Connect with us

Cover Story

ആ കനൽപ്പാടുകൾ

Published

|

Last Updated

സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ വീരേതിഹാസ കഥകൾ പറയുന്ന മണ്ണാണ് മലപ്പുറം ജില്ലയിലെ വാഴക്കാടിനടുത്തുള്ള കൊന്നാര് ഗ്രാമം. ബ്രിട്ടീഷുകാരുടെ വെടിയുണ്ടകൾക്ക് മുന്നിൽ നെഞ്ചുറപ്പോടെ നിലയുറപ്പിച്ച ധീരദേശാഭിമാനികൾ, 1921ൽ ഖിലാഫത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രദേശം തുടങ്ങി ഒേട്ടറെ കഥകൾ കൊന്നാര് മണ്ണിന് പറയാനുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ നിരന്തരം ഏറ്റുമുട്ടൽ നടത്തിയ ചരിത്രമാണ് കൊന്നാരിനുള്ളത്. മറിച്ച് ഉയർന്ന നികുതിയും പട്ടിണിയുമെല്ലാം ഇവരെ വല്ലാതെ പ്രയാസപ്പെടുത്തി. ഒടുവിൽ പോരാട്ടത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങി. ചാലിയാറിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന കൊന്നാര് ജുമുഅ മസ്ജിദിൽ ബ്രിട്ടീഷുകാരുടെ ക്രൂരതക്ക് ഒരു നൂറ്റാണ്ട് തികയാനായിട്ടും ഒട്ടറെ ചരിത്ര സംഭവങ്ങൾ മായാതെ കിടക്കുന്നുണ്ട്. ബ്രിട്ടീഷ് അതിക്രമത്തിന് നേർസാക്ഷ്യം വഹിച്ച പള്ളിയാണിത്. കൊന്നാര് മഖാമിന്റെ വാതിലുകളിൽ ബ്രിട്ടീഷുകാർ നിറയൊഴിച്ച വെടിയുണ്ടകൾ ഇപ്പോഴും കാണാം. ഒന്നര ഇഞ്ചോളം നീളം വരുന്ന ഈ ബുള്ളറ്റാണ് ഇന്ന് മലബാർ സമരത്തിന്റെ ശേഷിപ്പായി ഇവിടെ ബാക്കിയുള്ളത്.

കൊന്നാര് തങ്ങന്മാരാണ് ബ്രിട്ടീഷ് വിരുദ്ധതക്ക് നേതൃത്വം നൽകിയത്. ഇതിന് 100ാം വാർഷികത്തിലേക്ക് കടക്കുകയാണ്. മതസൗഹാർദവും ഐക്യവും കാത്തുസൂക്ഷിച്ച് ഒത്തൊരുമയോടെ തോളോട് തോൾ ചേർന്നാണ് പോരാട്ടം നടത്തിയത്. കർഷകരും കുടിയാന്മാരും ബ്രിട്ടീഷുകാരുടെ ചൂഷണങ്ങൾക്ക് ഇരയായി. ബ്രിട്ടീഷുകാരെ പിറന്ന മണ്ണിൽ നിന്ന് തുരത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊന്നാര് തങ്ങന്മാർ സമരങ്ങൾക്ക് നേതൃത്വം നൽകിയത്.
കൊന്നാര് തങ്ങന്മാരും ചരിത്രവും
ഇസ്്ലാമിക വിജ്ഞാനകേന്ദ്രമായിരുന്ന ഖുറാസാനിലെ ബുഖാറയിൽ നിന്നാണ് ഹിജ്റ വർഷം 928 (എ ഡി 1521) ൽ സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി തങ്ങൾ പ്രബോധനത്തിനായി വളപട്ടണത്ത് എത്തുന്നത്. ഇവിടെ മുതൽക്കാണ് കേരളത്തിലെ ബുഖാരി സാദാത്തീങ്ങളുടെ ചരിത്രാരംഭം. കരുവൻതിരുത്തിയിലെ സയ്യിദ് അബ്ദുർറഹിമാൻ ബുഖാരിയുടെ അഞ്ചാമത്തെ പുത്രനായ സയ്യിദ് മുഹമ്മദ് ബുഖാരിയാണ് കൊന്നാരെത്തുന്നത്. ഇദ്ദേഹത്തിലൂടെയാണ് കൊന്നാര് ബുഖാരി സാദാത്തുക്കളുടെ ഉത്ഭവം.

