Connect with us

Gulf

തറാവീഹ്, ഈദുല്‍ ഫിത്വര്‍ നിസ്‌കാരങ്ങള്‍ വീടുകളില്‍ വെച്ച് നിര്‍വഹിക്കുക: സഊദി ഗ്രാന്‍ഡ് മുഫ്തി

Published

|

Last Updated

ദമാം | സഊദിയില്‍ കോവിഡ് 19 വ്യാപനം തടയുന്നതിന് ആരോഗ്യ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ഈ വര്‍ഷത്തെ തറാവീഹ്, ഈദുല്‍ ഫിത്വര്‍ നിസ്‌കാരങ്ങള്‍ വീടുകളില്‍ നിര്‍വഹിക്കണമെന്ന് സഊദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ആലു ഷെയ്ഖ് പറഞ്ഞു. വിശുദ്ധ റമസാന്‍ മാസത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ പള്ളികളിലും, ഈദ്ഗാഹുകളിലും പെരുന്നാള്‍ നിസ്‌കാരം നടത്താനാകില്ലെന്നും ഈ സാഹചര്യത്തില്‍ ഖുതുബ ഇല്ലാതെ വീടുകളില്‍ നിന്ന് പെരുന്നാള്‍ നിസ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തറാവീഹ് നമസ്‌കാരം ഇരുഹറമുകളില്‍ മാത്രാമാണ് ഉണ്ടാവുകയെന്നും മറ്റ് പള്ളികളില്‍ തറാവീഹ് ജമാഅത്ത് ഉണ്ടാവുകയില്ലെന്നും സഊദി ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഷെയ്ക്ക് അറിയിച്ചിരുന്നു. ഇരുഹറമുകളിലും പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. ഹറാമുകളിലെ സുരക്ഷാ ജീവനക്കാര്‍ക്കും, മന്ത്രാലയ ജീവനക്കാര്‍ക്കും, മറ്റ് സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കും മാത്രമാണ് പ്രവേശനം.

നിലവില്‍ രാജ്യത്തെ മറ്റ് പള്ളികളില്‍ ബാങ്കുവിളി മാത്രമാണുള്ളത്. ജമാഅത്ത് നിസ്‌കാരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കോവിഡ് 19 വ്യാപനം പൂര്‍ണ്ണമായും രാജ്യത്ത് നിന്ന് ഇല്ലാതായെങ്കില്‍ മാത്രമേ പള്ളികളില്‍ ജമാഅത്ത് നിസ്‌കാരങ്ങള്‍ പുനഃരാരംഭിക്കുകയുള്ളൂ.

Latest