Connect with us

Covid19

ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി; ബംഗാളില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം സംസ്ഥാന പാത ഉപരോധിച്ചു

Published

|

Last Updated

കൊല്‍ക്കത്ത | ഭക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പശ്ചിമ ബംഗാളില്‍ മുര്‍ഷിദാബാദ് ജില്ലയിലെ ദോംകല്‍ മുന്‍സിപ്പാലിറ്റി പ്രദേശത്തെ നൂറുകണക്കിനാളുകള്‍ തെരുവിലിറങ്ങി. ഇവര്‍ മൂന്നു മണിക്കൂറോളം ബെര്‍ഹംപുര്‍-ദോംകല്‍ സംസ്ഥാന പാത ഉപരോധിച്ചു. 20 ദിവസമായി ഭക്ഷണം കിട്ടിയിട്ടില്ലെന്നാണ് ഇവരുടെ ആരോപണം. സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമമില്ലെന്നും പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് സംഭവം.

ബുധനാഴ്ച രാവിലെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്. ഇവരില്‍ പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല. പ്രശ്‌നം പരിഹരിക്കാമെന്ന് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ സ്ഥലത്തെത്തി അറിയിച്ച ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയാറായത്. ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ക്കുള്ള ഭക്ഷ്യധാന്യ വിതരണത്തില്‍ റേഷന്‍ ഡീലര്‍മാര്‍ വീഴ്ച വരുത്തിയതായി ചെയര്‍മാന്‍ സമ്മതിച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മാസത്തില്‍ അഞ്ചു കിലോ വീതം അരിയും ധാന്യപ്പൊടിയും റേഷന്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കേണ്ടതുണ്ട്.

സംസ്ഥാനത്ത് അരിക്ക് ക്ഷാമമില്ലെന്ന് ഭക്ഷ്യ വിതരണ വകുപ്പു മന്ത്രി ജ്യോതിപ്രിയോ മല്ലിക്ക് കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. 9.45 ലക്ഷം മെട്രിക ടണ്‍ അരി സ്‌റ്റോക്കുണ്ടെന്നും മറ്റൊരു നാലുലക്ഷം മെട്രിക് ടണ്‍ അരിമില്ലുകളില്‍ സംഭരിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. അരിയുടെ കാര്യത്തില്‍ ആഗസ്റ്റ് വരെ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമില്ല. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ് സി ഐ)യില്‍ നിന്നല്ല സംസ്ഥാന സര്‍ക്കാര്‍ അരി വാങ്ങുന്നതെന്നും കര്‍ഷകരില്‍ നിന്ന് നേരിട്ടാണെന്നും മന്ത്രി പറഞ്ഞു. കടകള്‍ തുറക്കാതിരിക്കുകയും ജനങ്ങള്‍ക്ക് അരിയുടെ പൂര്‍ണമായ ക്വാട്ട നല്‍കാതിരിക്കുകയും ചെയ്ത ചില റേഷന്‍ ഡീലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest