Connect with us

Ongoing News

മട്ടമൊത്ത ഊര് മറ്റത്തൂര്

Published

|

Last Updated

പുതുക്കിപ്പണിത മറ്റത്തൂർ ജുമുഅ മസ്ജിദ്

പ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന പ്രദേശമാണ് ഒതുക്കുങ്ങൽ പഞ്ചായത്തിലെ മറ്റത്തൂർ ഗ്രാമം. പരിഷ്‌കാരങ്ങൾക്കൊപ്പവും ഗ്രാമീണതയുടെ തുടിപ്പുകൾ കൈവിടാത്ത ദേശം. കടലുണ്ടിപ്പുഴയുടെ ഓരം ചേർന്ന് നിൽക്കുന്ന നാട്ടിൽ പാടങ്ങളും തെങ്ങിൻ തോപ്പുകളും വെറ്റില കൃഷിയും പ്രകൃതിക്ക് നിറച്ചാർത്തണിച്ചിരിക്കുന്നു. പോയ കാലത്ത് ചരക്ക് കടത്തിനും യാത്രക്കും ആളുകൾ ഉപയോഗിച്ചിരുന്ന ജലഗതാഗതത്തിന്റെ ഇടത്താവളം കൂടിയാണ് ഇവിടെ. എല്ലാം കൊണ്ടും രമണീയമായ നാടിന് പഴമക്കാർ “മട്ട മൊത്ത ഊര്” എന്ന് വിളിച്ചു. മട്ടം എന്നാൽ എല്ലാ ഗുണങ്ങളുമുള്ള എന്നർഥം. ഊര് നാട്. പിന്നീട് കാലം അതിനെ പരിഷ്‌കരിച്ച് മറ്റത്തൂർ എന്നാക്കി. 500 വർഷത്തിലപ്പുറത്തെ ചരിത്ര പാരമ്പര്യമുണ്ട് നാടിന്. ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ ഭാഗമാണെങ്കിലും ഒതുക്കുങ്ങൽ രൂപപ്പെടുന്നതിനും മുമ്പേ മറ്റത്തൂരെന്ന നാട്ട് പേരുണ്ട്.

പഞ്ചായത്തിലെ എല്ലാ ഗ്രാമ പേരുകളുടെയും തുടക്കത്തിൽ മറ്റത്തൂർ ചേർത്താണ് ഇന്നും അറിയപ്പെടുന്നു. മറ്റത്തൂർ പൊട്ടിക്കല്ല്, മറ്റത്തൂർ നെട്ടിച്ചാടി, മറ്റത്തൂർ കൈപ്പറ്റ ഇങ്ങനെ 12 ഓളം നാട്ടുപേരുകളുണ്ടിവിടെ.
റോഡ് ഗതാഗതം വരുന്നതിന് മുമ്പ് കടലുണ്ടിപ്പുഴ വഴി നിരവധി സാധനങ്ങൾ കൊണ്ടുപോയിരുന്നത് മറ്റത്തൂർ ആസ്ഥാനമാക്കിയായിരുന്നു. ഇവിടെ തോണികളിലെത്തിച്ചായിരുന്നു കൈമാറ്റം ചെയ്തിരുന്നത്. ഭക്ഷ്യവസ്തുക്കളും നിർമാണ ഉപകരണങ്ങളും കൊണ്ടുവന്നിരുന്ന വഞ്ചികളും ചങ്ങാടങ്ങളും വെറ്റിലയും തേങ്ങയുമായിട്ടായിരുന്നു മടങ്ങിയിരുന്നത്.

പഴയകാല നദീതട സംസ്‌കാരത്തിന്റെ ചെറിയ മാതൃക മറ്റത്തൂരിനുമുണ്ട്. മറ്റത്തൂർ വലിയ ജുമുഅ മസ്ജിദിന് സുമാർ 500 വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. മലപ്പുറം, മമ്പുറം, പാലപ്പുറംപള്ളികളെല്ലാം ഏതാണ്ട് ഒരേ കാലത്ത് പണി കഴിപ്പിച്ചവയാണ്. 2000 ത്തിൽ ഈ പള്ളി പുതുക്കി പണിതു. പള്ളി നിൽക്കുന്ന സ്ഥലം മലപ്പുറത്തെ നാടുവാഴിയായിരുന്ന പാറനമ്പി നൽകിയതാണത്രെ. പ്രദേശത്തെ പട്ടികജാതിക്കാരുടെ ക്ഷേത്രത്തിനും പള്ളിക്കുമായി നാടുവാഴി സ്ഥലം വിട്ടുനൽകി. ആദ്യം ക്ഷേത്രത്തിനായി വെച്ച സ്ഥലം പള്ളിക്കും പള്ളി സ്ഥലം ക്ഷേത്രനും മാറ്റം ചെയ്‌തെന്നാണ് ചരിത്രം.

