Connect with us

Articles

പ്രവാസിയുടെ ആശങ്കയൊഴിയുന്നില്ല

Published

|

Last Updated

ഒടുവില്‍ ഇതാ ആ മുറവിളികളും ഒച്ചപ്പാടുകളും ഫലം കണ്ടിരിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രവാസിക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ച് ചെല്ലാനുള്ള പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. അത്രയും ആശ്വാസം. അഭിനന്ദനം. എന്നാല്‍ തിരിച്ചുവരവിനെ ചൊല്ലി ഉയര്‍ത്തിയ ആശങ്കകളും വന്നാലുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും അവസാനിച്ചു എന്നു പറയാറായോ? സമയമെടുത്ത് ചെയ്ത ഒരു പ്രവൃത്തി എന്ന നിലയിലുള്ള ആസൂത്രണങ്ങളും നീക്കങ്ങളുമാണോ ഈ ദൗത്യത്തിനു പിന്നില്‍ നടന്നത്? തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഒന്നാം ലോകമഹാ യുദ്ധത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന് ഒരുങ്ങുകയാണ് ഇന്ത്യ എന്നാണ്, ജീവിത സന്ധാരണം തേടി വിദേശത്തെത്തി രോഗ ഭീതിയും തൊഴില്‍ നഷ്ടവും മൂലം കഷ്ടപ്പെടുന്ന പ്രവാസി സമൂഹത്തെ ഇന്ത്യയിലേക്ക് തിരിച്ച് കൊണ്ടു വരുന്നതിനെ മാധ്യമങ്ങളും അധികാരികളും വിശേഷിപ്പിക്കുന്നത്.

തിരികെയെത്തിക്കാന്‍ കഴിയില്ലെന്നോ സമയമായിട്ടില്ലെന്നോ ഉള്ള മട്ടിലായിരുന്നു കേന്ദ്ര സര്‍ക്കാറും അധികാരികളും ഈ മുറവിളിയെ കണ്ടതും അതിനോട് പ്രതികരിച്ചതും. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഗള്‍ഫിലും നാട്ടിലും സാമൂഹിക മാധ്യമങ്ങളിലും ഉയര്‍ന്നത്. എന്നാല്‍ ഈ ഘട്ടത്തിലും അവരെ തിരിച്ച് എത്തിക്കണം എന്നാണ് കേരളം നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരുന്നത്. അടിയന്തരമായി തിരിച്ച് എത്തിക്കേണ്ടവരെ ഉള്‍പ്പെടുത്തി കേരളം മുന്‍ഗണനാ പട്ടികയും തയ്യാറാക്കിയിരുന്നു. 1,69,136 പേരുടെ പട്ടികയാണ് കേരളം നല്‍കിയത്.
എന്നാല്‍ 12 രാജ്യങ്ങളില്‍ നിന്നായി 64 വിമാനങ്ങളില്‍ 14,800 ഇന്ത്യക്കാരെയാണ് പ്രത്യേക സര്‍വീസ് വഴി ഇപ്പോള്‍ തിരിച്ചു കൊണ്ടുവരാന്‍ പോകുന്നത്. പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനത്ത് ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുവെന്നും 11,217 പേര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ തന്നെ കഴിയുന്നതിനുള്ള സംവിധാനം സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

