കുട്ടികള്‍ വര്‍ക്ക് ചെയ്ത് അയച്ചിട്ട് നോക്കുന്നില്ലെന്ന് രണ്ടാളുകള്‍ പറഞ്ഞു. ഒരാള്‍ കമ്മിറ്റിക്കാരനാണ് ശ്രദ്ധിക്കണം”.
ജോലി വെട്ടിച്ചുരുക്കലിന്റെ ഭാഗമായി അമിതഭാരം ചുമക്കേണ്ടി വരുന്ന അനവധി പേരുണ്ട്. പള്ളിയില്‍ ഖതീബും മുഅദ്ദിനും എല്ലാമായ ഒരു ഉസ്താദിന് ഒറ്റക്ക് മദ്‌റസ മൊത്തവും നോക്കേണ്ട ബാധ്യതയും വന്നിരിക്കുകയാണ്. ഈ ഓണ്‍ലൈന്‍ കാലത്ത് ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലായി ഇരുനൂറോളം കുട്ടികളെ ശ്രദ്ധിക്കുകയെന്നത് മനുഷ്യ സാധ്യമായ കാര്യമാണോ? അതിന് ഭീമമായ ഡാറ്റ വേണ്ടി വരില്ലേ? അത്രയും സമയം സ്‌ക്രീനില്‍ നോക്കിയിരുന്നാല്‍ ഈ മനുഷ്യന്റെ കാഴ്ചശക്തിയെന്താകും? ഇതൊന്നും ചെയ്തില്ലെങ്കില്‍ കുട്ടികളുടെ പഠനമെന്താകും? ഇവിടെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുയരുകയാണ്.
ഗത്യന്തരമില്ലാതെ പലരും ജീവിത മാര്‍ഗത്തിന് ബദല്‍വഴികള്‍ തേടുകയാണ്. ജീവിതം ലോക്ക്ഡൗണിലായപ്പോള്‍ ശിഷ്യന്റെ കൂടെ ഇന്‍ഡസ്ട്രിയില്‍ ജോലിക്കു പോകുകയാണ് ഒരു മുഅല്ലിം. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നാടൊഴിഞ്ഞ വിടവില്‍ ചെങ്കല്‍ ക്വാറികളിലേക്ക് കുടിയേറിയവരുമുണ്ട്. ഹോം ഡെലിവറിയും ഫര്‍ണീച്ചര്‍ തൊഴിലും കോഴി വളര്‍ത്തലും ചെരിപ്പു കച്ചവടവും അങ്ങനെ പല വിധ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. മതാധ്യാപകര്‍ സംരംഭങ്ങള്‍ തുടങ്ങുന്നതോ മറ്റു തൊഴിലെടുക്കുന്നതോ നിരുപാധികം നിരുത്സാഹപ്പെടുത്തേണ്ടതൊന്നുമല്ല. പക്ഷേ, മതവിജ്ഞാന പ്രസരണത്തിന് വല്ല വിധേനയും അഭംഗിയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സ്ഥിതിവിശേഷം ആപത്കരമാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ അനവധി ബിരുദധാരികള്‍ ഇത്തരം പ്രതിസന്ധികളിലേക്ക് എടുത്തെറിയപ്പെടുന്നുവെന്നത് കൂടുതല്‍ ആശങ്കാജനകമാണെന്നത് പറയാതെ വയ്യ. അവര്‍ തുടക്കത്തിലേ ഈ മേഖലയില്‍ നിന്ന് വിദൂരത്താക്കപ്പെടുകയാണ്.
(പ്രതിസന്ധികളും ആശങ്കകളും മദ്‌റസകളിലൊതുങ്ങുന്നതല്ല. മുഅല്ലിമുകളെക്കുറിച്ച് മാത്രമല്ല മുദരിസുമാര്‍ക്ക് വേണ്ടിയും പറയാനുണ്ട്. അതേകുറിച്ച് നാളെ)