Connect with us

National

ഛത്തീസ്ഗഢില്‍ മദ്യം വീട്ടിലെത്തും; ഓണ്‍ലൈന്‍ സംവിധാനവുമായി സര്‍ക്കാര്‍

Published

|

Last Updated

റായ്പുര്‍ | ഛത്തീസ്ഗഢില്‍ മദ്യം വീട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ മദ്യവില്‍പനക്കാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നത്. ഇതിന്റെ ഭാഗമായി ഔദ്യോഗിക വെബ് പോര്‍ട്ടല്‍ തുടങ്ങിയിട്ടുണ്ട്. മദ്യശാലകളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് ഹോം ഡെലിവറി സൗകര്യമൊരുക്കുന്നത്. മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, മേല്‍വിലാസം എന്നിവ രജിസ്റ്റര്‍ ചെയ്ത് മദ്യം ഓര്‍ഡര്‍ ചെയ്യാം. അത് ഒ ടി പി വഴി സ്ഥിരീകരിക്കും.

ഹോട്ട് സ്‌പോട്ട് ഇതര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മദ്യശാലകള്‍ നിയന്ത്രണ വിധേയമായി തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് ഛത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസം തുറന്ന മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് രൂപപ്പെട്ടത്. സാമൂഹിക അകലം പാലിക്കണമെന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് പല ജില്ലകളിലും മദ്യശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ വരിനിന്നത്.

സംസ്ഥാന സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷമായ ബി ജെ പി വിമര്‍ശിച്ചു. മദ്യനിരോധനം നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയവരാണ് ഇപ്പോള്‍ മദ്യം വീട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ധരംലാല്‍ കൗശിക് കുറ്റപ്പെടുത്തി.

Latest