Connect with us

Articles

ഒന്നാമതായി തന്നെ നിലകൊള്ളാം

Published

|

Last Updated

എൽഡി എഫ് സർക്കാർ നാല് വർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത് ആഘോഷങ്ങളില്ലാതെയാണ്. കൊവിഡ് 19 മഹാമാരിയെ അതിജീവിക്കാനുള്ള പോരാട്ടത്തിനിടയിലാണ് ഈ മെയ് 25 കടന്നുവരുന്നത്. “ഒന്നാണ് നാം; ഒന്നാമതാണ്”- എന്ന് അഭിമാനത്തോടെ നമുക്ക് പറയാൻ കഴിയുന്നത് ഏതു പ്രതിസന്ധിയെയും നേരിട്ട അനുഭവം കൊണ്ടുതന്നെയാണ്. കഴിഞ്ഞ നാല് വർഷങ്ങളിൽ വലിയ പരീക്ഷണങ്ങൾ നമ്മെ തേടിയെത്തി. 2018ലെ മഹാപ്രളയം, കഴിഞ്ഞ വർഷം വന്ന അതിതീവ്ര മഴ, ഓഖി, നിപ്പാ എന്നിവ കേരളത്തെ കഠിനമായി ബാധിച്ചു. അവയുടെ ആഘാതത്തിൽനിന്ന് കരകയറുകയും കേരള പുനർനിർമാണ പദ്ധതി ആവിഷ്‌കരിച്ച് മുന്നോട്ടുവരികയും ചെയ്യുമ്പോഴാണ്് കൊവിഡ് 19 എത്തിയത്. ഒരു പക്ഷേ എല്ലാ വികസന പ്രവർത്തനങ്ങളും സ്തംഭിച്ചുപോകുമായിരുന്നു. അത്തരമൊരു ദുരവസ്ഥയിലേക്ക് നാടിനെ തള്ളിവിടാതെ നവകേരള സൃഷ്ടിക്കായുള്ള ഉറച്ച ചുവടുവെപ്പിന് നമുക്ക് കഴിഞ്ഞു. അതാണ് ഈ വാർഷിക വേളയിൽ അഭിമാനപൂർവം പറയാവുന്ന കാര്യം.

നവകേരള കർമപദ്ധതിയുടെയും മിഷനുകളുടെയും ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നതാണ് കൊവിഡ് കാലത്തെ നമ്മുടെ അതിജീവന അനുഭവങ്ങൾ. ലൈഫ് മിഷനു കീഴിൽ 2,19,154 വീടുകളുടെ നിർമാണമാണ് ഇതുവരെ പൂർത്തിയാക്കിയത്. പൊതുവിദ്യാലയങ്ങൾ ഹൈടെക്കായി മാറിയിരിക്കുന്നു. 45,000 ക്ലാസ്മുറികൾ ഇന്ന് ഹൈടെക്കാണ്. ആയിരം സർക്കാർ സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകുന്നു. ഇന്ത്യയിൽ ആദ്യ കൊവിഡ് ബാധ ഉണ്ടായത് കേരളത്തിലാണ്. ഉയർന്ന ജനസാന്ദ്രതയും പ്രവാസി കേരളീയരുടെ എണ്ണക്കൂടുതലും ഇവിടെ കൂട്ടമായി പാർക്കുന്ന അതിഥി തൊഴിലാളികളും- ഇങ്ങനെ രോഗബാധ പടരുന്നതിനുള്ള എല്ലാ സാഹചര്യവുമുള്ള സംസ്ഥാനമാണ് നമ്മുടേത്. അത്തരമൊരു അപകടത്തിൽനിന്ന് നാടിനെ സംരക്ഷിക്കാൻ നമുക്ക് വലിയ ഒരളവിൽ സാധിച്ചു. സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഒന്നിച്ച് ജാഗ്രതയോടെ ഇടപെട്ടു. സെക്രട്ടേറിയറ്റിലെ വാർ റൂം മുതൽ വീടുകളിൽ കഴിയുന്ന വയോജനങ്ങൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ വരെ അവിശ്രമം കൊവിഡ് 19നെതിരെ പോരാടി. ആ പോരാട്ടം തുടരുകയാണ്.

ആർദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ നാം ഉന്നത നിലവാരത്തിലെത്തിച്ചു. കൊറോണ വൈറസ് ബാധക്കു മുന്നിൽ നാം നിസ്സംഗരായില്ല. എല്ലാവരെയും ഉൾച്ചേർക്കുന്ന പ്രതിരോധ നയമാണ് ആവിഷ്‌കരിച്ചത്. കേരളമാണ് ഈ ദുരിതകാലത്തെ അതിജീവിക്കാനുള്ള 20,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് രാജ്യത്താദ്യമായി പ്രഖ്യാപിച്ചത്. സമൂഹ അടുക്കളകളിലൂടെയുള്ള ഭക്ഷണവിതരണവും സൗജന്യ രോഗചികിത്സയും കൊവിഡ് ആശുപത്രികളുടെ അതിവേഗത്തിലുള്ള സജ്ജീകരണവും കേരളത്തിന്റെ സവിശേഷ നേട്ടങ്ങളാണ്.

അസാധ്യമെന്ന് വിധിയെഴുതി തള്ളിക്കളഞ്ഞ വൻകിട പദ്ധതികൾ സാധ്യമാക്കിയതിന്റെ റെക്കോഡും ഓർമിക്കേണ്ടതുണ്ട്. അതിലൊന്ന് ഗെയിൽ പൈപ്പ്‌ലൈനാണ്. മുടങ്ങിക്കിടന്ന കൊച്ചി-ഇടമൺ വൈദ്യുതി പ്രസരണ ലൈൻ യാഥാർഥ്യമാക്കി. പുതിയ മലയോര ഹൈവേ 1,251 കിലോമീറ്ററിലും തീരദേശ ഹൈവേ 650 കിലോമീറ്ററിലും പണി നടക്കുന്നു. കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേയുടെ പ്രാരംഭ പ്രവർത്തനം പുരോഗമിക്കുന്നു. ദേശീയപാതാ വികസനവും ദേശീയ ജലപാതയുടെ പ്രവർത്തന പുരോഗതിയും കൊച്ചി മെട്രോ വിപുലീകരണവും ഈ പട്ടികയിലെ ശ്രദ്ധേയമായ ചിലതു മാത്രമാണ്. നിതി ആയോഗിന്റെ ആരോഗ്യസൂചികയിലും വ്യവസായ വികസന സൂചികയിലും സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര പട്ടികയിലും കേരളം ഒന്നാമതാണ്.

കൊവിഡ് 19 ലോകസമ്പദ്‌വ്യവസ്ഥയെ തന്നെ ദുർബലപ്പെടുത്തിയിരിക്കുന്നു. 1930കളിലെ ലോക സാമ്പത്തിക മാന്ദ്യത്തെക്കാൾ മോശം സാഹചര്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഭക്ഷ്യ കാർഷിക സംഘടന ഭക്ഷ്യ ക്ഷാമവും അന്താരാഷ്ട്ര തൊഴിൽ സംഘടന കടുത്ത തൊഴിലില്ലായ്മയും പ്രവചിച്ചിരിക്കുന്നു. ഇതുതന്നെയാണ് ഇനിയുള്ള നാളുകളിൽ നാം നേരിടുന്ന വെല്ലുവിളി. അത് മുന്നിൽ കണ്ടുകൊണ്ടാണ് സുഭിക്ഷ കേരളം, വ്യവസായ ഭദ്രത എന്ന രണ്ട് പദ്ധതികൾക്ക് തുടക്കം കുറിച്ചത്.

കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള “സുഭിക്ഷ കേരളം” പദ്ധതി 3,860 കോടി രൂപ ചെലവിൽ ഒരു വർഷത്തിനുള്ളിൽ നടപ്പാക്കും. ഭദ്രതാ പദ്ധതിയുടെ ഭാഗമായി 3,434 കോടി രൂപയുടെ സഹായമാണ് സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് നൽകുന്നത്. കൊവിഡ് 19 തീവ്രമായി ബാധിച്ച വിവിധ ഭാഗങ്ങളിൽ പ്രവാസി കേരളീയർ ജീവിക്കുന്നുണ്ട്. കേരളത്തിന്റെ ഇന്നത്തെ പുരോഗതിക്ക് നിർണായക സംഭാവനകൾ നൽകിയ പ്രവാസി സമൂഹം എല്ലാ പ്രതിസന്ധിഘട്ടത്തിലും നമുക്ക് താങ്ങും തണലുമായി നിന്നവരാണ്. അവർ പലരും സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തുകയാണ്. അവർക്ക് സുരക്ഷിതത്വം ഒരുക്കാനും തുടർന്നങ്ങോട്ടുള്ള ജീവിതത്തിന് പിന്തുണ നൽകാനുമുള്ള ശ്രമങ്ങളാണ് നാം ഇപ്പോൾ നടത്തുന്നത്. പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് പിന്നോട്ടടിപ്പിക്കാൻ ഒരു ദുരന്തത്തിനും സാധ്യമായില്ല. എതിർപ്പിനു വേണ്ടിയുള്ള എതിർപ്പും കുപ്രചാരണങ്ങളും സർക്കാറിന്റെ പ്രയാണത്തെ തളർത്തിയില്ല. കൊവിഡ് ബാധ ലോകത്ത് നിരവധി മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പുതിയ അതിജീവന പദ്ധതി ആവിഷ്‌കരിക്കുക എന്ന ചുമതലയാണ് നാം ഏറ്റെടുത്തിട്ടുള്ളത്. ഈ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ നവകേരളസൃഷ്ടിക്കായുള്ള പ്രതിജ്ഞയും പ്രതിബദ്ധതയും ആവർത്തിച്ചുറപ്പിച്ച് നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം. ഒന്നാമതായി തന്നെ നിലകൊള്ളാം.

കേരള മുഖ്യമന്ത്രി

---- facebook comment plugin here -----

Latest