പാറ നമ്പി കുടുംബത്തിലാർക്കോ രോഗമുണ്ടായെന്നും അത് ചികിത്സിച്ചുമാറ്റിയത് മറ്റത്തൂരിലെ മഠത്തിൽ കുടുംബാംഗമായ പാരമ്പര്യ മുസ്‌ലിം വൈദ്യനായിരുന്നുവെന്നും ഇതിന് എന്ത് പ്രതിഫലമാണ് വേണ്ടതെന്ന് ആരാഞ്ഞ നമ്പിയോട് പുഴയോരത്ത് പള്ളിക്ക് സ്ഥലം കിട്ടിയാൽ കൊള്ളാമെന്ന് വൈദ്യർ പറഞ്ഞുവെന്നും അങ്ങിനെയാണ് പള്ളിക്കനുവദിച്ച സ്ഥലം അമ്പലത്തിനും അമ്പലത്തിനനുവദിച്ച സ്ഥലം പള്ളിക്കും പരസ്പരം കൈമാറ്റം ചെയ്യാൻ തീരുമാനിക്കുന്നതെന്നാണ് പറഞ്ഞ് വരുന്നത്.
ആദ്യകാലത്ത് പുഴക്ക് അക്കരയുള്ളവരായിരുന്നു പള്ളിയുടെ ആരാധന കർമങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. പിന്നീട് പൊന്നാനി മഖ്ദൂം പരമ്പരയിൽ നിന്നുള്ളവരായി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ദുർഭരണത്തിനും ദേശം സാക്ഷിയായിട്ടുണ്ട്.

പ്രദേശത്തെ മുസ്‌ലിംകളെ അമർച്ച ചെയ്യാൻ
“മാപ്പിള ഔട്ട്‌റേജസ് ആക്ട്” പോലെയുള്ള ഭീകരനിയമങ്ങൾ ബ്രിട്ടീഷുകാർ നടപ്പിലാക്കിയിരുന്നു. ഇതിനായി പ്രദേശത്ത് പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു. ഇതിന്റെ അവശിഷ്ടങ്ങൾ ഇന്നുമുണ്ട്. മറ്റത്തൂർ മുണ്ടിയാടായിരുന്നു ആസ്ഥാനം. ഇത് ഇന്നും ശേഷിക്കുന്നുണ്ട്. ഇപ്പോഴിത് കോളനി വാസികൾക്ക് താമസത്തിനായി നൽകിയിരിക്കുകയാണ്.

1921 നവംബർ 12നാണ് ബ്രിട്ടീഷ് പട്ടാളത്തിന്റെ ആക്രമത്തിന് പ്രദേശം ഇരയായത്. മുസ് ലിംകൾക്ക് നേരയായിരുന്നു അക്രമം. 160 മുസ്‌ലിം വീടുകൾ പട്ടാളം തീയിട്ടു. 62 പേരെ വെടിവെച്ചുകൊന്നു. ഒട്ടേറെ പ്രതിഭകളെ നൽകിയ നാടാണ് മറ്റത്തൂർ. പ്രശസ്ത കർമശാസ്ത്ര പണ്ഡിതനായിരുന്ന മർഹൂം കൈപ്പറ്റ ബീരാൻകുട്ടി മുസ്‌ലിയാരുടെ ജന്മദേശം വിളിപ്പാടകലെയാണ്.
കാലാസാഹിത്യരംഗത്തും നിറഞ്ഞുനിൽക്കുന്ന പ്രതിഭകൾ ഒട്ടേറെയുണ്ട്. പ്രകൃതി സൗന്ദര്യത്തോടൊപ്പം മതമൂല്യങ്ങൾ മുറുകെ പിടിക്കുന്നതിലും മറ്റത്തൂർ മാതൃകയാണ്.