Connect with us

Covid19

കൊവിഡ് ബാധിതരുടെ എണ്ണം കൂടിയാല്‍ ആയിരത്തിലധികം സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യമുണ്ടായാല്‍ ചികിത്സക്കായി ആയിരത്തിലധികം സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ആശുപത്രികളുടെ പട്ടിക പ്രൈവറ്റ് ഹോസ്പിറ്റല്‍ ബോര്‍ഡ് സര്‍ക്കാറിന് കൈമാറി. അടിയന്തര ഘട്ടത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. നിലവില്‍ 5000 കിടക്കകളാണ് സ്വകാര്യ മേഖല വാഗ്ദാനം ചെയ്തിട്ടുള്ളത്. കൂടുതല്‍ ആവശ്യം വന്നാല്‍ അരലക്ഷത്തിലധികം കിടക്കകളുള്ളതില്‍ ആവശ്യാനുസരണം വിട്ടുനല്‍കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആയിരത്തില്‍ അധികം ഐ സി യു കിടക്കകളും 150ലേറെ വെന്റിലേറ്ററുകളും ഇതിലുണ്ട്.

പൂട്ടിപ്പോയ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും സ്വകാര്യ ഹോസ്റ്റലുകളും ഹോട്ടലുകളും സ്ഥാപനങ്ങളുമടക്കം 147 എണ്ണം ഏറ്റെടുത്ത് കൊവിഡ് കെയര്‍ സെന്ററുകള്‍ ആക്കിക്കഴിഞ്ഞു. 20000 ത്തില്‍ അധികം പേരെ ഒരേ സമയം പാര്‍പ്പിക്കാവുന്ന തരത്തില്‍ ഉള്ള സംവിധാനവും സ്വകാര്യ മേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സ്വകാര്യ മേഖലയെ ഉള്‍പ്പെടുത്തി മൂന്ന് പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. പ്ലാന്‍ എയില്‍ രണ്ട് സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെതടക്കം 1216 കിടക്കകളാണ് ഇതില്‍ സംവിധാനിച്ചിട്ടുള്ളത്. സ്ഥിതി കൂടുതല്‍ ഗുരുതരമായാല്‍ സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളജുകള്‍ അടക്കം ഏറ്റെടുത്തുകൊണ്ടുള്ള പ്ലാന്‍ ബി പദ്ധതി നടപ്പാക്കും. 55 സ്വകാര്യ ആശുപത്രികളുള്‍പ്പെടെ 1425 ഐസൊലേഷന്‍ കിടക്കകള്‍ ഒരുക്കും.

സാമൂഹിക വ്യാപനത്തിലൂടെ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ 41 സ്വകാര്യആശുപത്രികള്‍ കൂടി ഏറ്റെടുക്കുന്ന പ്ലാന്‍ സി നടപ്പാക്കും. ഇതില്‍ 3028 കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest