Connect with us

Socialist

യാത്രപോയ അവനിപ്പോൾ ഇതെല്ലാം കണ്ട് ജന്നാത്തിലിരുന്ന് പുഞ്ചിരിക്കുന്നുണ്ടാവും

Published

|

Last Updated

ചുവരിൽ തൂക്കിയിട്ട കാലിഗ്രഫി ഫ്രേയിമുകളിലേക്ക് സന്തോഷത്തിന്റേതെന്നോ സങ്കടത്തിന്റേതെന്നോ വേർതിരിച്ചറിയാൻ സാധിക്കാത്തവിധം സമ്മിശ്രാവസ്ഥയുള്ള പുഞ്ചിരിയുമായി, നിറക്കണ്ണുകളോടെ നോക്കിനിൽക്കുന്ന ഈ ഉപ്പയെ കണ്ടോ നിങ്ങൾ. തലയിൽ ടവ്വലിട്ട്, ഇരുകയ്യും ഊരയിലേക്ക് വെച്ച് വികാരഭരിതനായി നിൽക്കുന്ന ഈ ഉപ്പയെ. അവരാണ് വയനാട് വെള്ളമുണ്ട സ്വദേശി മോയിക്ക. അഥവാ; കാലിഗ്രഫിയോട് അമിതമായ താത്പര്യവും പ്രണയവുമുണ്ടായിരുന്ന, ചെറിയ പ്രായത്തിൽ തന്നെ മികച്ച കാലിഗ്രഫി രചനകൾ ചെയ്ത് കൊതിതീരും മുമ്പേ നമ്മെവിട്ടുപിരിഞ്ഞ അബ്ദുള്ള വെള്ളമുണ്ടയുടെ ഉപ്പ.

2019 ഡിസംബർ 13,14,15 തിയ്യതികളിലായി കോഴിക്കോട് ലോങ്ഹൗസിൽ സംഘടിപ്പിച്ച കാലിഗ്രഫി എക്സിബിഷനിൽ പ്രദർശിപ്പിച്ച തന്റെ മകന്റെ സൃഷ്ടികൾ കാണാൻ ചുരമിറങ്ങി വന്ന് നിൽക്കുകയാണയാൾ. ചിത്രത്തിൽ കൂടെ ഉള്ളതാവട്ടെ അബ്ദുല്ലക്ക് നേരിട്ടും ഓൺലൈൻ വഴിയും എല്ലാം അറബിക് കാലിഗ്രഫിയുടെ പാഠങ്ങൾ പകർന്നു നൽകിയ, അവനത്രക്ക് സ്നേഹിച്ച എക്സിബിഷൻ ക്യൂറേറ്റർ കൂടെയായ കരീം ഗ്രഫിയും.

കാലിഗ്രഫി എക്സിബിഷനുമായി ഓടിനടന്ന അനുഭവങ്ങൾക്കിടെ ഉള്ളിൽ വല്ലാതെ നീറ്റലുണ്ടാക്കിയ, കണ്ണുനിറഞ്ഞു പോയ, എന്ത് മറുപടി കൊടുക്കുമെന്നറിയാതെ തരിച്ചു നിന്ന സന്ദർഭങ്ങളിൽ ഒന്നാണ് അബ്ദുല്ലയുടെ സൃഷ്ടികൾ എക്സിബിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ. മനോഹരമായി ഫ്രെയിം ചെയ്ത അബ്ദുല്ലയുടെ സൃഷ്ടികൾ ഏൽപ്പിക്കുന്നതിനിടെ “അവനെയും അവന്റെ വർക്കുകളെയും ഇഷ്ടപ്പെട്ട് ആരോ നൽകിയ പണം ഉപയോഗിച്ചാണ് ഇത് ഫ്രെയിം ചെയ്തതെന്നും ഒരുപക്ഷെ ഈ ഒരു കാര്യത്തിനു വേണ്ടിയാവാം അവനീ പണം ലഭിച്ചിട്ടുണ്ടാവുക”യെന്നും അവന്റെ ജേഷ്ടനും എന്റെ പഠനകാല സീനിയറുമായ റഹീം നൂറാനി  തെല്ലിടർച്ചയോടെ പറഞ്ഞത് ഇപ്പഴും കാതിൽ നിന്ന് അകന്നിട്ടില്ല.

ഈ ചെറിയ പ്രായത്തിൽ, ചുരുങ്ങിയ ഭൗതിക സാഹചര്യത്തിൽ കാലിഗ്രഫിയോട് നിരന്തരം താത്പര്യം പുലർത്തുകയും ഒഴിവുള്ളപ്പോഴെല്ലാം അതിനായി ചിലവഴിക്കുകയും അതിമനോഹരമായി തിരുനബിയുടെ നാമങ്ങളും ഖുർആൻ വചനങ്ങളും വരച്ചു വെക്കുകയും ചെയ്ത പ്രിയപ്പെട്ട അബ്ദുല്ല വെള്ളമുണ്ടയുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനായി എന്നത് കൂടെയാണ് കാലിഗ്രഫി എക്സിബിഷന്റെ വലിയ സന്തോഷങ്ങളിൽ ഒന്ന്. ഇത്ര നേരത്തെ മുത്തുനബിയുടെ അരികിലേക്ക് യാത്ര തിരിക്കാൻ വേണ്ടിയാവണം അവനിത്രയും ഉത്സാഹത്തിൽ, ആവേശത്തിൽ അവിടുത്തെ നാമങ്ങൾ മനോഹരമായി വരഞ്ഞുവെച്ചതും വരഞ്ഞു വെച്ച കലയെ അങ്ങേയറ്റം സ്നേഹിച്ചതും. #calligraphyloveforprophetmuhammed ഓൺലൈൻ ഹാഷ്ടാഗ് ക്യാമ്പയിനും എക്സിബിഷനുമെല്ലാം തീരുമാനിക്കുന്നതിന് ഏറെ നാൾ മുമ്പേ അതിനു വേണ്ടി മനോഹരമായി സൃഷ്ടികൾ തയ്യാറാക്കിവെച്ച് യാത്രപോയ അവനിപ്പോൾ ഇതെല്ലാം കണ്ട് ജന്നാത്തിലിരുന്ന് പുഞ്ചിരിക്കുന്നുണ്ടാവും. ഒരു നിഷ്കളങ്ക ബാലന്റെ തനതു ചിരി.

മുബശിർ മുഹമ്മദ്

Latest