Connect with us

National

വിവോയുടെ ഐ പി എല്‍ കരാര്‍ റദ്ദാക്കില്ലെന്ന് ബി സി സി ഐ

Published

|

Last Updated

ന്യൂഡല്‍ഹി| അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയെ എ പി എല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ബി സി സി ഐ. അടുത്ത തവണ സ്‌പോണ്‍സര്‍ഷിപ്പില്‍ മാറ്റം വരുത്താമെങ്കിലും ഇത്തവണ അത്തരം ഒന്ന് ബി സി സി ഐയുടെ പരിഗണനയിലില്ലെന്ന് ട്രഷറര്‍ അരുണ്‍ ധുമല്‍ പറഞ്ഞു. രാജ്യതാത്പര്യം മുന്‍ നിര്‍ത്തി മാത്രമേ ഐ പി എല്‍ പോലുള്ള വലിയ ടൂര്‍ണമെന്റുകള്‍ക്ക് ചൈനീസ് കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷമാണ് വിവോക്ക് ബി സി സി ഐയുമായി ഐ പി എല്‍ കരാറുള്ളത്. 2022ലാണ് കരാര്‍ അവസാനിക്കുക. 440 കോടി രൂപയാണ് പ്രതിവര്‍ഷം ബി സി സി ഐക്ക് വിവോ സ്പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് ചൈനീസ് കമ്പനികള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ വിഹിതം ബി സി സി ഐക്ക് ലഭിക്കുന്നുണ്ട്. ബി സി സി ഐ 42 ശതമാനം നികുതി ഇന്ത്യന്‍ സര്‍ക്കാറിന് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ വിവോ സ്പോണ്‍സര്‍ഷിപ്പിലൂടെ ഇന്ത്യയെയാണ് പിന്തുണക്കുന്നതെന്നും ചൈനയെയല്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ബി സി സി ഐ ചൈനീസ് കമ്പനിക്ക് പണം നല്‍കുന്നില്ല. അവര്‍ ഇങ്ങോട്ടാണ് പണം നല്‍കുന്നത്. യുക്തിപരമായ തീരുമാനങ്ങളാണ് എടുക്കേണ്ടത്. വൈകാരികമായല്ല. വ്യക്തിപരമായി താന്‍ ചൈനീസ് ഉത്പ്പനങ്ങള്‍ ബഹിഷ്‌ക്കരിക്കാറുണ്ടെന്നും ധുമല്‍ പറഞ്ഞു.

 

 

Latest