Connect with us

National

നിര്‍ഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് അനിശ്ചിതമായി നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് ഡല്‍ഹി പാട്യാല ഹൗസ് കോടതി മാറ്റിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് മരണവാറണ്ട് നീട്ടിയത്. പ്രതികള്‍ക്ക് എല്ലാ വിധത്തിലുള്ള നിയമസാധ്യതയും ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നതിനാണ് ശിക്ഷാ വിധി നീട്ടിയത്. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിക്കാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്.

തിഹാർ ജയിൽ അധികൃതരുടെയും പ്രതികളുടെ അഭിഭാഷകന്റെയും വാദം കേട്ട ശേഷം അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ ശിക്ഷാ വിധി മാറ്റിവെക്കുകയായിരുന്നു.

പ്രതികളില്‍ ഒരാളായ വിനയ്കുമാറിന്റെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. ഒരു കുറ്റവാളിയുടെ ദയാഹര്‍ജി മാത്രമാണ് ശേഷിക്കുന്നതെന്നും മറ്റു മൂന്നു പേരെ തൂക്കിലേറ്റാമെന്നും ജയില്‍ അധികൃതര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇതിനെ പ്രതികളുടെ അഭിഭാഷകര്‍ എതിര്‍ത്തു. ഒരു കുറ്റവാളിയുടെ അപേക്ഷ തീര്‍പ്പുകല്‍പ്പിക്കാനിരിക്കെ മറ്റു പ്രതികളെ നിയമപ്രകാരം തൂക്കിലേറ്റാനാവില്ലെന്ന് അഭിഭാഷകന്‍ എ പി സിംഗ് പറഞ്ഞു.

നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി ഇന്ന് തളളിയിരുന്നു. 2012ല്‍ കുറ്റകൃത്യം നടക്കുമ്പോള്‍ താന്‍ മൈനറായിരുന്നുവെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതേ ആവശ്യവുമായി പവന്‍ കുമാര്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഈ വിധിയെ ചോദ്യം ചെയ്താണ് പവന്‍ കുമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നാളെ നടപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും തിഹാര്‍ ജയിലില്‍ പൂര്‍ത്തിയായിരുന്നു. ആരാച്ചര്‍ വരെ ജയിലില്‍ എത്തിയിരുന്നു. ഇതിനിടയിലാണ് വധശിക്ഷ നടപ്പാക്കാല്‍ കോടതി അനിശ്ചിതമായി നീട്ടിയത്.

Latest