1199ൽ കൊന്നാരിലെത്തിയ സയ്യിദ് മുഹമ്മദ് ബുഖാരി തങ്ങൾ പ്രദേശത്ത് ഇസ്്ലാമിക ചൈതന്യത്തിന് തുടക്കം കുറിച്ചു. കൊന്നാര് തങ്ങന്മാരിൽ പ്രധാനിയായിരുന്ന മുഹമ്മദ് ബുഖാരി തങ്ങളുടെ പുത്രനായ സയ്യിദ് അഹ്്മദ് ബുഖാരി, കൊഞ്ഞുള്ള ഉപ്പാപ്പ എന്നറിയപ്പെട്ട പണ്ഡിതനായിരുന്നു തങ്ങൾ. അദ്ദേഹത്തിന്റെ സാമീപ്യവും ജീവിതവും കൊന്നാര് പ്രദേശത്തുകാർക്ക് ഏറെ ആശ്വാസം നൽകി. സയ്യിദ് മുഹമ്മദ് ബുഖാരി ചികിത്സകനായിരുന്നു. ചികിത്സ തേടി ഒട്ടറെ ആളുകളാണ് ദിനേന അദ്ദേഹത്തിനടുത്ത് വന്നിരുന്നത്. സയ്യിദ് മുഹമ്മദ് ബുഖാരി, സയ്യിദ് അബ്ദുർറഹിമാൻ ബുഖാരി, സയ്യിദ് ഇസ്മാഈൽ ബുഖാരി, സയ്യിദ് അഹമദ് ബുഖാരി (കൊഞ്ഞുള്ള ഉപ്പാപ്പ) തുടങ്ങിയവരാണ് കൊന്നാരയിലെ തങ്ങന്മാരുടെ പൂർവ പിതാക്കന്മാർ.

പോരാട്ടത്തിന്റെ നാളുകൾ

കൊന്നാര് മഖാമിൽ അന്ത്യവിശ്രമംകൊള്ളുന്ന കൊഞ്ഞുള്ള ഉപ്പാപ്പയുടെ പൗത്രനായിരുന്നു മുഹമ്മദ് കോയ തങ്ങൾ. കൊന്നാര് തങ്ങൾ എന്ന പേരിൽ പ്രസിദ്ധനായ ഇദ്ദേഹം കൊന്നാരിലെ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു. മുഹമ്മദ് കോയ തങ്ങൾ കൊന്നാരിൽ ഖിലാഫത്ത് കോടതി സ്ഥാപിച്ചു. നാട്ടിലെ പ്രശ്നങ്ങളെല്ലാം ഇവിടെ ചർച്ച ചെയ്തു. കർഷകർ പ്രയാസങ്ങളെല്ലാം കണ്ണീരോടെ തങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. കർഷകരെ ചൂഷണം ചെയ്യുന്നതിന് പിന്നിൽ ബ്രിട്ടീഷുകാരും ജന്മിമാരുമാണെന്ന് തങ്ങൾക്ക് മനസ്സിലായി. ഇതാണ് ബ്രിട്ടീഷ് വിരുദ്ധതക്ക് തങ്ങളെ പ്രേരിപ്പിച്ചത്.
ബ്രിട്ടീഷുകാർക്ക് പോലും പറയാനുണ്ടായിരുന്നത് തങ്ങളുടെ ധീരതയായിരുന്നു. അവരുടെ ഉറക്കം കെടുത്തിയ അദ്ദേഹത്തെ രാജ്യമാസകലം വിറപ്പിച്ച കൊന്നാര് തങ്ങൾ എന്നാണ് മാധവൻ നായർ അദ്ദേഹത്തിന്റെ “മലബാർ കലാപം” എന്ന പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്.
