Connect with us

National

ഡല്‍ഹിയില്‍ അധികാരത്തിലെത്തുമെന്ന് ബി ജെ പി; സ്‌ട്രോങ് റൂമുകള്‍ക്ക് കാവലേര്‍പ്പെടുത്തി എ എ പി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ അധികാരത്തിലെത്തുമെന്ന് ബി ജെ പി അവകാശപ്പെട്ടതോടെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകള്‍ക്ക് കാവലേര്‍പ്പെടുത്തി ആം ആദ്മി പാര്‍ട്ടി. എക്‌സിറ്റ് പോളുകളെല്ലാം തെറ്റാണെന്ന് ഫെബ്രുവരി 11ന് വോട്ടെണ്ണുമ്പോള്‍ തെളിയുമെന്നും ബി ജെ പി വിജയിക്കുമെന്നുമുള്ള ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ പ്രസ്താവനയെ ആശങ്കയോടെയാണ് എ എ പി വൃത്തങ്ങള്‍ നോക്കിക്കാണുന്നത്. ബി ജെ പിക്ക് അനുകൂലമായി ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തരുതെന്നും തിവാരി പറഞ്ഞിരുന്നു.

ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള എ എ പി പ്രവര്‍ത്തകര്‍ മാറിമാറിയാണ് സ്‌ട്രോങ് റൂമുകള്‍ക്കു മുമ്പില്‍ കാവല്‍ നില്‍ക്കുന്നത്. അതിനിടെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.

Latest