Malappuram
എൻ പി ആർ പ്രവർത്തനങ്ങൾ ജില്ലയിൽ തുടങ്ങിയിട്ടില്ലെന്ന് കലക്ടർ
മലപ്പുറം | എൻ പി ആർ സംബന്ധിച്ച് മഞ്ചേരി മുനിസിപ്പാലിറ്റിയിൽ നിന്ന് സ്കൂളുകളിലേക്ക് അയച്ച കത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. കലക്ടറുടെ ഓദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് എൻ പി ആർ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തിൽ ലഭിച്ച നിർദേശം എല്ലാ ഫീൽഡ് ഓഫീസർമാർക്കും നൽകിയിട്ടുമുണ്ട്. വ്യക്തമായ നിർദേശത്തിന് ശേഷവും ഇത്തരം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം സെൻസസുമായി ബന്ധപ്പെട്ട നടപടികൾ മാത്രമേ ജില്ലയിൽ നടക്കുന്നുള്ളൂവെന്നും കൂടാതെ സർക്കാർ നിലപാടിന് വിരുദ്ധമായി എൻ പി ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലയിലൊരിടത്തും ആരംഭിച്ചിട്ടില്ലെന്നും കലക്ടർ പറഞ്ഞു.