ഇതിന് പുറമേ ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും മർദനത്തിനെതിരെ മമ്പുറം സയ്യിദ് അലവി തങ്ങളുടെയും പുത്രൻ സയ്യിദ് ഫസൽ തങ്ങളുടെയും നിലപാടുകളാണ് ബ്രിട്ടീഷ് ജന്മിവിരുദ്ധ സമരങ്ങൾക്ക് കൊന്നാര് തങ്ങൾക്ക് ആവേശം നൽകിയതെന്ന് ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണി പറഞ്ഞു. ഭൂരഹിത കർഷകരായ കുടിയാന്മാരാണ് മുഖ്യമായും പീഡനങ്ങൾക്കിരയായത്. മർദിതർക്കൊപ്പം നിൽക്കുകയെന്ന ഇസ്‌ലാം മതത്തിന്റെ ശാസനയാണ് കൊന്നാര് തങ്ങൾക്ക് ബ്രിട്ടീഷ് വിരുദ്ധ നിലപാടിന് ഊർജം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലി മുസ്്ലിയാർ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരുടെ കൂടെയായിരുന്നു മുഹമ്മദ് കോയ തങ്ങൾ പ്രവർത്തിച്ചിരുന്നത്.
1921 ആഗസ്റ്റ് 19ന് തിരൂരങ്ങാടിയിൽ ചേർന്ന രഹസ്യ യോഗത്തിൽ ആലി മുസ്‌ലിയാർ, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ, കുമരംപുത്തൂർ സീതി കോയ തങ്ങൾ, കാരാട്ട് മൊയ്തീൻകുട്ടി ഹാജി തുടങ്ങിയവരോടൊപ്പം കൊന്നാര് തങ്ങളുമുണ്ടായിരുന്നു. ആഗസ്റ്റ് 22ന് രാത്രി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടിൽ വെച്ച് നടന്ന രഹസ്യ യോഗത്തിലും തങ്ങൾ പങ്കെടുത്തു. ഈ യോഗത്തിൽ കാപ്പാട് കൃഷ്ണൻ നായർ, നാരായണ നമ്പീശൻ, തടിയൻ മൊയ്തീൻ കുട്ടി മുസ്‌ലിയാർ, കൊയ്ത്ത അബ്ദുല്ല, നായർ വീട്ടിൽ അത്തുട്ടി, പയ്യനാടൻ മോയിൻ, താളിയിൽ ഉണ്ണീൻ കുട്ടി അധികാരി എന്നിവരുമുണ്ടായിരുന്നു. യോഗത്തിൽ ഖിലാഫത്ത് ഭരണത്തിന്റെ നയങ്ങൾ രൂപവത്കരിച്ചു. ഹിന്ദുക്കളിൽ അഭിപ്രായ വ്യത്യാസമുണ്ടാക്കുന്ന യാതൊരു പ്രവൃത്തിയും ഖിലാഫത്ത് പ്രവർത്തകരിൽ നിന്ന് ഉണ്ടാകാൻ പാടില്ല, നാട്ടിൽ അസ്വസ്ഥതയും ഭയവും നിലനിൽക്കുന്ന കാലമായതിനാൽ ആരെയും മതത്തിൽ ചേർക്കാൻ പാടില്ല തുടങ്ങിയവയായിരുന്നു യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്ത വിഷയങ്ങൾ. ഖിലാഫത്ത് നിയമ സംഹിത അനുസരിച്ചായിരുന്നു കൊന്നാര് തങ്ങൾ പ്രവർത്തിച്ചിരുന്നത്. മാനവിക മൂല്യങ്ങളും മതേതരത്വവുമെല്ലാം ഉയർത്തിപ്പിടിച്ചു. ബ്രിട്ടീഷുകാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന ജന്മിമാർക്കെതിരെ മതം നോക്കാതെ കർശന നടപടിയെടുത്തിരുന്നു.

