Connect with us

Editorial

അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം

Published

|

Last Updated

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും പൊതുഗതാഗത സംവിധാനം നിലക്കുകയും ചെയ്തതോടെ അതീവ പ്രയാസത്തിലായിരിക്കുകയാണ് കേരളത്തില്‍ ജോലിക്കായി എത്തിയ അതിഥി തൊഴിലാളികള്‍. സ്വന്തമായി വീടോ കുടിലോ ഉള്ള കേരളീയ കുടുംബങ്ങള്‍ക്ക് വീട്ടില്‍ നിന്ന് ഭക്ഷണമുണ്ടാക്കി വിശപ്പകറ്റാനാകും. അതിഥി തൊഴിലാളികളില്‍ ബഹുഭൂരിഭാഗവും ഭക്ഷണം പാകം ചെയ്യാന്‍ സൗകര്യമില്ലാത്ത ലോഡ്ജുകളിലാണ് താമസിക്കുന്നത്. കടത്തിണ്ണകളിലും ഓവര്‍ ബ്രിഡ്ജുകള്‍ക്ക് താഴെയുമൊക്കെ അന്തിയുറങ്ങുന്നവരുമുണ്ട് അതിഥി തൊഴിലാളികൾക്കിടയിൽ. കേരളത്തില്‍ കൊറോണ മുന്‍കരുതലിന്റെ ഭാഗമായുള്ള നടപടികള്‍ ശക്തമാക്കിയതോടെ പലരും സ്വന്തം നാടുകളിലേക്ക് യാത്രയായെങ്കിലും ട്രെയിനുകളും പൊതുഗതാഗത സംവിധാനവും നിലച്ചതോടെ അവശേഷിച്ചവര്‍ നാട്ടിലേക്ക് പോകാനാകാതെ ഇവിടെ തന്നെ തുടരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഹോട്ടലുകള്‍ അടച്ചതോടെ ഇവര്‍ക്ക് ഭക്ഷണം ലഭിക്കാന്‍ മാര്‍ഗമില്ലാതായി. ചില പ്രദേശങ്ങളില്‍ ഇവര്‍ക്ക് ആവശ്യത്തിനുള്ള വെള്ളം പോലും ലഭ്യമല്ല. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ടതല്ലാത്ത കടകളെല്ലാം അടച്ചു പൂട്ടുകയും നിര്‍മാണ മേഖല സ്തംഭിക്കുകയും ചെയ്തത് ഇവരുടെ തൊഴിലുകളും നഷ്ടമാക്കി.

കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ വലിയൊരു സഹായമായിരുന്ന ഈ അതിഥി തൊഴിലാളികളെ നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനും സമൂഹത്തിനുമുണ്ട്. വാടക റൂമുകളില്‍ കൂട്ടംകൂട്ടമായി താമസിക്കുകയാണ് പൊതുവെ അതിഥി തൊഴിലാളികളുടെ പതിവ്. ഇത് രോഗവ്യാപനത്തിനു വഴിയൊരുക്കുമെന്ന ഭീതിയില്‍ കെട്ടിട ഉടമകള്‍ റൂമുകള്‍ ഒഴിപ്പിച്ചതിനാല്‍ ഒട്ടേറെ അതിഥി തൊഴിലാളികള്‍ പെരുവഴിയിലായിട്ടുണ്ട്. ഇവര്‍ക്ക് സുരക്ഷിതമായ താമസ സ്ഥലങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും സുരക്ഷിതമായ താമസ സൗകര്യവും വൈദ്യ പരിശോധനയും ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചിട്ടുണ്ട്. അവരുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഹകരണം തേടി ലേബര്‍ കമ്മീഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിട്ടുമുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ തന്നെയെടുക്കും. അത്രയും നാള്‍ ഇവര്‍ വിശപ്പ് അനുഭവിക്കാനോ കഷ്ടപ്പെടാനോ ഇടവരരുത്.
സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനമാരംഭിച്ച എസ് വൈ എസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് കഴിഞ്ഞ ദിവസം സഹായാഭ്യര്‍ഥനയുമായി വന്ന ഫോണ്‍കോളുകളില്‍ ഒരു വിഭാഗം അതിഥി തൊഴിലാളികളുടേതായിരുന്നുവെന്ന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തകര്‍ അറിയിക്കുകയുണ്ടായി. കൊറോണ പ്രതിസന്ധിയും പെട്ടെന്നു പ്രഖ്യാപിച്ച ലോക്ക്ഡൗണും ഇവരെ എത്രമാത്രം പ്രയാസത്തിലാക്കിയെന്നതിലേക്കുള്ള ചൂണ്ടുപലകയാണ് ഈ സഹായാഭ്യര്‍ഥനകള്‍. എസ് വൈ എസ് പോലുള്ള സംഘടനകള്‍ ഈ രംഗത്ത് സേവന സന്നദ്ധമായി രംഗത്ത് വന്നത് ആശ്വാസകരമാണ്. അതിഥി തൊഴിലാളികളെ സ്ഥിരമായി ഉപയോഗപ്പെടുത്തിയിരുന്ന തൊഴിലുടമകളും കരാറുകാരും ധാരാളമുണ്ട് സംസ്ഥാനത്ത്. അവര്‍ക്കുമുണ്ട് നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ഇവരുടെ സംരക്ഷണ ബാധ്യത.

