Connect with us

National

മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും മന്ത്രിമാര്‍ക്ക് വകുപ്പുകളായില്ല

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ മന്ത്രിസഭ വികസിപ്പിച്ച് മൂന്ന് ദിവസം കഴിഞ്ഞെങ്കിലും മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചുനല്‍കാതെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. മികച്ച വകുപ്പുകളില്‍ ചൗഹാന്റെ അനുയായികളും ഈയടുത്ത് കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് വന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണമെന്നാണ് സൂചന. വകുപ്പ് വീതംവെപ്പ് സംബന്ധിച്ച് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

കൊവിഡ് വ്യാപനത്തിനിടെ മാര്‍ച്ച് അവസാനവാരം സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുകയും ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയാകുകയും ചെയ്‌തെങ്കിലും ഏറെ കാലം ഒറ്റയാള്‍ ഭരണമായിരുന്നു. പല വകുപ്പുകളും ചൗഹാന്‍ തന്നെയാണ് ഏറ്റെടുത്തിരുന്നത്. ആഴ്ചകള്‍ക്ക് ശേഷമാണ് ആരോഗ്യ വകുപ്പ് തന്നെ മറ്റൊരാള്‍ക്ക് നല്‍കുന്നത്. ഇതിന് ശേഷം മൂന്ന് ദിവസം മുമ്പാണ് 28 പേര്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായത്. നിലവില്‍ 33 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്.

പുതുതായി സത്യപ്രതിജ്ഞ ചെയ്ത ആര്‍ക്കും വകുപ്പുകള്‍ ലഭിച്ചിട്ടില്ല. ഇവരില്‍ 12 പേര്‍ സിന്ധ്യ അനുയായികളാണ്. മന്ത്രിസഭയില്‍ 14 സിന്ധ്യ അനുയായികളാണുള്ളത്. നേരത്തേ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ പ്രധാന വകുപ്പുകള്‍ തന്നെയാണ് സിന്ധ്യ അനുയായികള്‍ക്ക് വേണ്ടത്. റവന്യൂ, ഗതാഗതം, ആരോഗ്യം, സ്‌കൂള്‍ വിദ്യാഭ്യാസം, ഭക്ഷ്യം- വിതരണം, തൊഴില്‍, വനിതാ- ശിശുക്ഷേമം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Latest