Connect with us

Sports

ലോക റാങ്കിംഗില്‍ ആദ്യ പത്തിലെത്തുക ലക്ഷ്യമെന്ന് വിദിത് ഗുജറാത്തി

Published

|

Last Updated

ചെന്നൈ | ലോക റാങ്കിംഗില്‍ ആദ്യ പത്തിലെത്തുകയെന്നാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ വിദിത് ഗുജറാത്തി. കൂടാതെ അടുത്ത റഷ്യന്‍ ചെസ് ടൂര്‍ണമെന്റില്‍ യോഗ്യത നേടണമെന്നും താരം പറഞ്ഞു. കൊവിഡ് 19 വ്യാപനം മൂലം എല്ലാ മത്സരങ്ങളും മാറ്റിവെച്ചതിനാല്‍ ഗെയിമില്‍ ഒരുപാട് സമയം ചിലവഴിക്കുന്നുണ്ടെന്ന് വിദിത് പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം മൂലം കായിക ലോകം സ്തംഭിച്ചിരിക്കുകയാണെങ്കിലും വിദിത് ഗുജറാത്തി ഓണ്‍ലൈന്‍ ടൂര്‍ണമെന്റുകളില്‍ സജീവമാണ്. “ചെസിലെ പ്രധാന നേട്ടം അത് ഓണ്‍ലൈനില്‍ കളിക്കാമെന്നതാണ്. നിരവധി പരിപാടികള്‍ നടക്കുന്നതിനാല്‍ എനിക്ക് ഓണ്‍ലൈനില്‍ പരിശീലനം നടത്താനും ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനും കഴിയും”- വിദിത് കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണ്‍ മൂലം വീട്ടില്‍ തന്നെയിരിക്കുകയാണെങ്കിലും ദിവസേന 6-7 മണിക്കൂര്‍ പരിശീലനത്തിനായി മാറ്റിവെക്കുന്നുണ്ടെന്ന് 25 കാരനായ വിദിത് പറഞ്ഞു. കൊവിഡ് 19 ദുരിതാശ്വാസത്തിനായി പി എം-കെയേഴ്‌സ് ധനസമാഹരണത്തിനായി അടുത്തിടെ നടത്തിയ ചെസ് ഡോട്ട് കോം ഓണ്‍ലൈന്‍ എക്‌സിബിഷന്‍ പരിപാടിയില്‍ വിദിത് പങ്കെടുത്തിരുന്നു. ഇതിലൂടെ 4.5 ലക്ഷം രൂപ സമാഹരിച്ചെന്ന് സംഘാടകര്‍ പറഞ്ഞു.

Latest