രോഗ വ്യാപനത്തിനുള്ള സാധ്യതകളെ സംബന്ധിച്ചും പ്രതിരോധത്തിനു സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ചും മലയാളികളോളം ബോധവാന്മാരല്ല അതിഥി തൊഴിലാളികള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് സംസ്ഥാനത്തിനു വലിയൊരു ഭീഷണിയാണ്. നല്ല ടോയ്‌ലറ്റുകളോ ശുദ്ധജല ലഭ്യതയോ വെന്റിലേഷനോ ഇല്ലാത്ത കുടുസ്സായ മുറികളിലും വൃത്തിഹീനമായ ചുറ്റുപാടിലുമാണ് പലരുടെയും താമസം. തൊഴിലില്ലാതെ സമയം തള്ളിനീക്കേണ്ടി വരുന്നതിനാല്‍ നേരംപോക്കിന് ഇവര്‍ ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂട്ടംകൂടി വിനോദത്തിലും സംസാരങ്ങളിലും ഏര്‍പ്പെടുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തൊഴില്‍വകുപ്പിന്റെയും എക്‌സൈസ്, പോലീസ് വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ ഇവരുടെ ക്യാമ്പുകളില്‍ ബോധവത്കരണവും ശുചിത്വ പരിശോധനയും നടന്നു വരുന്നുണ്ടെങ്കിലും ഗ്രാമ പ്രദേശങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ ഇനിയും എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ചില പ്രദേശങ്ങളില്‍ വിവിധ സന്നദ്ധ സംഘടനകള്‍ ഹിന്ദിയില്‍ ലഘുലേഖകള്‍ തയ്യാറാക്കി വിതരണം നടത്തുകയും സാമൂഹിക മാധ്യമങ്ങള്‍ വഴി വീഡിയോകള്‍ പ്രചരിപ്പിച്ചു വരികയും ചെയ്യുന്നുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്.

30 ലക്ഷത്തിലേറെ അതിഥി തൊഴിലാളികളുണ്ട് കേരളത്തിലെന്നാണ് ഏകദേശ കണക്ക്. ബംഗാള്‍, അസം, ഒഡീഷ, തമിഴ്‌നാട്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഈ അതിഥിതൊഴിലാളികള്‍ അവരുടെ മാതൃ സംസ്ഥാനങ്ങളിലെ ദാരിദ്ര്യം ലഘൂകരിക്കുന്നതോടൊപ്പം കേരളത്തിലെ തൊഴില്‍ മേഖലക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്. കടുത്ത വേനലെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ലാതെ കൃത്യമായി ജോലിക്കെത്തുന്ന ഇവര്‍ കരാറുകാര്‍ക്ക് വലിയ ആശ്വാസമാണ്. മനുഷ്യാധ്വാനം ആവശ്യമായ തൊഴിലുകളില്‍ ഭൂരിഭാഗവും നിര്‍വഹിക്കുന്ന ഈ വിഭാഗം അടുത്ത കാലത്തായി കൂട്ടത്തോടെ കേരളത്തോട് വിടപറഞ്ഞു കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനം തൊഴില്‍ മേഖലയില്‍ വിശിഷ്യാ നിര്‍മാണ രംഗത്തുണ്ടാക്കിയ പ്രതിസന്ധിയോടെയാണ് ഈ ഒഴിഞ്ഞു പോക്ക് തുടങ്ങിയത്. ഇപ്പോള്‍ കൊറോണ ഭീതിയിലും പതിനായിരക്കണക്കിനു പേര്‍ ജന്മനാടുകളിലേക്ക് വണ്ടികയറിക്കഴിഞ്ഞു.

ഇത് സംസ്ഥാനത്തിന്റെ നിര്‍മാണ, തൊഴില്‍ മേഖലകളെയും വ്യവസായ വാണിജ്യ മേഖലകളെയും അവതാളത്തിലാക്കും. ഇവരുടെ കൂട്ടത്തോടെയുള്ള പലായനം കാര്‍ഷിക രംഗത്തും പ്രതിസന്ധിയുണ്ടാക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ കൊറോണ ഭീതിയില്‍ നിന്ന് കേരളത്തെ രക്ഷപ്പെടുത്തിയാല്‍ തന്നെയും രോഗഭീതി മൂലമുള്ള അതിഥി തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക് സംസ്ഥാനത്തിനു വരുത്തി വെക്കുന്ന നഷ്ടം വളരെ വലുതായിരിക്കും. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറുക സംസ്ഥാനത്തിന് അത്ര എളുപ്പമായിരിക്കില്ല.

Latest