Connect with us

National

ഡൽഹി ഭീകരവാഴ്ച: ചോട്ടു കാത്തിരിക്കുന്നു; സഹോദരന്റെ മറുപാതിക്കായി

Published

|

Last Updated

ന്യൂഡൽഹി| വടക്ക് കിഴക്കൻ ഡൽഹിയിൽ ഹിന്ദുത്വ ഭീകരർ നടത്തിയ ആസൂത്രിത അക്രമത്തിൽ കൊല്ലപ്പെട്ട 58 വയസ്സുകാരൻ അൻവറിന്റെ മൃതദേഹം ഇപ്പോഴും ജി ടി ബി ആശുപത്രിയിലെ മോർച്ചറിയിലാണ്. പക്ഷേ പാതി മാത്രം. ബാക്കി പാതി ഇനിയൊരിക്കലും ലഭിക്കാത്ത വിധം കത്തി തീർന്നിട്ടുണ്ട്. ശിവ് വിഹാറിലെ അക്രമികൾ തകർത്ത പള്ളിക്ക് സമീപം അൻവറിനെ ചുട്ടുകൊന്ന സ്ഥലത്ത് സഹോദരൻ മുഹമ്മദ് ചോട്ടു ഇപ്പോഴും കാത്തിരിക്കുകയാണ്, മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളിൽ എന്തെങ്കിലും കിട്ടിയാലോ എന്ന പ്രതീക്ഷയോടെ.

ഒലിച്ചിറങ്ങാൻ മാത്രം കണ്ണീർ ഇനി ശേഷിക്കാത്തതിനാലാവണം മുഹമ്മദ് ചോട്ടു ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാതെ കലാപം നടന്ന രാത്രിയിൽ എന്തു സംഭവിച്ചുവെന്ന് വിശദീകരിച്ചു. സഹോദരൻ അൻവറിനെ അക്രമികൾ കൊന്നു. പക്ഷേ രണ്ട് കാലുകൾ മാത്രമാണ് ലഭിച്ചത്. ബാക്കി ഭാഗം ഇവിടെ എവിടെയോ കിടപ്പുണ്ട്. കത്തി ചാമ്പലായ പ്രദേശത്തേക്ക് ചൂണ്ടി അവൻ പറഞ്ഞു.
ശിവ് വിഹാറിലാണ് ചോട്ടുവിന്റെയും അൻവറിന്റെയും വീട്. കലാപം നടന്ന രാത്രിയിൽ 50 പേരടങ്ങുന്ന സംഘം ഗോലിമാരോ മുദ്രാവാക്യങ്ങളുമായി ഇവരുടെ വീടിന് സമീപത്തേക്ക് വന്നു. കെട്ടിടങ്ങൾ കുറഞ്ഞ പ്രദേശത്ത് നിൽക്കുകയായിരുന്ന അൻവറിനെ വെടിവെച്ചിട്ടു. ചോട്ടു അവിടേക്ക് പോകാൻ ശ്രമിച്ചെങ്കിലും അയൽക്കാരായ ഹിന്ദു കുടുംബം തടഞ്ഞു. ആൾക്കൂട്ടത്തിനിടയിലേക്ക് പോകരുതെന്നും അവർ നിങ്ങളേയും കൊല്ലുമെന്ന് അവർ ചോട്ടുവിനോടു പറഞ്ഞു.

വെടികൊണ്ട അൻവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കലാപകാരികൾ പിടിച്ചു നിർത്തി തീ കൊളുത്തി. തന്റെ അയൽപ്പക്കത്തെ ഹിന്ദു വീട്ടിൽ നിന്ന് ഇത് നേരിട്ടു താൻ കാണുന്നുണ്ടായിരുന്നുവെന്ന് ചോട്ടു പറഞ്ഞു. അവർ രക്ഷിച്ചില്ലായിരുന്നുവെങ്കിൽ താനും അക്രമികളുടെ കൈയിൽപ്പെട്ടു പോയേനെയെന്നും ചോട്ടു പറയുന്നു.

Latest