Connect with us

National

ആരോഗ്യസേതു സുതാര്യമാക്കി കേന്ദ്രം; സോഴ്‌സ് കോഡ് പുറത്തിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് ട്രാക്കിംഗ് ആപ്പായ ആരോഗ്യ സേതുവിന്റെ സോഴ്‌സ് കോഡ് പുറത്തിറക്കി. ഓപ്പണ്‍ സോഴ്‌സ് ആപ്പുകളുടെ കേന്ദ്രമായ ജിറ്റ്ഹബിലാണ് ആരോഗ്യ സേതുവിന്റെ സോഴ്‌സ് കോഡ് ലഭ്യമാക്കിയിരിക്കുന്നത്. സുതാര്യത ഉറപ്പുവരുത്തുന്നതിന് ആരോഗ്യ സേതു ആപ്പ് ഓപ്പണ്‍ സോഴ്‌സ് ആക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ആന്‍ഡ്രോയിഡ് വെര്‍ഷന്റെ സോഴ്‌സ് കോഡാണ് നിലവില്‍ പുറത്തിറക്കിയത്. ഐ ഒ എസ് വെര്‍ഷന്റെ കോഡും ഉടന്‍ പുറത്തിറക്കും.

ആരോഗ്യ സേതു ആപ്പിനെതിരെ സ്വകാര്യതാ ലംഘനം ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡവലപ്പര്‍മാര്‍ക്ക് വിശദമായി പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ആപ്പ് ഓപ്പണ്‍ സോഴ്‌സ് ആക്കിയത്. ആപ്ലിക്കേഷന്റെ സുരക്ഷയെക്കുറിച്ചും, സ്വകാര്യതയ്ക്ക് മേലുള്ള കടന്ന് കയറ്റത്തെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

ഏപ്രില്‍ മാസത്തിലാണ് കേന്ദ്രം ആരോഗ്യ സേതു ആപ്പ് പുറത്തിറക്കുന്നത്. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് ആപ്പ് നിര്‍മിച്ചത്. പതിനൊന്ന് കോടി ഉപഭോക്താക്കള്‍ ഇത് വരെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു.