Covid19
വിവരങ്ങള്‍ മറച്ചുവച്ചു; കാസര്‍കോട് ഏരിയാലിലെ കൊവിഡ് ബാധിതനെതിരെ കേസ്
കാസര്‍കോട് | സര്‍ക്കാര്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്ന കാസര്‍കോട്ടെ കൊവിഡ് ബാധിതനെതിരെ പോലീസ് കേസെടുത്തു. വിവരങ്ങള്‍ മറച്ചുവച്ചതിനാണ് രോഗം സ്ഥിരീകരിച്ച ഏരിയാല്‍ സ്വദേശിക്കെതിരെ നടപടി സ്വീകരിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഇയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്.
ഈമാസം 19 നാണ് ഏരിയാല്‍ സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് പതിനൊന്നിന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇയാള്‍ രണ്ട് വിവാഹ സത്ക്കാരങ്ങള്‍, കുട്ടിയുടെ ജന്മദിനാഘോഷം, ഫുട്ബോള്‍ മത്സരങ്ങള്‍, ഗൃഹപ്രവേശം തുടങ്ങി ഇയാള്‍ പങ്കെടുത്ത പരിപാടികള്‍ നിരവധിയാണ്. 16 ന് സ്വകാര്യ ആശുപത്രിയിലും. 17 ന് ജനറല്‍ ആശുപത്രിയിലും എത്തി. തുടര്‍ന്ന് സഹോദരന്റെ വീട്ടിലും കഴിഞ്ഞു.
അതിനിടെ, കാസര്‍കോട്ട് നിര്‍ദേശം ലംഘിച്ച് തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ ജില്ലാ കലക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടും പുറത്തിറങ്ങി നടന്ന കുഡ്ലു സ്വദേശിക്കെതിരെയും കേസെടുത്തിട്ടുണ്ട്.