Connect with us

Gulf

മടക്കയാത്രക്ക് അപേക്ഷ നല്‍കിയത് 60,000 പ്രവാസികള്‍; അനുമതി നല്‍കിയത് ആയിരം പേര്‍ക്ക് മാത്രം

Published

|

Last Updated

ദമാം | സഊദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള മടക്കയാത്രക്കായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 60,000 കവിഞ്ഞു, എന്നാല്‍ മടക്കയാത്രക്കായി അനുമതി ലഭിച്ചത് ആയിരം പേര്‍ക്ക് മാത്രമാണ്. ബുധനാഴ്ച മീഡിയാ പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ആണ് ഇക്കാര്യം അറിയിച്ചത്.
മെയ് എട്ടിന് വെള്ളിയാഴ്ച ഉച്ചക്ക് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം. ഡല്‍ഹിയിലേക്ക് രണ്ടും കൊച്ചിയിലേക്ക് രണ്ടും കോഴിക്കോട്ടേക്ക് ഒന്നും സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ നടത്തുന്നത്. രണ്ടാം ഘട്ടം മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിമാനത്തിനുള്ളിലും സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ പരമാവധി 200 യാത്രക്കാരെ മാത്രമേ ഒരു ഫ്‌ളൈറ്റില്‍ കൊണ്ടുപോകാന്‍ സാധിക്കൂ. സഊദി അധികൃതരുമായി ചേര്‍ന്ന് വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമേ യാത്രക്കാരെ കൊണ്ടുപോകൂ, ഗര്‍ഭിണികള്‍ അടക്കം അടിയന്തരമായി യാത്ര തിരിക്കേണ്ടവര്‍ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. 1500 റിയാലാണ് ടിക്കറ്റിന് നിശ്ചയിച്ചിട്ടുള്ളത്. അത് യാത്രക്കാര്‍ തന്നെ അടയ്‌ക്കേണ്ടതാണ്.

സഊദി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച അബ്ഷിര്‍ “ഔദ” സര്‍വീസ് സംബന്ധിച്ച് എംബസിക്ക് ഇതുവരെ പ്രത്യേകിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇത് സഊദി സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സര്‍വീസ് ആണിതെന്നും എംബസി പറഞ്ഞു. സഊദിയിലെ കൊവിഡ് ബാധിത പ്രദേശങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുമണി വരെയാണ് കര്‍ഫ്യൂ സമയങ്ങളില്‍ പുറത്തിറങ്ങുന്നതിന് അനുമതിയുള്ളത്.

എംബസിയുടെ അറിയിപ്പ് ലഭിച്ച യാത്രക്കാര്‍ എയര്‍ ഇന്ത്യയുടെ ഓഫീസില്‍ നിന്നും നേരിട്ട് ചെന്ന് ടിക്കറ്റ് എടുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിലവില്‍ ടാക്‌സി സര്‍വീസുകള്‍ക്ക് നിരോധനം നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകളില്‍ നേരിട്ടെത്തി ടിക്കറ്റ് എടുക്കുക എന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യാത്രാനുമതി ലഭിച്ച ഗര്‍ഭിണികളോടൊപ്പം പോകാന്‍ നിലവില്‍ അനുമതിയില്ലെന്നും സീറ്റുകളുടെ പരിമിതി കണക്കിലെടുത്താണ് നടപടിയെന്നും അംബാസഡര്‍ പറഞ്ഞു. നേരത്തെ വ്യാഴാഴ്ച ആദ്യ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സര്‍വീസ് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് 170 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കത0344 വിമാനം പുറപ്പെടുക.

മടക്കയാത്രയും പ്രതീക്ഷിച്ച് സഊദി ജയിലുകളില്‍ കഴിയുന്നത് 300 പേര്‍
ഇന്ത്യയിലേക്കുള്ള മടക്കയാത്രയും പ്രതീക്ഷിച്ച് സഊദി ജയിലുകളില്‍ 300 പേരാണ് കഴിയുന്നത്. വിവിധ കേസുകളില്‍ ശിക്ഷ കാലാവധി അവസാനിച്ചവരും ഇക്കൂട്ടത്തിലുണ്ട്. കൊവിഡ് വ്യാപനം മൂലം യാത്രാ വിലക്ക് നിലവില്‍ വന്നതോടെയാണ് ഇവരുടെ മടക്കയാത്ര മുടങ്ങിയത്. ഇവര്‍ സഊദി ഡീപോര്‍ട്ടേഷന്‍ സെന്ററുകളുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

സിറാജ് പ്രതിനിധി, ദമാം

Latest