Connect with us

Covid19

ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രം ഡൽഹിയിൽ ഒരുങ്ങുന്നു

Published

|

Last Updated

ന്യൂഡൽഹി | 200 ഹാളുകളിലായി 10,000 ബെഡ്ഡുകളുള്ള ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രം ഡൽഹിയിൽ ഒരുങ്ങുന്നു. ദക്ഷിണ ഡൽഹിയിലെ രാധാ സ്വാമി സ്പിരിച്വൽ സെന്ററാണ് താത്കാലിക കൊവിഡ് കെയർ സെന്ററാക്കി മാറ്റുന്നത്. കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുകയും മതിയായ ചികിത്സാ സൗകര്യങ്ങളില്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡൽഹി സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. രാജ്യതലസ്ഥാനം കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ ഇതിനകം മുൻപന്തിയിലാണ്. 24 മണിക്കൂറിനിടെ 93 പേർ ഇവിടെ മരിച്ചു. നിലവിൽ 44,688 പേർ രോഗബാധിതരാണ്. 1,837 പേരാണ് ഇതു വരെ മരിച്ചത്.

22 ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള സ്പിരിച്വൽ സെൻറിന്റെ ഒരു ഭാഗത്ത് ഡോക്ടർമാർക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കും. ഈ മാസം 30ഓടെ പ്രവർത്തികൾ പൂർത്തിയാക്കി ചികിത്സ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. കൂടാരങ്ങളുടെ രൂപത്തിൽ 500 കിടക്കകൾ വീതമുള്ള 20 മിനി ആശുപത്രികളായാണ് നിർമാണം. പത്ത് ശതമാനം വീതം കിടക്കകൾക്ക് ഓക്‌സിജൻ സൗകര്യവുമൊരുക്കും. ആവശ്യത്തിന് ഫാനുകളും ലൈറ്റുകളും സ്ഥാപിക്കും. ഓരോ ഹാളിലും കൂളറും സി സി ടി വിയും ഉണ്ടാകും. സാനിറ്റൈസ് ചെയ്യേണ്ടാത്തതും പുനരുപയോഗിക്കാവുന്നതുമായ കാർഡ് ബോർഡ് ബെഡ്ഡുകളാണ് ഇവിടെ ഒരുക്കുന്നത്. വളരെ നേർത്ത ഈ ബെഡ്ഡുകൾ സെറ്റ് ചെയ്യാനും ആവശ്യത്തിനു ശേഷം ഒഴിവാക്കാനും വളരെ എളുപ്പവുമാണ്.

ഈ കേന്ദ്രമുൾപ്പെടെ 15,800 പേർക്കുള്ള ചികിത്സാ സൗകര്യമൊരുക്കാനാണ് ഡൽഹി സർക്കാർ ലക്ഷ്മിടുന്നത്. ഇതിനായി 40 ഹോട്ടലുകളും 77 സൽക്കാരഹാളുകളും താത്കാലിക ചികിത്സാകേന്ദ്രങ്ങളാക്കും. ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ഇതിനായി പ്രയോജനപ്പെടുത്തുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.