നിലവില്‍ രോഗം പടരുന്നതുമായി ബന്ധപ്പെട്ട് നാട്ടില്‍ നിന്ന് ഉയര്‍ന്ന ആശങ്കകളും പ്രവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതേപടിയോ അതിനേക്കാള്‍ ഉയര്‍ന്ന തോതിലോ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇവിടെയാണ് ഒരു ഭരണകൂടം സ്വന്തം രാജ്യത്തിന്റെ പൗരന്മാരോട് കാണിക്കുന്ന നിസ്സംഗതയുടെ ഗതി തിരിച്ചറിയുക.
തിരിച്ചു വരവിനുള്ള യാത്രാ ഷെഡ്യൂളും വിമാന പട്ടികകളും ഉള്‍പ്പെടെ പുറത്തിറക്കിയ സ്ഥിതിക്ക് ഇത്രയും പറയേണ്ടതുണ്ടോ എന്ന വിചാരത്തിന് പ്രസക്തിയുണ്ട്. സത്യത്തില്‍ ഈ ആഴ്ചകളില്‍ ഇനി നടക്കാനിരിക്കുന്ന രക്ഷാപ്രവര്‍ത്തനം ഇതേപടി നടക്കാന്‍ ഇന്ത്യയിലോ വിദേശ രാജ്യങ്ങളിലോ പ്രത്യേകമായി ആസൂത്രണങ്ങള്‍ എന്തെങ്കിലും നടന്നിരുന്നോ? ഒന്നും നടന്നിട്ടില്ലെന്ന് മാത്രമല്ല, ഇത്രയും പാനിക് സിറ്റ്വേഷനും പ്രതിഷേധ സ്വരങ്ങളും ഉയരാതെ ഭംഗിയായി ചെയ്യാവുന്ന ഒരു ദൗത്യമായിരുന്നു ഇത് എന്നതാണ് നേര്.
ലോകത്തിന്റെ ഏതു കോണിലായാലും ഹൃദയത്തില്‍ ഒരിടം സ്വന്തം നാടിനും വീടിനും കരുതി കൊണ്ടുനടക്കുന്നവരാണ് പ്രവാസികള്‍. അവര്‍ അകപ്പെട്ടിരിക്കുന്ന നിസ്സഹായാവസ്ഥയില്‍ നിന്ന് പൊക്കിക്കൊണ്ടുവന്ന് രാജ്യത്തിടുന്നതിനെയാണോ ഒരു രാജ്യത്തിനു പൗരന്മാരുടെ മേലുള്ള ബാധ്യതാ നിര്‍വഹണം എന്നു വിളിക്കുക എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. നിലവിലെ ദയനീയ സ്ഥിതിയില്‍ നിന്ന് സുരക്ഷിതമായ ഇടം ഒരുക്കി ഒരു കൈ സഹായമാകുമ്പോഴാണ് അത് കടമയുടേയോ ധാര്‍മിക ഉത്തരവാദിത്വത്തിന്റെയോ ഒക്കെ ഗണത്തില്‍ പെടുക. പ്രവാസികളോടുള്ള ഭരണപരമായ ബാധ്യത പോലും നിറവേറ്റപ്പെടണമെങ്കില്‍ ഇനിയും ഭരണകൂടം ബഹുദൂരം സഞ്ചരിക്കണം.

ഒരു സാധാരണ നാട്ടില്‍ പോക്കിന് എന്തുമാത്രം ഒരുക്കങ്ങളാണ് ഓരോ പ്രവാസിയും ഒരുങ്ങുന്നതെന്ന് ആര്‍ക്കെങ്കിലും അറിയുമോ? അതിനു പിന്നിലെ ആസൂത്രണങ്ങളും കൂട്ടിക്കിഴിക്കലുകളും കരുതലും സ്വപ്‌നവും എത്ര മാത്രം ഉണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരത്തില്‍ തയ്യാറെടുപ്പുകളോടെ വിമാനം കയറുന്ന പ്രവാസിയെയാണ് അണുബാധക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികളില്‍ വീഴ്ച വരുത്തും എന്ന മട്ടില്‍ വലിച്ചുനീട്ടി അവസാനം എംബസി ഇറക്കിയ ഒരു ഗൂഗിള്‍ ഫോമിലെ രജിസ്‌ട്രേഷന്റെ ബലത്തില്‍ ഇവാക്വാറ്റ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നത്. സാങ്കേതികമായും ധാര്‍മികമായും സര്‍ക്കാര്‍ പ്രവാസികളെ തിരികെയെത്തിക്കുന്നതിന് ഒരുക്കമല്ല എന്നതാണ് തുടക്കം മുതലേയുള്ള നീക്കങ്ങളില്‍ നിന്ന് തെളിഞ്ഞത്. സമ്മര്‍ദങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ചെയ്യുന്ന ഏത് പ്രവര്‍ത്തനവും ആലോചനാപൂര്‍വമായിരിക്കില്ല. അതുകൊണ്ട് തന്നെ ഈ രക്ഷാപ്രവര്‍ത്തനം ഉണ്ടാക്കിവെക്കുന്ന ശിക്ഷകള്‍ എത്രമാത്രം കടുത്തതായിരിക്കും എന്ന് കണ്ടറിയുക തന്നെ വേണം. അല്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ട്, രോഗഭീതിയില്‍ ആശയറ്റ് കഴിയുന്നവരോട് അവരുടെ യാത്രാ ചെലവുകളും മറ്റും അവര്‍ സ്വയം വഹിക്കണമെന്ന് ഒരു സര്‍ക്കാര്‍ പ്രഖ്യാപിക്കുമോ?
എംബസികള്‍ മുഖേനയാണ് സര്‍ക്കാര്‍ ഔദ്യോഗികമായി വിവര ശേഖരണം ആരംഭിച്ചത്. ഇതിന്റെ അവസ്ഥയെന്തായിരുന്നു. ആധുനിക സംവിധാനങ്ങള്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ക്കും കീര്‍ത്തി കേട്ട ഇന്ത്യ പോലുള്ള ഒരു രാജ്യം കേവല ഗൂഗിള്‍ ഫോം വഴിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. നാട്ടിലെത്തിയാല്‍ സംവിധാനം ഒരുക്കുന്നതിനാണെന്നായിരുന്നു നോര്‍ക്കയുടെ വിവര ശേഖരണത്തെ കുറിച്ചുള്ള വിശദീകരണം. ഇതിനു പുറമെയാണ് സന്നദ്ധ സംഘടനകളുടെ ഡാറ്റാ കളക്ഷന്‍ നടന്നത്. അതോടൊപ്പം നാട്ടിലെ പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവരങ്ങള്‍ ശേഖരിച്ചു. ചുളുവില്‍ ഡാറ്റ സമാഹരിക്കുക എന്നതായിരുന്നു ഇതിനു പിന്നില്‍ നടന്നത്. എന്നാല്‍ ഔദ്യോഗിക സ്വഭാവത്തോടെ ഇവ കൈകാര്യം ചെയ്‌തോ എന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട്.

വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് അഭയം അവരുടെ സര്‍ക്കാറും അതാത് എംബസിയും കോണ്‍സുലേറ്റും അടങ്ങുന്ന ഡിപ്‌ളൊമാറ്റിക് സംവിധാനമാണ്. ഈ നയതന്ത്ര മിഷന്‍ പ്രവാസികളുടെ തിരിച്ചു പോക്കുമായി ബന്ധപ്പെട്ട് ഇടപെട്ട വിധം പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
സന്ദിഗ്ധ ഘട്ടങ്ങളില്‍ പ്രവാസിയെ സഹായിക്കാനും അനിവാര്യമാകുമ്പോള്‍ ചികിത്സയും മറ്റു സംരക്ഷണ ചെലവുകളും വഹിക്കുന്നതിനും അവനില്‍ നിന്ന് തന്നെ പിരിച്ചെടുക്കുന്ന തുക സമാഹരിച്ചുണ്ടാക്കി ഓരോ എംബസിയിലും കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് എന്ന പേരില്‍ കോടിക്കണക്കിന് സംഖ്യയാണ് നീക്കിയിരിപ്പുള്ളത്. ഇവ ചെലവഴിച്ചോ? പ്രജകള്‍ക്ക് നേരിട്ട് എത്തും വിധം എംബസികള്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കുന്നത് കൗതുകമുളവാക്കും. പ്രവാസ ലോകത്ത് ഓരോ വ്യക്തിയും അനുഭവിക്കുന്ന തൊഴില്‍- ജീവിത- നിയമ-രോഗ പ്രശ്‌നങ്ങളില്‍ താങ്ങായും തണലായും നിലകൊള്ളുന്ന സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ഇല്ലെങ്കില്‍ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ കാര്യം കഷ്ടമായേനേ. കൊവിഡ് വൈറസിന്റെ വ്യാപന രീതി മൂലം ഇത്തരം പരസ്പര സഹായത്തിന്റെ വാതിലുകള്‍ കൂടി അടഞ്ഞതോടെയാണ് പ്രവാസിയുടെ നിസ്സഹായാവസ്ഥ ഇരട്ടിച്ചത്. സര്‍ക്കാറും സംവിധാനങ്ങളും ഇങ്ങനെ അലംഭാവം തുടരുമ്പോള്‍ പ്രതീക്ഷയറ്റ സമൂഹമായി പ്രവാസികള്‍ മാറി.

പ്രവാസി സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാനുള്ള മുറവിളി ഉയര്‍ത്തിയത് അവന്റെ വല്ലാത്ത നിസ്സഹായതയില്‍ നിന്നായിരുന്നു. ചുറ്റുപാടും ഭീതിദമായ തോതില്‍ കൊവിഡ് പടരുകയും തന്നെത്തന്നെ നിഗ്രഹിക്കാന്‍ തുടങ്ങുകയും പലരുടെയും ജീവനെടുക്കുകയും ചെയ്ത വല്ലാത്ത സന്ധിയില്‍ നാട്ടിലെത്തിക്കണേ എന്ന ആ അലര്‍ച്ചയില്‍ അത്രയും ദയനീയത മുറ്റി നിന്നിരുന്നു. പക്ഷേ കൈപ്പിടിക്കേണ്ടവര്‍ വാഴ നൂലിട്ട് പരിഹസിക്കുന്ന വിധം ദിനം പ്രതി പ്രസ്താവനകളും അപ്രായോഗികതകളും വെച്ചു നീട്ടി രംഗം കൂടുതല്‍ ദയനീയമാക്കുകയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്തത്. പ്രതീക്ഷയുടെ വര്‍ത്തമാനങ്ങള്‍ നല്‍കാന്‍ പോലും പലപ്പോഴും അധികാരികളും ബന്ധപ്പെട്ടവരും മറന്നു.

Latest