കൊന്നാര് ജുമുഅ പള്ളിക്ക് നേരെ
അക്രമം

1921ൽ ചാലിയപ്രം പള്ളി ബ്രിട്ടീഷുകാർ നശിപ്പിച്ചതോടെ യാണ് സമരത്തിന് തുടക്കം കുറിക്കുന്നത്. ചാലിയപ്രം പള്ളി ബ്രിട്ടീഷുകാർ അഗ്നിക്കിരയാക്കി. ഒക്ടോബർ പത്തിന് ബ്രിട്ടീഷുകാരുടെ പൂളക്കോട് ചെറുവാടി പട്ടാള ക്യാമ്പ് രാത്രിയിൽ ഖിലാഫത്ത് പ്രവർത്തകർ അക്രമിച്ചു. ഇതിന് പകരമായിട്ടാണ് ബ്രിട്ടീഷുകാർ ഒക്ടോബർ 11ന് കൊന്നാര് പള്ളി അക്രമിച്ചത്. ഈ സമയത്ത് പള്ളിയിൽ കൊന്നാര് മുഹമ്മദ് കോയ തങ്ങൾ ദർസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പുഴയുടെ അക്കരെ നിന്ന് ബ്രിട്ടീഷുകാരുമായി ഖിലാഫത്ത് പ്രവർത്തകർ മൂന്ന് മണിക്കൂറോളമാണ് ഏറ്റുമുട്ടിയത്. പള്ളി ആരാധനക്ക് യോഗ്യമല്ലാതായി. മുഹമ്മദ്, അബ്ദുർറഹ്മാൻ എന്നിവർ രക്ത സാക്ഷികളായി. ഒരുപാട് ഖിലാഫത്ത് പ്രവർത്തകരെ ബ്രിട്ടീഷുകാർ പിടികൂടി. മുഹമ്മദ് കോയ തങ്ങളുടെ സഹോദരന്മാരും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയിരുന്നു.
ഇമ്പിച്ചിക്കോയ തങ്ങളെ ആൻഡമാനിലേക്ക് നാട് കടത്തി. മുഹമ്മദ് വലിയുണ്ണി തങ്ങൾ കക്കാടമൽ പന്നിക്കോട് വെച്ച് ബ്രിട്ടീഷുകാർ കുത്തിക്കൊന്നു. ചാലിയപ്രുറത്ത് കോയക്കുട്ടി തങ്ങളെ 12 വർഷത്തോളമാണ് ജയിൽ ശിക്ഷക്ക് വിധിച്ചിരുന്നത്. ഹിച്ച് കോക്കിന്റെ മലബാർ റെബല്യനിൽ മുഹമ്മദ് ചെറുകുഞ്ഞിക്കോയ തങ്ങൾ ബെല്ലാരി ജയിൽ വെച്ചാണ് മരണപ്പെട്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. ചെറുവലത്ത് ഉസ്മാൻ, എഴുത്തുംതൊടി ചേക്കു മൊല്ല, ചോലക്കര അഹ്്മദ്, എറക്കോട് ഇബ്റാഹീം ഇവരും കൊന്നാര് സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരാണ്. ബ്രിട്ടീഷ് സൈന്യം ഖിലാഫത്ത് പ്രവർത്തകരെ വീട്ടിലടക്കം കയറി പിടികൂടുകയായിരുന്നു. വലിയുണ്ണി തങ്ങളുടെവീട്ടിൽ ബ്രിട്ടീഷുകാർ വാൾകൊണ്ട് വെട്ടിയതിന്റെ അടയാളം ഇപ്പോഴും കാണാം. സൈന്യം കൊന്നാരിലെത്തി കലാപകാരികളെന്ന് പറഞ്ഞ് പലരെയും വെടിെവച്ചു കൊന്നു. തങ്ങൾക്ക് വിരോധമുള്ള കുടിയാന്മാരെ ഉപദ്രവിക്കാനും അവരെ പട്ടാളത്തിന് പിടിച്ചു കൊടുക്കാനും ജന്മിമാർ ഈ അവസരം ഉപയോഗപ്പെടുത്തി. അങ്ങനെ നിരപരാധികളായ പലരും പട്ടാളത്തിന്റെ തോക്കിനിരയായി.
ബ്രിട്ടീഷുകാരോട് പടപൊരുതിയ കൊന്നാര് തങ്ങളെ 1922 ആഗസ്റ്റ് 25ന് വെള്ളിയാഴ്ച കൂത്തുപറമ്പിൽ വെച്ച് ബ്രിട്ടീഷുകാർ ഒറ്റുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. 1923 മാർച്ച് 23ന് സ്‌പെഷ്യൽ ജഡ്ജി ജാക്‌സൺ ആണ് ധീരദേശാഭിമാനിക്ക് വധശിക്ഷ വിധിച്ചത്.
സമരമുറകൾ പലത്…

ബ്രിട്ടീഷുകാരുടെ ആധുനിക സാങ്കേതിക യുദ്ധ സമരമുറകൾക്ക് മുന്നിൽ ഗറില്ലാ ഒളിപ്പോര് നടത്തിയാണ് പ്രതിരോധിച്ചത്. ബ്രിട്ടീഷുകാരുടെ അക്രമങ്ങൾക്കെതിരെ കൃത്രിമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തിയത്. ബ്രിട്ടീഷ് സൈന്യത്തിൽ രാജിവെച്ച വ്യക്തിയാണ് ഖിലാഫത്ത് പ്രവർത്തകർക്ക് പരിശീലനം നൽകിയത്. ചാലിയാർ പുഴ വഴി ബോട്ടിലൂടെ കടന്നുവന്ന ബ്രിട്ടീഷ് സൈന്യത്തെ നേരിടാൻ കൊന്നാര് തങ്ങന്മാർ ഗറില്ലാ രീതി തന്നെയാണ് ഉപയോഗിച്ചിരുന്നത്. പുഴയുടെ തീരങ്ങളിൽ വലിയ കുഴികൾ നിർമിച്ച് അതിലൊളിച്ചിരിക്കുക. ബ്രിട്ടീഷുകാർ വരുന്ന സമയത്ത് പൊടുന്നനെ കൂട്ടായ ആക്രമണങ്ങളിലൂടെ അവരെ ഓടിക്കുക എന്നതായിരുന്നു ലക്ഷ്യം.

ചരിത്രമുറങ്ങും കൊന്നാര് മഖാം

കൊന്നാര് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നത് സയ്യിദ് മുഹമ്മദ് ബുഖാരി, സയ്യിദ് അബ്ദുർറഹിമാൻ ബുഖാരി, സയ്യിദ് ഇസ്മാഈൽ ബുഖാരി, സയ്യിദ് അഹ്മദ് ബുഖാരി (കൊഞ്ഞുള്ള ഉപ്പാപ്പ) എന്നിവരാണ്. ഇവരുടെ പേരിൽ വർഷംതോറും ഇവിടെ ഉറൂസ് നടത്തിവരുന്നു. ദിനേന നൂറുകണക്കിന് ആളുകളാണ് സിയാറത്തിനായി കൊന്നാര് മഖാം സന്ദർശിക്കുന്നത്.

Latest