Connect with us

National

ജാമിഅ മില്ല്യ സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി; ഹരജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി: ജാമിഅ മില്ല്യ സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. ഹരജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ നിര്‍ദേശം നല്‍കി. സുപ്രീം കോടതി വിചാരണക്കോടതിയല്ല. ഹൈക്കോടതിക്ക് വേണമെങ്കില്‍ മുന്‍ ജഡ്ജിമാരെ ഉള്‍പ്പെടുത്തി അന്വേഷണ സമിതിക്ക് രൂപം നല്‍കാം. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടുകയല്ലാതെ പോലീസിന് എന്തു ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. നിയമം കൈയിലെടുത്താല്‍ കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമെ വഴിയുള്ളൂ. ബസുകള്‍ കത്തിക്കുകയും അക്രമം നടത്തുകയും ചെയ്താല്‍ അറസ്റ്റ് ചെയ്യേണ്ടി വരും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ഇടപെടാനാകില്ല.

അതേസമയം, സുപ്രീം കോടതിയുടെ നിലപാടിനെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് വിമര്‍ശിച്ചു. തെലങ്കാനയില്‍ അന്വേഷണം പ്രഖ്യാപിച്ച കോടതി ഇപ്പോള്‍ എന്തുകൊണ്ട് ഒഴിയുന്നുവെന്ന് അവര്‍ ചോദിച്ചു. സുപ്രീം കോടതിയില്‍ വിരമിച്ച ജഡ്ജിമാരെയാണ് ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യരുതെന്നും ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതുവരെ ഒരു വിദ്യാര്‍ഥിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കി.